കൊച്ചി / ഇരിങ്ങാലക്കുട ∙ മലയാളികളെ എന്നും ചിരിപ്പിക്കുക മാത്രം ചെയ്ത ഇന്നസന്റ് ഇന്നലെ ആദ്യമായി അവരെ കരയിച്ചു. വിതുമ്പലടക്കാൻ പാടുപെട്ടു പൗരാവലി പ്രിയ നടനെ ഒന്നുകൂടി കാണാൻ ഓടിയെത്തി. ജീവിതത്തിന്റെ പല ദശാസന്ധികളെ ചിരിയോടെ നേരിട്ടു വിജയിച്ച ഇന്നസന്റിന് കേരളം ഉള്ളുലഞ്ഞ അന്ത്യാഞ്ജലിയേകി. ഇന്നു രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലാണ് അന്ത്യവിശ്രമം.
എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽനിന്നു രാവിലെ 8ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം കാണാൻ അതിനു മുൻപേ ആരാധകർ തടിച്ചുകൂടിയിരുന്നു. സിനിമയുടെ അരങ്ങിലും അണിയറയിലുമുള്ളവർ ആദ്യാവസാനം ഒപ്പം നിന്നു. ചിരിയുടെ രാഷ്ട്രീയം പറഞ്ഞ കലാകാരനു കക്ഷിരാഷ്ട്രീയം മറന്നുള്ള യാത്രയയപ്പായിരുന്നു മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും നൽകിയത്. കലയുടെ കഥകൾ പറയുമ്പോഴും ചിരിയുടെ ഓർമകൾ പങ്കുവയ്ക്കുമ്പോഴും ചിലരുടെ ശബ്ദം ഇടറി; ചിലർ വിതുമ്പി.
മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, പി.പ്രസാദ്, ആർ.ബിന്ദു, വീണാ ജോർജ്, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മമ്മൂട്ടി, മുകേഷ്, ദിലീപ്, ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, സിദ്ദിഖ്, മനോജ് കെ.ജയൻ, നവ്യ നായർ, നമിത പ്രമോദ്, സംവിധായകരായ ജോഷി, മോഹൻ, ഫാസിൽ, സിബി മലയിൽ, പത്മകുമാർ, രഞ്ജിത് ശങ്കർ, വിനയൻ, കമൽ, ലാൽ ജോസ്, ബ്ലസി, തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, ഗായകൻ എം.ജി.ശ്രീകുമാർ, എന്നിവർ ഇവിടെ അന്ത്യാഞ്ജലി അർപ്പിച്ചു
എന്നും എവിടെച്ചെന്നാലും ഇന്നസന്റ് തിരിച്ചെത്താൻ കൊതിച്ചിരുന്ന ഇരിങ്ങാലക്കുടയിലേക്കായിരുന്നു പിന്നത്തെ യാത്ര. 11.30ന് ഭൗതികദേഹം പൂക്കൾകൊണ്ട് അലങ്കരിച്ച കെഎസ്ആർടിസിയുടെ വാഹനത്തിലേക്കു കയറ്റി. കൊച്ചുമകൻ ഇന്നസന്റ്, മുത്തച്ഛനെ നോക്കി പൊട്ടിക്കരഞ്ഞു. നൊമ്പരങ്ങൾ നിറഞ്ഞ ആ യാത്ര പുറപ്പെട്ടപ്പോൾ ഇന്നസന്റിനെ സ്നേഹിക്കുന്നവരും ഇന്നസന്റിന്റെ ഇരിങ്ങാലക്കുട സ്നേഹം അറിയുന്നവരും വിതുമ്പി.
യാത്രാമധ്യേ ആലുവ, അങ്കമാലി, ചാലക്കുടി, ആളൂർ എന്നിവിടങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു. ചലച്ചിത്ര പ്രവർത്തകരും യാത്രയെ അനുഗമിച്ചു. വഴിയിൽ കാത്തുനിന്നവരുടെ പ്രണാമങ്ങളേറ്റു വാങ്ങി 2 മണിയോടെ അന്ത്യയാത്ര ഇരിങ്ങാലക്കുട ടൗൺ ഹാളിൽ. അവിടെയും ഇന്നസന്റിനെ കാണാനുള്ളവരുടെ നിര വെയിൽ മറന്നു നീണ്ടുകിടന്നു. വൈകിട്ടു ജോലി കഴിഞ്ഞ് ഓടിയെത്തി നിരയിൽ ഇടം പിടിച്ച് എത്ര നേരം കാത്തുനിൽക്കാനും തയാറായി ആരാധക വൃന്ദം.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗൺ ഹാളിലെത്തിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. സംവിധായകൻ പ്രിയദർശനും സത്യൻ അന്തിക്കാടും പൊതുദർശനത്തിന്റെ സമയമത്രയും കരച്ചിലടക്കാൻ പാടുപെട്ടു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, എം.ബി.രാജേഷ് എന്നിവരും നടന്മാരായ ബിജു മേനോൻ, ജോജു ജോർജ്, ടൊവിനോ തോമസ് എന്നിവരും ടൗൺ ഹാളിലെത്തി.
തുടർന്ന് 5ന് മൃതദേഹം തെക്കേ ബസാറിലെ ‘പാർപ്പിടം’ എന്ന ഇന്നസന്റിന്റെ സ്വന്തം വീട്ടിലേക്ക്. അവിടെ രാത്രിയിലും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്കു തുടർന്നു. ജയ്പുരിലായിരുന്ന മോഹൻലാൽ രാത്രി പാർപ്പിടത്തിലെത്തിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. സുരേഷ് ഗോപിയും സലിംകുമാറും രാത്രി വീട്ടിലെത്തി.
ചിരിച്ചു ചാരിയിരുന്നതിവിടെ...
ഇരിങ്ങാലക്കുടയിലെ മനുഷ്യരെപ്പോലെ ഈ കസേരയും ഇന്നസന്റിന്റെ കഥയിലെ ഒരു രസികൻ കഥാപാത്രമാണ്. എംപിയായപ്പോൾ കൈക്കൂലി കിട്ടാൻ ഒരു കസേര വലിച്ചിട്ട് ഉമ്മറത്തിരുന്നിരുന്ന കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എംപിയായാൽ നല്ല പോലെ കൈക്കൂലി കിട്ടുമെന്ന് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള നടന്മാർ പറഞ്ഞെന്നും അവരാണ് തന്നെ ചതിച്ച് ഈ കുഴിയിൽ ചാടിച്ചതെന്നുമാണ് ഇന്നസന്റ് ഒരു പ്രസംഗത്തിൽ സരസമായി പറഞ്ഞത്. ‘അവരെ വിശ്വസിച്ച് ദിവസവും കസേര വലിച്ചിട്ട് ഉമ്മറത്തിരിക്കും. പക്ഷേ, വരുന്നതെല്ലാം സഹായം ആവശ്യമുള്ളവരായിരുന്നു. കൈക്കൂലി തരാൻ ആരും വന്നില്ല’– ഇന്നസന്റ് ഇത്രയും പറഞ്ഞപ്പോൾ സദസ്സ് കയ്യടി കൊണ്ടു നിറഞ്ഞു.
ഈ കസേരയെയും ഇന്നസന്റിനെയും ഇരിങ്ങാലക്കുടക്കാർക്കു വേറിട്ടു നിർത്താനാവില്ല. ഇന്നസന്റിന്റെ വീടായ പാർപ്പിടത്തിനു മുൻപിലൂടെ പോകുമ്പോൾ അദ്ദേഹം ഉണ്ടോ എന്നറിയാൻ വീട്ടിലേക്കു നോക്കിയാൽ ഈ കസേരയിൽനിന്നാവും പലപ്പോഴും ഒരു കൈ ഉയരുക. ‘എംപി കസേര’ ഉണ്ടായിരുന്നപ്പോഴും അതു നഷ്ടമായപ്പോഴും ഇന്നസന്റ് ഈ കസേര കൈവിട്ടില്ല.

English Summary: Veteran Actor and Former MP Innocent's Funeral