സീതത്തോട്∙ ശബരിമല പാതയിൽ ഇലവുങ്കലിനു സമീപം തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 50 പേർക്കു പരുക്ക്. ദർശനം കഴിഞ്ഞ് മടങ്ങുംവഴി ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ഇലവുങ്കൽ കഴിഞ്ഞ് എരുമേലി റൂട്ടിൽ നാറാണുതോട്ടിലേക്കു വരുന്ന മൂന്നാമത്തെ വളവിലാണ് ബസ് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. 8 കുട്ടികളടക്കം തഞ്ചാവൂർ സ്വദേശികളായ 64 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

3 കുട്ടികൾ ഉൾപ്പെടെ 14 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 3 പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രി, നിലയ്ക്കൽ ഗവ.ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യം (52), രംഗനാഥൻ (85) എന്നിവർക്ക് സാരമായി പരുക്കേറ്റു. കഴുത്തിൽ മുറിവേറ്റ രംഗനാഥനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബാല സുബ്രഹ്മണ്യന്റെ മൂന്നു വാരിയെല്ലുകൾ പൊട്ടി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ മെഡിക്കൽ കോളജിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.



English Summary: Bus carrying 64 Sabarimala Pilgrims overturns in Pathanamthitta, Elavunkal