ഇരിങ്ങാലക്കുട ∙ കാണാനെത്തിയ ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടായിരുന്നു. അവരുടെ മനസ്സ് കഥകൾകൊണ്ട് അയാൾ നിറച്ചിരുന്നു. പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം അയാൾ അവരെ ചിരിപ്പിച്ചാണു പോയിരുന്നത്. അതുകൊണ്ടുതന്നെ പലരും വിതുമ്പിപ്പോയി.
കൊച്ചിയിൽനിന്നു വിലാപയാത്ര കടന്നുപോയ വഴികളിലെല്ലാം ജനം അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നു. മതിലുകൾക്കപ്പുറത്തുനിന്നു കുടുംബാംഗങ്ങൾ ഒരുമിച്ച് ഇന്നസന്റിനു യാത്രപറഞ്ഞു. ഒരു കല്യാണവീട്ടിലെത്തിയാൽപോലും ഇന്നസന്റ് അടുത്തവീടുകളിൽകൂടി പോകുമായിരുന്നു. അവരോടു കുടുംബത്തിന്റെ വേരുകൾവരെ അന്വേഷിക്കും. ജോലിക്കായി താമസിക്കാനെത്തിയവരോടു പറയും, പോണ്ടട്ടോ ഇതിലും നല്ല നാടില്ല.
എത്രയോതവണ കേൾവിക്കാരെ ചിരിയുടെ ഓളങ്ങളിൽ ആറാടിച്ച ടൗൺഹാളിൽ ഇന്നസന്റ് നിശ്ശബ്ദനായി കിടന്നു. കാണാനെത്തിയ പലരും അദ്ദേഹം ഉറങ്ങുന്ന കണ്ണാടിക്കൂടിൽ തൊട്ടപ്പോൾ വിതുമ്പിപ്പോയി. സത്യൻ അന്തിക്കാട്, പ്രിയദർശൻ, ദിലീപ്... അങ്ങനെ പലരും.

സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ.ബിന്ദു മുഴുവൻസമയവും അവസാനയാത്രയിൽ ഇന്നസന്റിന്റെ കൂടെനിന്നു. വർഷങ്ങളായി കുടുംബസുഹൃത്തും അഭിനേതാവും മുനിസിപ്പൽ ചെയർപഴ്സണുമായ സോണിയ ഗിരി തന്റെ ഗുരുകൂടിയായ ഇന്നസന്റിനെ യാത്രയാക്കാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു. ഭാര്യ ആലീസും മകൻ സോണറ്റും കുടുംബവും ടൗൺ ഹാളിലെത്തിയതു കൂട്ടക്കരച്ചിലോടെയാണ്.
തിരക്കുമൂലം, പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണു ഭൗതികശരീരം ഇന്നസന്റിന്റെ വീട്ടിലെത്തിച്ചത്. വീട്ടുപടിക്കലും നാട്ടുകാരുടെ വലിയകൂട്ടം പ്രിയപ്പെട്ടവനെ കാത്തുനിന്നു. ഇന്നസന്റുമായി കളിക്കൂട്ടുകാരെപ്പോലെ പെരുമാറുന്ന പേരക്കുട്ടികളായ അന്നയും ഇന്നസന്റും പരിചയക്കാരെത്തുമ്പോൾ നിയന്ത്രിക്കാനാകാതെ കരഞ്ഞു. ഇന്നസന്റിന്റെ സുഹൃത്തുക്കൾ ഈ രണ്ടു കുട്ടികൾക്കും അവരുടെ കൂട്ടുകാരെപ്പോലെയായിരുന്നു.
നേരത്തേ, ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഉയർത്തി വിപ്ലവാഭിവാദ്യത്തോടെയാണു സഖാവിനു വിട ചൊല്ലിയത്. മന്ത്രി കെ.രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവരായിരുന്നു ടൗൺഹാളിലെ ഒരുക്കങ്ങൾക്കു നേതൃത്വം നൽകിയത്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇന്നസന്റ് പാർട്ടിയുടെ മുൻനിരയിലേക്കു വന്നത് അടുത്തകാലത്താണെങ്കിലും അദ്ദേഹം എല്ലാവർക്കും പെട്ടെന്നാണു നേതാവും സഖാവുമായത്.
ഇന്നസന്റിൽനിന്നു സഹായംകിട്ടിയ പലരും ഹാളിലെ കസേരകളിൽ ഇരുന്നു കരയുന്നതു കാണാമായിരുന്നു. മിക്കവരും വളരെ ദരിദ്രമായ ജീവിതസാഹചര്യത്തിൽനിന്നു വന്നവർ. ഇന്നസന്റ് അവർക്കു വീടും ചികിത്സാസഹായവും നൽകി. പലതും നിയമത്തിന്റെ നൂലാമാലയിൽപെട്ടു കിടന്നത്. ഇന്നസന്റിന്റെ ഒരു ഫോൺ കോളിൽ എല്ലാ നൂലാമാലകളും അഴിയുമായിരുന്നു. ഇവരിൽ പലർക്കും വേണ്ടി അദ്ദേഹം സർക്കാർ ഓഫിസുകളിൽ നേരിട്ടെത്തി.
പാവപ്പെട്ടവർക്കു ഡയാലിസിസും കാൻസർ പരിശോധനയുമായിരുന്നു പാർലമെന്റ് അംഗം എന്ന നിലയിൽ ഇന്നസന്റിന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നവരാണ് അവസാനയാത്ര ചൊല്ലാൻ എത്തിയ പലരും. അവരെ പ്രത്യേകമായി ക്യൂ നിർത്താതെ ടൗൺഹാളിലേക്കു കടത്തിവിട്ടു.
ആറു മണിയോടെ കൂടൽമാണിക്യ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ ഇന്നസന്റ് വീട്ടിലേക്കു മടങ്ങി; എത്രയോ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ജീവിതം ആഘോഷിച്ച അതേ വഴിയിലൂടെ. ഇത്തവണ വന്നപ്പോൾ വാഹനങ്ങൾ അരികു ചേർത്തു നിർത്തിയും കടയിൽനിന്ന് ഇറങ്ങിനിന്നും പ്രിയപ്പെട്ടവർ അദ്ദേഹത്തെ ആദരിച്ചു. ഇനിയൊരിക്കലും ഈ വഴിയിൽ അവരുടെ പ്രിയപ്പെട്ട ഇന്നസന്റില്ല.
English Summary: Kerala pays tribute to actor Innocent