ADVERTISEMENT

മലപ്പുറം ∙ റിയാദിലെ മൻഫുഹ സൂഖിൽ സൂപ്പർ മാർക്കറ്റും മീൻകടയും നടത്തിയിരുന്ന നാസറിക്ക. കൊല്ലമാണ് സ്വദേശം. മുൻ പ്രവാസിയായ മലപ്പുറം പാങ്ങ് ചേണ്ടി പാറോളി കുഞ്ഞിമുഹമ്മദ് വർഷങ്ങളായി ഈ വിലാസക്കാരനെ തേടി നടക്കുകയാണ്. മനസ്സിലുള്ളത് ഒറ്റ ലക്ഷ്യം മാത്രം. 21 വർഷം മുൻപ് വാങ്ങിയ കടം തിരിച്ചു നൽകണം. 

പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായതിന് ഹൃദയം തുറന്ന് നന്ദി പറയണം. പല വഴിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഈ വാർത്ത കണ്ടെങ്കിലും നാസറിക്ക തന്നെത്തേടിയെത്തുമെന്നാണു കുഞ്ഞിമുഹമ്മദിന്റെ പ്രതീക്ഷ.

2002ൽ ആണ് സംഭവം. മൻഫുഹയിലെ അൽ ഈമാൻ ആശുപത്രിയിലെ ഡ്രൈവറാണ് അന്ന് കുഞ്ഞിമുഹമ്മദ്. മൂത്തമകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ പണം അത്യാവശ്യമായി വന്നു. നാസറിനോട് കടം ചോദിച്ചു. മീൻ വിറ്റു കിട്ടിയ പണത്തിൽ നിന്ന് 1000 റിയാൽ അപ്പോൾ തന്നെ നൽകി. രണ്ടോ മൂന്നോ മാസമാണ് പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്നത്. കെട്ടിടങ്ങൾ നഗരസഭാ അധികൃതർ പൊളിച്ചു മാറ്റിയതോടെ രണ്ടു പേർക്കും മൻഫുഹയിൽ നിന്നു മാറേണ്ടി വന്നു.

ആശുപത്രിയുടെ ജിദ്ദ ബ്രാഞ്ചിലേക്കാണ് കുഞ്ഞി മുഹമ്മദ് മാറിയത്. നാസറിനെ പിന്നെ കണ്ടിട്ടില്ല. കയ്യിൽ പണം ഒത്തു വന്നപ്പോൾ കടം വീട്ടാനായി പല വഴി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 2018ൽ പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുഞ്ഞിമുഹമ്മദ് നിലവിൽ ഓട്ടോ ഡ്രൈവറാണ്. നാസറിനായി അന്വേഷണം തുടർന്നെങ്കിലും ഫലം കണ്ടില്ല. 1000 സൗദി റിയാലിന്റെ നിലവിലെ മൂല്യം 21,000 രൂപയാണ്. പണത്തിന്റെ മൂല്യമല്ല, വലിയ പ്രതിസന്ധി ഘട്ടത്തിൽ സഹായ ഹസ്തം നീട്ടിയയാളെ കണ്ടെത്തി അതു മടക്കി നൽകേണ്ടത് തന്റെ കടമയാണെന്നു കുഞ്ഞി മുഹമ്മദ് പറയുന്നു.

English Summary : Kunjumuhammed searching for Nazar to give back money 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com