ADVERTISEMENT

ഫോ‍ണിൽ ഇന്നസന്റ് അങ്കിളിന്റെ പേരു തെളിഞ്ഞാൽ പെട്ടെന്നു ഞാൻ ഇയർഫോൺ എടുത്തു തിരക്കിൽനിന്നു മാറി നിൽക്കും. കുറെ ചിരിക്കാനുള്ളതായിരുന്നു ഓരോ കോളുകളും. ചിലപ്പോൾ മണിക്കൂറുകളോളം നീളും. എനിക്ക് എന്തെങ്കിലുമൊരു പ്രയാസമുണ്ടായി എന്നു തോന്നിയാൽ അതെക്കുറിച്ചു പറയാതെ കുറെ കഥകൾ പറയും. അതു നീ കേട്ടതാണോ എന്നു ചോദിച്ചാൽ കേട്ടു എന്നു പറയാറില്ല. കാരണം വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി.

ഒരു മാസം മുൻപു ഞാൻ ദുബായിലുള്ളപ്പോൾ വിളിച്ചു. ശബ്ദത്തിൽ ചെറിയൊരു ക്ഷീണം തോന്നി. നടക്കാൻ പറ്റാത്തതിനെക്കുറിച്ചും ചില കാര്യങ്ങൾ മറന്നു പോകുന്നതിനെക്കുറിച്ചുമാണു പറഞ്ഞത്. കുറച്ചു കേട്ടപ്പോൾ ഞാൻ ചോദിച്ചു അങ്കിൾ കഥ പറഞ്ഞു തുടങ്ങുകയാണോ അതോ ശരിക്കുള്ള കാര്യം പറയുകയാണോ എന്ന്. ശരിക്കും എനിക്കു നടക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. 

തിരിച്ചു വന്ന ഉടനെ ഞാനും ഏട്ടനും കൂടി ഇരിങ്ങാലക്കുടയിലെ വീട്ടിൽപോയി. നല്ല ക്ഷീണമുണ്ടായിരുന്നുവെങ്കിലും സംസാരിച്ചു കൊണ്ടിരുന്നു. കഥകൾക്കു ക്ഷാമമില്ലായിരുന്നു. എല്ലാവരോടും ഇതുപോലെ പറയാ‍ൻ പറ്റില്ലല്ലോ എന്നു പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം ചെറുതല്ലായിരുന്നു. കാരണം, ഇന്നസന്റ് അങ്കിളിന് എല്ലാം പറയാവുന്നവരിൽ ഒരാളായി ഞാനും ഉണ്ടല്ലോ എന്ന സന്തോഷം.

ഏതോ ഒരു കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഇടയിൽവച്ചു മറന്നുപോയി. സംസാരം പല വഴിക്കു തിരിഞ്ഞുപോയ ശേഷം വീണ്ടും രണ്ടോ മൂന്നോ തവണ ആ കഥതന്നെ പറഞ്ഞു തുടങ്ങിയെങ്കിലും അതേ സ്ഥാനത്തുവന്നു നിന്നു. അപ്പോൾ പറഞ്ഞു, എനിക്കു പ്രായമായിരിക്കുന്നു. ചില കാര്യങ്ങൾ മറക്കാ‍ൻ തുടങ്ങിയെന്ന്. ഞാൻ പറഞ്ഞു അടുത്ത ആഴ്ച വീണ്ടുംവരാം ആ കഥ ഓർത്തിരിക്കണമെന്ന്. അന്ന് ആദ്യമായി അങ്കിളിന്റെ കണ്ണിൽ ഞാൻ സങ്കടംപോലെ എന്തോ കണ്ടു. എന്റെ അച്ഛനു കാൻസറായി മരണത്തിന്റെ അടുത്തേക്കു പോകുമ്പോഴും കണ്ണിൽ ഇതേ സങ്കടം ഞാ‍ൻ കണ്ടിരുന്നു. അച്ഛൻ നെഞ്ചും വിരിച്ചാണ് എല്ലായിടത്തും നിന്നത്. അതിനു ശേഷം പെട്ടെന്നു തളരുമ്പോഴുള്ളൊരു നിരാശ. ഇന്നസന്റ് അങ്കിളും എല്ലാ സ്ഥലത്തും നെഞ്ചും വിരിച്ചാണു നിന്നത്.പിണ്ടി പെരുന്നാളിനും മറ്റും വീട്ടിലേക്കു വിളിക്കും. എപ്പഴാ വരുന്നേ എന്നാണു ചോദിക്കുക. വരുന്നുണ്ടോ എന്നല്ല. അവിടേക്കു പോകുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. 

ബൈക്ക് വാങ്ങിയ കാര്യം പറഞ്ഞപ്പോൾ ‘എന്നും എപ്പോഴും’ എന്ന സിനിമയിൽ നമ്മൾ സ്കൂട്ടറോടിച്ചില്ലേ എന്നു ചോദിച്ചു. അതു പറഞ്ഞു കുറെ ചിരിച്ചു. ഫോൺ വയ്ക്കും മുൻപു പറഞ്ഞു, നന്നായി സൂക്ഷിച്ച് ഓടിക്കണം. എന്നോട് അവസാനമായി പറഞ്ഞതും അതാണ്.

English Summary: Manju Warrier remembering Innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com