ADVERTISEMENT

തിരുവനന്തപുരം ∙ ഗുണമേന്മ കുറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വിൽപന അനുവദിക്കുന്നതിനു ഭക്ഷ്യസുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി മിന്നൽപരിശോധന നടത്തി.

ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലും ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരുടെ ഓഫിസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ ലാബുകളിലുമാണ് ‘ഓപ്പറേഷൻ ഹെൽത്ത്–വെൽത്ത്’ എന്ന പേരിൽ പരിശോധന നടത്തിയത്. 

രാവിലെ 11നു തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടർന്നു.

ഭക്ഷ്യസുരക്ഷാ ലാബുകളിലെ പരിശോധനാഫലം പ്രതികൂലമാകുന്ന ഭക്ഷ്യവസ്തുക്കളുടെ നിർമാതാക്കൾക്കെതിരെ നടപടികൾ ഒഴിവാക്കുന്നതിനാണ് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത്. 

അതതു സാമ്പത്തികവർഷം വിറ്റ ഭക്ഷ്യവസ്തുക്കളുടെ അളവ് ഫയൽ ചെയ്യണമെന്നു നിയമമുണ്ട്. 

എന്നാൽ, സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന മുന്നൂറോളം ലൈസൻസികളിൽ 25% മാത്രമേ ഭക്ഷ്യസുരക്ഷാ ഓഫിസർക്കു റിട്ടേൺ ഫയൽ ചെയ്യുന്നുള്ളൂ. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നിർദേശിച്ചിരുന്നു.

കോട്ടയത്തും ഇടുക്കിയിലും 6 ഓഫിസുകളിൽ റെയ്ഡ് 

ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം: ഹോട്ടലിനെതിരെ നേരത്തേ ലഭിച്ച പരാതി അവഗണിച്ച് അധികൃതർ

കോട്ടയം/ തൊടുപുഴ ∙ കോട്ടയം ജില്ലയിലെ 4 ഭക്ഷ്യസുരക്ഷാ ഓഫിസുകളിലും ഇടുക്കിയിലെ 2 ഓഫിസുകളിലും പരിശോധന നടന്നു. ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.

സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റു നഴ്സ് മരിക്കുന്നതിന് ഒരു മാസം മുൻപു ഹോട്ടലിനെതിരെ 2 പരാതി ലഭിച്ചിട്ടും കോട്ടയം അസി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫിസ് നടപടിയെടുത്തില്ലെന്നു വിജിലൻസ് ഡിവൈഎസ്പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ആഹാരത്തിന്റെ സാംപിളുകൾ ശേഖരിക്കുകയോ നിയമപരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്നും കണ്ടെത്തി.

കടുത്തുരുത്തി, വടവാതൂർ, പാലാ ഫുഡ് സേഫ്റ്റി സർക്കിൾ ഓഫിസുകളില‍ും പരിശോധന നടന്നു. ഡിവൈഎസ്പിമാരായ എ.കെ.വിശ്വനാഥൻ, വി.ആർ.രവികുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

തൊടുപുഴ ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ ഓഫിസിൽ നടന്ന പരിശോധനയിൽ, സാംപിൾ ശേഖരിക്കുമ്പോൾ വിഡിയോ റെക്കോർഡ് ചെയ്യുന്നില്ലെന്നു കണ്ടെത്തി. പീരുമേട് ഫുഡ്സേഫ്റ്റി സർക്കിൾ ഓഫിസിലെ പരിശോധനയിൽ‌ ഓഫിസിലെ റജിസ്റ്ററുകൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തി.

English Summary : Vigilance raid in Food safety offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com