ADVERTISEMENT

കൊച്ചി∙  ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാർക്കിങ് മേഖലയിലേക്കുള്ള ‘ഡ്രൈവ് ഇൻ’ ഏരിയ കൂടി ഉൾപ്പെടുത്തി ഫ്ലാറ്റുകളുടെ നികുതി നിർണയിക്കാൻ റവന്യു വകുപ്പിന്റെ നിർദേശം.  ഫ്ലാറ്റുടമകൾ കെട്ടിട നികുതിക്കു പുറമേ വർഷം തോറും ആയിരക്കണക്കിനു രൂപ ആഡംബര നികുതിയും ഇതുമൂലം അടയ്ക്കേണ്ടി വന്നേക്കാം. അധിക നികുതി വലയിൽപ്പെടുന്ന ഫ്ലാറ്റുകൾ ഏറിയ പങ്കും കൊച്ചിയിലാണ്. 

ഫ്ലാറ്റുകളുടെ തറ വിസ്തീർണത്തിനു പുറമേ പൊതു ഉപയോഗത്തിനുള്ള സ്റ്റെയർ കെയ്സ്, ജനറേറ്റർ, വരാന്ത, ലിഫ്റ്റ്, സെക്യൂരിറ്റി മേഖലകളുടെ വിസ്തീർണത്തിന്റെ നിശ്ചിത അനുപാതം കൂടി ചേർത്താണു നികുതി ഈടാക്കിയിരുന്നത്. ഡ്രൈവ് ഇൻ ഏരിയയുടെ പങ്ക് അധികം വരുന്നതോടെ പല ഫ്ലാറ്റുകളും കൂടിയ നികുതി നൽകേണ്ട പ്രീമിയം വിഭാഗത്തിലേക്കു മാറാനിടയുണ്ട്. 

തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട കെട്ടിട നികുതിയാണു ഫ്ലാറ്റുകൾക്കു പൊതുവേയുള്ള കെട്ടിട നികുതി. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള ഒറ്റത്തവണ സെസും റവന്യു വകുപ്പിലേക്കുള്ള ഒറ്റത്തവണ നികുതിയും വേറെയുണ്ട്. 278.7 ചതുരശ്ര മീറ്റർ (3000 ചതുരശ്ര അടി) വിസ്തൃതിക്കു മുകളിലുള്ള വീടുകളും ഫ്ലാറ്റുകളും ആഡംബര വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

 ഇത്തരം ഫ്ലാറ്റുകൾക്ക് വലുപ്പം അനുസരിച്ച് ഓരോ വർഷവും റവന്യു വകുപ്പിൽ ആഡംബര നികുതി അടയ്ക്കണം.

ഫ്ലാറ്റുകളുടെ ഡ്രൈവ് ഇൻ ഏരിയയുടെ നികുതി നിർണയം സംബന്ധിച്ചു വ്യക്തത വരുത്തി കഴിഞ്ഞ വർഷം അവസാനം ഇറക്കിയ ഉത്തരവ് സംസ്ഥാനമൊട്ടാകെ ബാധകമാണ്. പഞ്ചായത്ത് മേഖലകളിൽ പോലും ഫ്ലാറ്റുകൾ ഏറെയുള്ള എറണാകുളം പോലെയുള്ള ജില്ലകളിൽ പ്രത്യാഘാതം ഏറും. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും  നിലവിൽ ആഡംബര നികുതിക്കു പുറത്തുള്ളതുമായ ഒട്ടേറെ ഫ്ലാറ്റുകൾ പുതിയ ഉത്തരവു വഴി ആഡംബര നികുതി പരിധിയിലായേക്കാം. 278.7 ചതുരശ്ര മീറ്ററിനു മുകളിൽ 464.50 ചതുരശ്ര മീറ്റർ വരെ 5000 രൂപയും 696.75 ചതുരശ്ര മീറ്റർ വരെ 7500 രൂപയും 929 ചതുരശ്ര മീറ്റർ വരെ 10000 രൂപയും അതിനു മുകളിൽ 12500 രൂപയും പ്രതിവർഷം ആഡംബര നികുതി നൽകണം. ഓരോ ഫ്ലാറ്റിനും 200 ചതുരശ്ര അടിയെങ്കിലും സ്ഥലം പാർക്കിങ് ഏരിയയായി തറ വിസ്തീർണത്തിൽ ഉൾപ്പെടുന്നുണ്ട്. 50 അപ്പാർട്മെന്റുകൾ ഉണ്ടെങ്കിൽ അൻപതിൽ ഒന്ന് വിഹിതമാകും ഒരു അപ്പാർട്മെന്റിന്റെ ഉടമയ്ക്കു ബാധകമാകുക. 

അതേസമയം, ഉത്തരവിനു മുൻപ് നികുതി നിർണയം പൂർത്തിയായ ഫ്ലാറ്റ് സമുച്ചയങ്ങളുടെ കാര്യത്തിൽ റീ–അസസ്മെന്റ് സാധ്യതയില്ലെന്നാണു സൂചന.

English Summary : Drive in area to be under tax limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com