ADVERTISEMENT

ഞാനാണീ അരിക്കൊമ്പൻ

∙ വയസ്സ് 30. 

∙ വലുപ്പം കുറഞ്ഞ കൊമ്പുകൾ, ഒത്ത ശരീരം. 

∙ വിരിഞ്ഞ മസ്തകം. 

∙ ആനയിറങ്കൽ ഡാമിൽനിന്നു വെള്ളംകുടിച്ചും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വീടുകൾ തകർത്തു അരി തിന്നുമാണു ജീവിതം. 

∙ വീടുകളും കടകളും തകർത്ത് അരിയും ഉപ്പും ശർക്കരയുമെല്ലാം അകത്താക്കുന്നതാണ് അരിക്കൊമ്പനെന്ന പേരിനും കാരണം.

∙ വീടുകളുടെ അടുക്കള വാതിൽ കുത്തിപ്പൊളിക്കുന്നതും പലചരക്കുകടകളുടെ ഷട്ടർ തകർക്കുന്നതുമാണു രീതി. 

∙ ചിന്നക്കനാലിലെ 301 കോളനിയിൽ ജനവാസം തുടങ്ങിയതിനു ശേഷമാണു കൊമ്പന്റെ ശല്യം പുറം ലോകമറിഞ്ഞത്.

എന്തുകൊണ്ട് ഇവിടെ?

∙ ചിന്നക്കനാലിലെ ബിഎൽ റാം, 301 കോളനി, ആനയിറങ്കൽ, ചെമ്പകത്തൊഴുക്കുടി, വെലക്ക്, പ്രദേശങ്ങളാണ്  അരിക്കൊമ്പന്റെ പ്രധാന സഞ്ചാരമേഖല. 

∙ വേനലിൽ ജലസമൃദ്ധമാവുന്ന സംസ്ഥാനത്തെ ഏക ഡാമാണ് ആനയിറങ്കൽ. ഇത് ഈ ഭാഗത്തു തമ്പടിക്കാൻ പ്രേരിപ്പിക്കുന്നു. 

∙ ചോലവനങ്ങളെക്കാൾ പുൽമേടുകളിൽ ജീവിക്കാനാണു കാട്ടാനകൾ ഇഷ്ടപ്പെടുന്നത്.

∙ ഇതുവരെ 11 പേരെ അരിക്കൊമ്പൻ കൊലപ്പെടുത്തി എന്നാണ് അനൗദ്യോഗിക കണക്കുകൾ.

∙ അരിക്കൊമ്പൻ 18 വർഷത്തിനിടെ 180 കെട്ടിടങ്ങൾ തകർത്തതായും വീടുകൾ തകർന്ന് വീണ് 30 പേർക്ക് പരുക്കേറ്റതായും വനംവകുപ്പ് കണക്കുകൾ. മുപ്പതോളം തവണ റേഷൻ കടകളും ആക്രമിച്ചു.

∙ അരിക്കൊമ്പനെ പിടികൂടാൻ 10 മുതൽ 20 ലക്ഷം രൂപ വരെ ചെലവു വരും.

∙ 9 ടീമുകളായി 160 പേരാണ് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യസംഘത്തിലുള്ളത്. വനം വാച്ചർമാർ, ഓഫിസർമാർ, പൊലീസ്, ഡോക്ടർമാർ, അഗ്നിരക്ഷാ സേനാംഗങ്ങൾ, ദ്രുതകർമസേന തുടങ്ങിയവർ‌ ടീമുകളിലുണ്ട്. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയാണു സംഘത്തലവൻ.

∙ അരിക്കൊമ്പന് മയക്കുവെടി വയ്ക്കാൻ വിദഗ്ധരായ 4 ഗൺമാൻമാരെ നിയോഗിച്ചു. മയക്കുവെടി വയ്ക്കാനായി ഉചിതമായി കണ്ടെത്തിയ സിമന്റ് പാലത്ത് അരിക്കൊമ്പനെ എത്തിക്കുന്ന ദൗത്യം ട്രാക്കിങ് ടീമിന്.

കുങ്കിപ്പട്ടാളം

∙ കാട്ടിൽനിന്നു കിട്ടുന്ന കുട്ടിയാനകൾ, പിടികൂടുന്ന കാട്ടാനകൾ എന്നിവയെ പരിശീലിപ്പിച്ചാണു കുങ്കിയാനകളാക്കുന്നത്

∙ ആക്രമണകാരികളായ വന്യമൃഗങ്ങളെ മെരുക്കാനാണ് ഇവയുടെ സഹായം തേടുന്നത്. 

∙ അർധ വന്യസ്വഭാവം നിലനിർത്തുന്ന രീതിയിലാണ് കുങ്കികളുടെ പരിശീലനം. ഇതിനായി പകൽനേരം ഒറ്റച്ചങ്ങലയിട്ടു കാട്ടിലേക്കയയ്ക്കും. 

∙ കേരളത്തിൽ വയനാട് മുത്തങ്ങയിൽ മാത്രമാണ് കുങ്കി പരിശീലന കേന്ദ്രമുള്ളത്.

ഓപ്പറേഷൻ അരിക്കൊമ്പൻ 2K23: കുങ്കി സ്ക്വാഡ്

elephant-vikram-and-suryan
വിക്രം, സൂര്യൻ

വിക്രം

വടക്കനാട് കൊമ്പൻ എന്നറിയപ്പെട്ടിരുന്ന ഒറ്റയാൻ.ഒട്ടേറെ കൊലപാതകങ്ങൾ നടത്തിയ വടക്കനാട് കൊമ്പനെ 2019 മാർച്ചിൽ പിടികൂടി കുങ്കിയാക്കി. 

വയസ്സ്: 34

പങ്കെടുത്ത ദൗത്യങ്ങൾ: 2

പ്രത്യേകത: ആക്രമണകാരികളായ ആനകളെ തുമ്പിക്കൈ കൊണ്ട് അടിച്ചുതളയ്ക്കും

സൂര്യൻ

മുത്തങ്ങ ആന ക്യാംപിലെ കുങ്കി. തമിഴ്നാട്ടിലെ മുതുമലയിൽ നിന്നു പരിശീലനം 

വയസ്സ്: 31

പങ്കെടുത്ത ദൗത്യങ്ങൾ: 3

പ്രത്യേകത: കാട്ടാനകളെ തളയ്ക്കുന്നതിൽ പ്രത്യേക പരിശീലനം. പാപ്പാന്റെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കും. തന്ത്രങ്ങൾ പയറ്റാൻ ബെസ്റ്റ്.

കോന്നി സുരേന്ദ്രൻ

ലക്ഷണമൊത്ത കൊമ്പൻ. 1999ൽ ഒന്നാം വയസ്സിൽ കോന്നി ആനത്താവളത്തിലെത്തി. 2018ൽ മുതുമലയിൽ എത്തിച്ചു കുങ്കിയാവാനുള്ള പരിശീലനം നൽകി. ഇപ്പോൾ മുത്തങ്ങയിൽ

വയസ്സ്: 24

പങ്കെടുത്ത ദൗത്യങ്ങൾ: 3

പ്രത്യേകത: ഏതുകാട്ടാനയും വിറയ്ക്കുന്ന ശരീരം. കൊമ്പനെ ഇടിച്ചുനിർത്തും. പെട്ടെന്നു പ്രതികരിക്കും.

konni-surendran-and-kunju
കോന്നി സുരേന്ദ്രൻ, കുഞ്ചു

കുഞ്ചു

പരിചയസമ്പന്നനായ കുങ്കി

വയസ്സ്: 36

പങ്കെടുത്ത ദൗത്യങ്ങൾ: 8

പ്രത്യേകത: ടൈഗർ ഓപ്പറേഷനിൽ (നാടിറങ്ങുന്ന കടുവകളെ പിടികൂടാനുള്ള ദൗത്യം) സ്ഥിരം. ആരെയും കൂസാത്ത ധൈര്യം. കേരളത്തിലെ കുങ്കിയാനകളുടെ ആദ്യ ബാച്ചിൽ പരിശീലനം നേടി.

arikkomban-trap

അരിക്കൊമ്പന് ഇനി വീടിവിടെ

∙ കോടനാട്ടെ ആനപ്പന്തിയിൽ യൂക്കാലിപ്റ്റസ് തടികൾ കൊണ്ടാണ് കൂട് ഒരുക്കിയിരിക്കുന്നത്. 

∙ കൊമ്പൻ കൂട്ടിൽ ശക്തമായി ഇടിക്കും. അപ്പോൾ പരുക്ക് പറ്റാതിരിക്കാനാണ് ഈ ഉരുണ്ട, മിനുസമുള്ള തടി ഉപയോഗിക്കുന്നത്.

∙ മൂന്നാറിൽ നിന്നാണ് നൂറിലധികം മരങ്ങൾ ശേഖരിച്ചത്. 25 അടി നീളത്തിൽ മുറിച്ചെടുത്ത ഇവ ചെത്തി മിനുക്കി 30 തൂണുകൾക്കിടയിൽ ഒന്നിനു മുകളിൽ ഒന്നായി ഇഴ ചേർത്താണു നിർമാണം. 

∙ തൂണുകൾ 3 മീറ്റർ ആഴത്തിൽ ഉറപ്പിക്കും.  

∙ 4 ലക്ഷം രൂപയാണു ചെലവ്.

arikkeni

അരിക്കെണി

∙ സിമന്റ് പാലത്തിനടുത്ത് അരിക്കൊമ്പൻ മുൻപു തകർത്ത കെട്ടിടം താൽക്കാലിക റേഷൻകടയാക്കി വനംവകുപ്പ് മാറ്റിയിട്ടുണ്ട്. അരിയുടെയും കഞ്ഞിവെള്ളത്തിന്റെയും ഗന്ധം അരിക്കൊമ്പനെ ആകർഷിക്കും.

പിടികൊടുക്കാത്ത അരിക്കൊമ്പൻ

∙ 2017ൽ അരിക്കൊമ്പനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭൂപ്രകൃതിയായിരുന്നു കാരണം.

∙ ചെങ്കുത്തായ പ്രദേശത്തുനിന്ന് അരിക്കൊമ്പനെ കൂട്ടിലാക്കാൻ സാധിച്ചില്ല. സാധാരണ ആനകളിൽ നിന്നു വ്യത്യസ്തമായി അരിക്കൊമ്പന്, മയക്കാനായി അന്നു കൂടുതൽ ഡോസ് നൽകിയിരുന്നു. പക്ഷേ, കുങ്കികൾക്ക് പോലും അടുക്കാൻ സാധിച്ചില്ല. അതോടെ റേഡിയോകോളർ ഘടിപ്പിച്ചു കാട്ടിൽവിടുക എന്ന പ്ലാനും പാളി. 

∙ ഇത്തവണ ആദ്യശ്രമം പരാജയപ്പെട്ടാൽ തൊട്ടടുത്ത ദിവസവും ശ്രമം തുടരും. വെടി കൊണ്ടു മയങ്ങും വരെ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പ്ലാൻ.

മാർച്ച് 30, പുലർച്ചെ 4

വിധി അനുകൂലമെങ്കിൽ നാളെ പുലർച്ചെ 4ന് ദൗത്യം ആരംഭിക്കും. 4.30ന് മയക്കുവെടി വയ്ക്കും. 

പ്ലാൻ ബി

അരിക്കൊമ്പനെ പിടികൂടി ദേഹത്ത് റേഡിയോ കോളർ ഘടിപ്പിച്ചാൽ മതിയെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചാൽ ആനയെ മയക്കുവെടി വച്ചശേഷം ദേഹത്ത് റേഡിയോ കോളർ ഘടിപ്പിക്കാനും തയാറാണ് വനംവകുപ്പ്. ഇതിനായി റേഡിയോ കോളറും ദൗത്യസംഘം സജ്ജികരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെപ്പോലെ മയക്കു വെടിയേൽക്കുന്ന അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് കയറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായാലും ഇതാണ് വനം വകുപ്പിന് മുൻപിലുള്ള പ്ലാൻ ബി. 

നിലവിൽ ഇവിടെ

കെണിയൊരുക്കിയിരിക്കുന്ന സിമന്റ് പാലത്തെ താൽക്കാലിക റേഷൻ കടയ്ക്ക് സമീപമാണ് ഇന്നലെ അരിക്കൊമ്പൻ. കുങ്കിയാനകളെ തളച്ചതിന് 200 മീറ്റർ അകലെവരെ കൊമ്പൻ എത്തിയിട്ടുണ്ട്. 

എങ്ങനെ എത്തിക്കും?

നിലവിൽ സിമന്റ് പാലം പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്ന കൊമ്പനെ വെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കാനായി ദൗത്യസംഘത്തിന്റെ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർ പടക്കം പൊട്ടിച്ചും വലിയ ഒച്ചയുണ്ടാക്കിയും ആനയെ ഗൺപോയിന്റിൽ എത്തിക്കുകയാണ് ലക്ഷ്യം.

എത്തിച്ചാൽ 

∙ അരിക്കൊമ്പന്റെ പതിവുയാത്രാവഴിയിലെ സിമന്റ് പാലത്ത് വച്ച് വെടിവയ്ക്കാനാണ് തീരുമാനം.

∙ പുലർച്ചെ, ഏറ്റവും അനുയോജ്യ സ്ഥലത്തെത്തിയാൽ വെടിവയ്ക്കും.

ഉണ്ടയില്ലാവെടി

∙ ഡാർട്ടിങ് എന്നാണു വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കുന്ന പ്രക്രിയ അറിയപ്പെടുത്തത്. സൂചിയേറ് മത്സരത്തിന്റെ ഇംഗ്ലിഷ് നാമമാണു ഡാർട്ടിങ്. 

∙ മയക്കാനുള്ള മരുന്നടങ്ങിയ സിറിഞ്ച് തോക്കുപയോഗിച്ച് ആനയുടെ ശരീരത്തിലേക്കു തറപ്പിക്കും.

∙ സിറിഞ്ച് ദൂരെനിന്ന് ആനയുടെ ശരീരത്തിലേക്ക് എയ്യുന്നതിനുള്ള ഉപകരണം മാത്രമാണു തോക്ക്. 

∙ സിറിഞ്ച് തറച്ചാൽ ചാർജ് റിലീസാവുകയും മരുന്ന് ആനയിൽ പ്രവേശിക്കുകയും ചെയ്യുന്നു.  

∙ ഓരോ ആനയെയും കണ്ടു മനസ്സിലാക്കിയാണു മരുന്നിന്റെ അളവു തീരുമാനിക്കുന്നത്. തെറ്റിയാൽ ചത്തുപോകാം. 

∙  വെടിയേറ്റ ആനയുടെ കണ്ണുമൂടുക, നനച്ചുകൊടുക്കുക തുടങ്ങിയവ ചെയ്യാറുണ്ട്. പുറമേനിന്നുള്ള ചലനങ്ങൾ, കാഴ്ചകൾ എന്നിവയാൽഅസ്വസ്ഥനാകാതിരിക്കാനും തളർച്ച ഒഴിവാക്കാനുമാണിത്.  

മയക്കുവെടിയേറ്റാൽ

∙ തളച്ച കാട്ടാനയെ ലോറിയിൽ കയറ്റുന്നതിനു മുൻപായി ആന്റിഡോട്ട് നൽകും. ചെവിയുടെ അരികിലുള്ള ഞരമ്പുകളിലൂടെയാണ് ഈ കുത്തിവയ്പ്. മയക്കം വിടാനാണ് ഇത്. മയക്കം വിട്ടാലേ ലോറിയിൽ കയറ്റാൻ കഴിയൂ. 

∙ ലോറിയിൽ കയറ്റിയ ശേഷം വീണ്ടും മയക്കാനുള്ള ബൂസ്റ്റർ ഡോസ് നൽകും. ചിന്നക്കനാലിൽ നിന്നു കോടനാട് വരെ കൊണ്ടുപോകുന്നതിനിടെ മയക്കം മാറാതിരിക്കാനാണിത്. 

operation-arikkomban-3

കോടനാട്ടേക്ക്

∙ മലയാറ്റൂരിനടുത്ത കോടനാട് ആനസങ്കേതത്തിൽ ഒരുക്കിയ കൂട്ടിലേക്കാണ് അരിക്കൊമ്പനെ മാറ്റുക.

∙ കൊമ്പനെ പിടികൂടുന്ന പ്രദേശം ആനത്താര ആയതിനാലുംമറ്റ് ആനകൾ പരിസരത്ത് ഉള്ളതിനാലുമാണ് ചിന്നക്കനാലിൽ തന്നെ കൂടൊരുക്കാത്തത്.

∙ കൊമ്പനെ മൂന്നു വശങ്ങളിൽനിന്നു കുങ്കിയാനകൾ തട്ടിത്തട്ടി ലോറിയിൽ കയറ്റും. എല്ലാ കുങ്കികളുടെയും പുറത്തു പാപ്പാന്മാർ ഉണ്ടാകും. കൊമ്പനെ അനുസരിപ്പിക്കാൻ കുങ്കികൾ ചവിട്ടുകയും തുമ്പിക്കൈകൊണ്ട് അടിക്കുകയും കുത്തുകയും ചെയ്യും.  

∙ കോടനാട് എത്തിച്ചിട്ടും മയക്കം വിട്ടില്ലെങ്കിൽ അതിനുള്ള കുത്തിവയ്പ് ‌കൊടുക്കും. തുടർന്ന് കുങ്കികളെ  ഉപയോഗിച്ച്, കൂട്ടിൽക്കയറ്റും. 

∙ അക്രമകാരികളായ കാട്ടാനകളെ പിടികൂടാനുള്ള ഈ വർഷത്തെ മൂന്നാമത്തെ ദൗത്യമാണ് ചിന്നക്കനാലിൽ.

1. വയനാടിനെ വിറപ്പിച്ച അരശിരാജ പിടിയിലായത് ജനുവരി 9നു ബത്തേരി മുണ്ടൻകൊല്ലി വനത്തിൽനിന്ന്. തമിഴ്നാട്ടിലെ പന്തല്ലൂരിൽ നിന്ന് വയനാട്ടിലെ ബത്തേരിയിൽ

എത്തിയ ഈ മോഴയ്ക്കു (കൊമ്പില്ലാത്ത ആൺ ആന) തമിഴ്നാട്ടിൽ പേര് അരശിരാജ എന്നായിരുന്നു. അരിയോടുള്ള പ്രിയം തന്നെ കാരണം (അരശി– അരി). പിടികൂടി മുത്തങ്ങയിൽ എത്തിച്ച ശേഷം പേര് രാജ.

2. ജനുവരി 22നു പാലക്കാട് ധോണിയിൽനിന്നു പി.ടി –7 (പാലക്കാട് ടസ്കർ –7) എന്ന ആനയെ പിടികൂടി. ധോണിയിൽ ഒരുക്കിയ കൂട്ടിൽ മെരുക്കുന്നു. ധോണി എന്നു തന്നെയാണു പുതിയ പേര്.

വിവരങ്ങൾ: ആൽബിൻ രാജ്, സിജിത്ത് പയ്യന്നൂർ‌, അനുരാജ് ഇടക്കുടി

ചിത്രം: റെജു അർനോൾഡ്

വര: റിങ്കു തിയോഫിൻ

വിവര: അഹമ്മദ് സുബൈർ പറമ്പൻ

Content Highlights: Operation Arikkomban, Elephant Arikkomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com