ADVERTISEMENT

കൊച്ചി ∙ ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിന്റെ മുഖ്യ ആസൂത്രകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിനിടെയാണു ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ആർ.ശങ്കരനാരായണൻ ഇക്കാര്യം പറഞ്ഞത്.  ശിവശങ്കറിന്റെ അഭിഭാഷകൻ സമയം തേടിയതിനെ തുടർന്നു ഹർജി ഇന്ന് പരിഗണിക്കാൻ ജസ്റ്റിസ് എ.ബദറുദ്ദീൻ മാറ്റി.

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടിയതെന്നാണ് ഇഡി കേസ്. കേസിൽ 9–ാം പ്രതിയാണ് ശിവശങ്കർ. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും കമ്മിഷൻ നൽകിയതായി സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്.

കോഴപ്പണത്തിൽ 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് അയച്ചു എന്ന് ഇഡി അറിയിച്ചു. കുറ്റകൃത്യത്തിൽനിന്നു ലഭിച്ച പണത്തിന്റെ വഴികൾ അന്വേഷിക്കേണ്ടതുണ്ട്. സ്വർണക്കടത്ത്, കൈക്കൂലി എന്നിവയിലൂടെ ലഭിച്ച പണം ഡോളറാക്കി നയതന്ത്ര ചാനൽ വഴി വിദേശത്തേക്കു കടത്തിയതു  തീവ്രവാദ പ്രവർത്തനമാണ്. ഉന്നത സ്ഥാനമാനങ്ങൾ വഹിച്ച ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. അസുഖ ബാധിതനാണെന്ന പേരിൽ ജാമ്യം നൽകുന്നതിനെയും ഇഡി എതിർത്തു. 

ഡോളർ കടത്തിയ കേസ് മുൻപ് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാനാകില്ലേ എന്നു കോടതി വാക്കാൽ ചോദിച്ചു. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിൽ വീണ്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുകയാണെന്ന വാദം തെറ്റാണ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കോഴക്കേസും രണ്ടാണെന്നും ഇഡി വ്യക്തമാക്കി.

ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണ് സ്വപ്ന സുരേഷും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ബാങ്ക് ലോക്കർ ആരംഭിച്ചത്. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ല. അന്വേഷണത്തിൽ രാഷ്ട്രീയം ഉണ്ടെന്ന് വരുത്തി തീർക്കാനാണു ശിവശങ്കർ ശ്രമിക്കുന്നതെന്ന് ഇഡിയുടെ വിശദീകരണത്തിൽ പറയുന്നു.

English Summary : Sivasankar mastermind in black money conversion in Life Mission project says Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com