ADVERTISEMENT

രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന വയനാട് ഉപതിരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിക്കപ്പെട്ടില്ല. പക്ഷേ, അയൽ സംസ്ഥാനമായ കർണാടക പോളിങ് ബൂത്തിലേക്കു നീങ്ങുന്നു. കേരളത്തിലെ ഒരുപിടി നേതാക്കൾ അവിടെ വിവിധ പാർട്ടികളുടെ ചുമതലക്കാരാണ്. എന്നാൽ ആ ജനവിധിയുടെ പ്രാധാന്യം അതിൽ ഒതുങ്ങുന്നതല്ല.

ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കോൺഗ്രസിന്, നിലവിൽ കേരളം കൂടാതെ തെന്നിന്ത്യയിൽ പ്രതീക്ഷ പുലർത്താവുന്ന രണ്ടാമത്തെ സംസ്ഥാനവും. ഈ രണ്ടു പാർട്ടികളുടെയും അയൽപക്കത്തെ പ്രകടനം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലും സ്വാധീനം ചെലുത്തും. ആ വിധിയെഴുത്തും അതിനു ശേഷം ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ എടുക്കാനിടയുള്ള രാഷ്ട്രീയ നിലപാടും എൽഡിഎഫിന്റെ ഘടകകക്ഷികളായ ജനതാദൾ (എസും) ലോക് താന്ത്രിക് ജനതാദളും (എൽജെഡി) ചങ്കിടിപ്പോടെ വീക്ഷിക്കുകയും ചെയ്യും.

രാഹുൽ ഗാന്ധിക്കു ചുറ്റും പ്രതിപക്ഷ കക്ഷികൾ കേന്ദ്രീകരിച്ചു തുടങ്ങുന്ന ഈ ഘട്ടത്തിൽ ബിജെപിയെ പരാജയപ്പെടുത്തി കർണാടകയിൽ അധികാരത്തിലേക്കു മടങ്ങാൻകൂടി കഴിഞ്ഞാൽ കോൺഗ്രസിന് ഇരട്ടി ആത്മവിശ്വാസമാകും. ആ ദൗത്യത്തിൽ 3 മലയാളികൾ സജീവ പങ്കുവഹിക്കുന്നു. നേരത്തെ കർണാടക പാർട്ടിയുടെ ചുമതല വഹിച്ച എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അടിക്കടി സംസ്ഥാനത്ത് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎൽഎ ബെളഗാവി മേഖലയിലും (40 നിയമസഭാ സീറ്റ്) റോജി എം.ജോൺ മൈസൂരു മേഖലയിലും (49 നിയമസഭാ സീറ്റ്) തയാറെടുപ്പുകൾ ഏകോപിപ്പിക്കുന്നു. 10 മാസത്തിലേറെയായി കേരളത്തിൽ ചെലവഴിക്കുന്ന അത്രയും സമയം തന്നെ ഈ 2 പേരും കർണാടകയ്ക്കു വേണ്ടി മാറ്റിവയ്ക്കുന്നുണ്ട്. മുൻകൂട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതും 4 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പതിപ്പിച്ച ‘ഗാരന്റി കാർഡ്’ ഓരോ വീടുകളിലും എത്തിച്ചതും കോൺഗ്രസിന്റെ ആസൂത്രണ മികവായി ഇരുനേതാക്കളും വിലയിരുത്തുന്നു.

 

ഇടത് ഐക്യം വെള്ളത്തിൽ

ഒരിക്കൽ സിപിഎമ്മിന് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന ബാഗെപ്പള്ളി നിയമസഭാ മണ്ഡലത്തിൽ പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ എം.എ.ബേബി ഇന്നലെ കർണാടകയിൽ എത്തി. കർണാടകയുടെ പാ‍ർട്ടി ചുമതല ബേബിക്കാണ്.

ഇതേ ബാഗെപ്പള്ളിയിലാണ് ഏതാനും മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗിച്ചത്. കർണാടകയിലെ ചുവപ്പുകോട്ടയായി സിപിഎം കണ്ടിരുന്ന ബാഗെപ്പള്ളിയിലും ഉൾപാർട്ടി തർക്കങ്ങളാണ് കഥ കഴിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും 10 വർഷം ബാഗെപ്പള്ളി എംഎൽഎയുമായ ജി.വി.ശ്രീറാം റെഡ്ഡിയെ 2018 ൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം സിപിഎം നീക്കി. പാർട്ടി വിട്ട് പ്രജാ സംഘർഷ സമിതി രൂപീകരിച്ച അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായി മരിച്ചു.

ഇടതുപക്ഷം കൂടി പങ്കാളികളായ ദേശീയ മതനിരപേക്ഷ ചേരിക്ക് കർണാടകയിൽ പ്രസക്തിയില്ല. അവിടെ കോൺഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. സിപിഎം–സിപിഐ ഇടത് ഐക്യം പോലും കർണാടകയിൽ കാണാനില്ല. ജനതാദളുമായി (എസ്) നീക്കുപോക്കിന് സിപിഎം ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ദളിനെ വിട്ട് കോൺഗ്രസുമായി ധാരണയ്ക്കാണ് സിപിഐ ശ്രമിച്ചത്. 6 സീറ്റ് അവർ ചോദിച്ചു. ഒടുവിൽ ഒരു സീറ്റെങ്കിലും തന്നാൽ ബാക്കി മുഴുവൻ സീറ്റിലും പിന്തുണ വാഗ്ദാനം ചെയ്തു. എന്നിട്ടും കോൺഗ്രസ് ഗൗനിച്ചില്ല. സ്വാധീനമുള്ള 6–7 സീറ്റുകളിൽ തനിച്ചു മൽസരിക്കാനുളള തീരുമാനത്തിലാണ് ഇതോടെ സിപിഐയും സിപിഎമ്മും. ബാക്കി സ്ഥലങ്ങളിൽ ബിജെപിയെ തോൽപിക്കാൻ കഴിയുന്നവരെ പിന്തുണയ്ക്കും. അതു കോൺഗ്രസുമാകാം, ദളുമാകാം. പരസ്പരം മത്സരിക്കുന്ന സ്ഥിതി ഒഴിവാക്കാനായി എം.എ.ബേബി ആശ്രയിക്കുന്നതും മറ്റൊരു മലയാളിയെ തന്നെ. സിപിഐയുടെ കർണാടക ചുമതലക്കാരൻ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വമാണ് അത്. ബിജെപി വിരുദ്ധ വികാരം ജനവിധിയിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇരുനേതാക്കളും.

 

നെഞ്ചിടിപ്പോടെ കേരള ദളുകൾ

 

കർണാടകയിൽ ബിജെപി ശക്തമായ മേഖലകളിൽ ദളിനോ, ദളിന്റെ ശക്തികേന്ദ്രങ്ങളിൽ ബിജെപിക്കോ വൻ സ്വാധീനമില്ല. അതുകൊണ്ടു തന്നെ ത്രികോണ മത്സരവുമായി ദൾ നിലയുറപ്പിച്ചത് ബിജെപിക്ക് അനുകൂലവും കോൺഗ്രസിന് പ്രതികൂലവുമാണ്. പ്രതിപക്ഷ വോട്ടുകൾ ചിതറിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിൽ ഒരു കക്ഷിയാണ് ദൾ എന്നു വരെ ആരോപിക്കുന്നവരുണ്ട്. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ദൾ (എസ്) പിന്തുണച്ചേക്കാമെന്ന പ്രതീതിയും ശക്തം. ബിജെപിയും കോൺഗ്രസും പിന്തുണ തേടി എത്തിയെന്ന മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പ്രതികരണം കേരളത്തിലെ എൽഡിഎഫിലും ഇതിനകം മുറുമുറുപ്പുകൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തിൽ കേരളത്തിൽ ആസന്നമായ ജനതാദൾ (എസ്)–എൽജെഡി ലയനം വീണ്ടും നീണ്ടുപോകാനാണ് എല്ലാ സാധ്യതയും. ബിജെപിയുടെ കാവിനിറം ഗൗഡയുടെ മേൽ പുരണ്ടാൽ ദളിന്റെ എൽഡിഎഫിലെ സ്ഥാനം ത്രിശങ്കുവിലാകും. എങ്കിൽ എല്ലാം കലങ്ങിത്തെളിഞ്ഞിട്ടു മതി ലയനം എന്ന ചിന്തയിലാണ് എൽജെഡി. മുൻപ് ഗൗഡയും ബിജെപിയും കൈ കോർത്തത് ദുഃസ്വപ്നമായി കേരള ദളുകാരെ പിന്തുടരുന്നുണ്ട്. അന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്ന പുതിയ കേരള പാർട്ടി രൂപീകരിച്ചാണ് തടി കാത്തത്.

പൊടി പാറുന്ന പ്രചാരണത്തിലേക്കു കർണാടക കടക്കും മുൻപ് രാഹുൽ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം നഷ്ടപ്പെടാനിടയാക്കിയ കോലാറിലേക്ക് കേരളവും ഒരിക്കൽ കൂടി കാതു കൂർപ്പിക്കും. 2019 ൽ മോദി വിരുദ്ധ പ്രസംഗം നടന്ന അതേ കോലാറിൽ ഏപ്രിൽ 5ന് രാഹുൽ വീണ്ടും സംസാരിക്കുന്നു. 

 

 

English Summary: Karnataka election and Kerala politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com