ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് ലോകായുക്ത മുൻപാകെയുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. രണ്ടംഗ ബെഞ്ചിനു ഭിന്നാഭിപ്രായമുള്ളതിനാൽ ഹർജി നിലനിൽക്കുന്നതാണോയെന്നു പരിശോധിക്കാൻ ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടു.

പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനു വെല്ലുവിളി ഉയർത്തിയ കേസിലെ വിധി ഇന്നലെ രാവിലെ 10.40നാണ് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സാന്നിധ്യത്തിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വായിച്ചത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിൽ ഇരുവർക്കും വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അതെന്തൊക്കെയാണെന്നു വിധിയിൽ വിശദമാക്കിയിട്ടില്ല. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയിൽനിന്നു മന്ത്രിസഭയുടെ പ്രത്യേക തീരുമാനപ്രകാരം അനുവദിച്ച സഹായങ്ങൾക്കെതിരെയാണ് ഹർജി. മുഖ്യമന്ത്രിയും അന്നത്തെ 16 മന്ത്രിമാരും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമാണ് എതിർകക്ഷികൾ. ഇവരിൽ പിണറായി മാത്രമേ ഇപ്പോൾ അധികാരത്തിലുള്ളൂ. 

പൊതുപ്രവർത്തകർക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ അവർ പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരമുള്ള കേസ് മുഖ്യമന്ത്രിക്കു നിർണായകമായിരുന്നു. 

ലോകായുക്തയിൽ ലഭിക്കുന്ന പരാതികൾ ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുന്നതാണോയെന്ന പ്രാഥമിക വാദത്തിനു ശേഷമാണ് ഫയലിൽ സ്വീകരിക്കുന്നത്. 2019 ജനുവരി 14നു കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ പരാതി കൊടുത്തപ്പോൾ പ്രാഥമിക വാദം കേട്ടിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വിശദ അന്വേഷണം വേണമെന്നുമാണ് അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. 

2022 ഫെബ്രുവരി 5 മുതൽ മാർച്ച് 18 വരെ അന്തിമ വാദം നടന്നു. പരാതി നിലനിൽക്കുന്നതാണോയെന്നു വാദം പൂർത്തിയായശേഷം തർക്കമുണ്ടാകുന്നതു ലോകായുക്തയുടെ ചരിത്രത്തിലാദ്യമാണ്. ഭിന്നാഭിപ്രായ വിധി വരുന്നതാകട്ടെ, വാദം പൂർത്തിയായി ഒരു വർഷവും 12 ദിവസവും കഴിഞ്ഞശേഷവും. 

ഇനിയെന്ത്?

∙ ലോകായുക്ത നിയമപ്രകാരം ഹർജി നിലനിൽക്കുന്നതാണോയെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹാറൂൺ അൽ റഷീദ്, ബാബു മാത്യു പി.ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിശോധിക്കും. ഹർജി സ്വീകരിക്കാമെന്നു കണ്ടെത്തിയാൽ വീണ്ടും വാദം തുടങ്ങണം. 

∙ ഹൈക്കോടതിയെ സമീപിക്കുമെന്നു പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. അവിടെനിന്നുണ്ടാകുന്ന വിധികളും ലോകായുക്തയുടെ നടപടികളെ ബാധിക്കും. 

∙ ഓഗസ്റ്റ് 30നു ലഭിച്ച ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവച്ചിട്ടില്ല. സാങ്കേതിക സർവകലാശാലാ വിഷയത്തിൽ സർക്കാരിനു മെരുങ്ങിയ ഗവർണർ ലോകായുക്ത ബില്ലിൽ ഒപ്പിട്ടാൽ കേസിൽ വഴിത്തിരിവാകും. അതിനുശേഷം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി ഉണ്ടായാലും നിയമസഭയ്ക്ക് അപ്പീൽ നൽകാം. സഭയിൽ അനുകൂല തീരുമാനവും ഉറപ്പ്. ഭേദഗതിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ വെല്ലുവിളിയാകും. 

കേസിനു കാരണമായ മന്ത്രിസഭാ തീരുമാനങ്ങൾ

∙ എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മരണശേഷം കുടുംബത്തിന് 25 ലക്ഷം രൂപ. 

∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു മരിച്ച പൊലീസുകാരൻ പി.പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം. 

∙ ചെങ്ങന്നൂർ എംഎൽഎയായിരിക്കെ മരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിനു ജോലി നൽകിയതിനു പുറമേ കുടുംബത്തിന് 8.66 ലക്ഷം രൂപ.

English Summary: Lokayukta verdict on case against CM Pinarayi Vijayan updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com