സൂര്യഗായത്രി വധം: പ്രതി അരുണിന് ജീവപര്യന്തം, 6 ലക്ഷം പിഴ

Soorya-gayathri-arun-3003
സൂര്യഗായത്രി, അരുൺ
SHARE

തിരുവനന്തപുരം ∙ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിനു നെടുമങ്ങാട് സ്വദേശിനിയായ സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിനു ജീവപര്യന്തം കഠിന തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. വധശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ മറ്റു കുറ്റങ്ങളിൽ 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.

നെടുമങ്ങാട് കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന ശിവദാസ് - വത്സല ദമ്പതികളുടെ ഏക മകൾ സൂര്യഗായത്രിയെ (20) 2021 ഓഗസ്റ്റ് 30 ന് ഉച്ചയ്ക്കു വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണു കേസ്. 

കൊലപാതകത്തിനു ശേഷം സമീപത്തെ വീടിന്റെ ടെറസിൽ ഒളിച്ചിരുന്ന പ്രതി പേയാട് ചിറക്കോണം വാറുവിളാകത്തു വീട്ടിൽ അരുണിനെ (29) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ശിക്ഷാവിധി കേൾക്കാൻ സൂര്യഗായത്രിയുടെ അമ്മ വത്സലയും എത്തിയിരുന്നു. വത്സലയ്ക്കു ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നു നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

മറ്റു കുറ്റങ്ങളും ശിക്ഷയും

വത്സലയെ വധിക്കാൻ ശ്രമിച്ചതിനു 10 വർഷം കഠിന തടവും 50,000 രൂപ പിഴയും. വീട്ടിൽ അതിക്രമിച്ചു കടന്നതിന് 5 വർഷം കഠിന തടവും 50000 രൂപ പിഴയും. വത്സലയെ വെട്ടി പരുക്കേൽപ്പിച്ചതിനു 2 വർഷം കഠിന തടവ്. കുറ്റകരമായ ഭയപ്പെടുത്തലിനു 2 വർഷം തടവ്. അച്ഛൻ ശിവദാസനെ ദേഹോപദ്രവം ചെയ്തതിന് ഒരു വർഷം കഠിന തടവ്.

English Summary: Nedumangadu Sooryagayathri murder case verdict updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS