പറവൂർ ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത വിധി വിചിത്രമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന വിധിയാണിത്.
2019ൽ രണ്ട് ഉപ ലോകായുക്തകളും അടങ്ങുന്ന ഫുൾ ബെഞ്ച് ഇതു നിലനിൽക്കുന്ന കേസ് ആണെന്നു തീരുമാനിച്ചിരുന്നു. 4 വർഷത്തിനു ശേഷം വീണ്ടും കേസ് നിലനിൽക്കുമോ എന്ന സംശയത്താൽ ഫുൾ ബെഞ്ചിലേക്ക് പോകണമെന്ന നിർദേശം വന്നതു നിയമപരമല്ല. കേസിൽ വാദം പൂർത്തിയാക്കി ഒരു വർഷത്തിനു ശേഷമാണു വിധി വന്നത്. ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ ഭിന്നത ഉണ്ടെങ്കിൽ തന്നെ വിധി പറയാൻ ഒരു കൊല്ലം കാത്തിരുന്നത് എന്തിനാണ്.
പിണറായി വിജയൻ മുഖ്യമന്ത്രി അല്ലാതാകുന്നതു വരെയോ ലോകായുക്ത ഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പു വയ്ക്കുന്നതു വരെയോ വിധി നീട്ടിക്കൊണ്ടു പോകുകയാണു ലക്ഷ്യം. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നെങ്കിൽ വിധി ഒരു കാലത്തും പുറത്തു വരില്ലായിരുന്നു. ലോകായുക്തയെ കെ.ടി. ജലീൽ ഭീഷണിപ്പെടുത്തിയതിന്റെയും ആക്ഷേപിച്ചതിന്റെയും ഫലം ഇപ്പോഴാണ് വന്നിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
English Summary: VD Satheesan takes a dig at lok ayukta verdict on CMDRF scam case