ADVERTISEMENT

കൊച്ചി∙ ബ്രഹ്‌മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തം സ്വാഭാവിക കാരണങ്ങളാലെന്നു ഫൊറൻസിക് റിപ്പോർട്ട്‌. സംഭവത്തിൽ അട്ടിമറിയില്ലെന്നും കൂന കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണു തീ ഉണ്ടായതെന്നുമാണു തൃശൂർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട്. തീ കത്തിയ നാൽപതേക്കറിൽനിന്നു ശേഖരിച്ച സാംപിളുകൾ പരിശോധിച്ച ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. മാലിന്യകേന്ദ്രത്തിലെ 5 ഇടങ്ങളിൽ നിന്ന് സാംപിളെടുത്തു. 

പെട്ടെന്നു തീ പിടിക്കാൻ സാധ്യതയുള്ള ഖരമാലിന്യങ്ങളാണു ബ്രഹ്മപുരത്തു തള്ളിയിരുന്നത്. കാലങ്ങളായി കെട്ടിക്കിടന്ന ഖരമാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റമുണ്ടായി. രാസപ്രക്രിയയിലൂടെ ഉൽപാദിപ്പിക്കപ്പെട്ട മീഥെയ്‌ൻ അടക്കമുള്ള ചതുപ്പു വാതകങ്ങളാണു തീപിടിത്തമുണ്ടാകാൻ പ്രധാന കാരണം. വേനൽ തുടങ്ങിയതോടെ അന്തരീക്ഷോഷ്മാവു വർധിച്ചതിനൊപ്പം ഈ വാതകങ്ങളുടെ ചൂടു കൂടിയതും മുഖ്യ ഘടകമായി. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും ഓക്‌സിജന്റെ അളവും തീപിടിത്തത്തിനുള്ള സ്വാഭാവിക സാഹചര്യം ഒരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.

കടമ്പ്രയാറിനോടു ചേർന്നു തെക്കുഭാഗത്തു നിന്നാണു തീ പടർന്നത്. ഈർപ്പത്തിന്റെ സാന്നിധ്യം മീഥെയ്‌ൻ അടക്കമുള്ള വാതകങ്ങളുടെ ഉൽപാദനം വേഗത്തിലാക്കി. മീഥെയ്‌ൻ ഉൽപാദനംമൂലം മാലിന്യക്കൂമ്പാരത്തിനുള്ളിൽ ഊഷ്മാവ് വർധിച്ചു. അന്തരീക്ഷ താപനിലയും വർധിച്ചതോടെ അടിത്തട്ടിൽ തീപിടിത്തമുണ്ടായി. പ്ലാസ്റ്റിക്കും ഉപയോഗശൂന്യമായ മെത്തകളും ഉൾപ്പെടെ തീപിടിച്ചാൽ പെട്ടെന്ന് അണയാത്ത മാലിന്യം ഏറെയുള്ളതും ശക്തമായ കാറ്റും തീ പെട്ടെന്നു പടരാൻ കാരണമായെന്നുമുള്ള കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.

മാർച്ച് രണ്ടിനു വൈകിട്ടാണു ബ്രഹ്മപുരത്തു നഗരസഭ മാലിന്യം തള്ളുന്ന സ്ഥലത്തു തീപിടിച്ചത്. പന്ത്രണ്ടാം ദിവസമാണു തീ കെടുത്താനായത്. തീപിടിത്തം അട്ടിമറിയാണെന്ന ആരോപണം ‌ശക്തമായിരുന്നു. ഇതേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലും തീപിടിത്തം സ്വാഭാവിക കാരണങ്ങളാലാണെന്നു കണ്ടെത്തിയിരുന്നു. 

English Summary: Brahmapuram fire: forensic report hints at sub-surface fire as the trigger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com