ADVERTISEMENT

തിരുവനന്തപുരം ∙ തർക്കമൊടുങ്ങാത്ത സാഹചര്യത്തിൽ കെപിസിസി സമ്പൂർണ നേതൃയോഗം ചൊവ്വാഴ്ച ചേരും. ഹൈക്കമാൻഡ് നടത്തിയ പ്രശ്നപരിഹാര നീക്കത്തിനു തുടർച്ചയായാണിത്. രാഹുൽ ഗാന്ധിക്കു വയനാട്ടിൽ 11നു നൽകുന്ന സ്വീകരണം, എഐസിസിയുടെയും കെപിസിസിയുടെയും സമരങ്ങൾ, 138 ചാലഞ്ച് എന്നിവയാണ് അജൻഡ. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പങ്കെടുക്കും.

പുനഃസംഘടനയും കെപിസിസി അംഗങ്ങളുടെ നാമനിർദേശവും എതിർപ്പിനു കാരണമായതോടെ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുൻകയ്യെടുത്തു സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പത്തു ദിവസത്തിനുളളിൽ ജില്ലകളിൽ നിന്നുള്ള പട്ടികകൾ ഈ സമിതി ക്രോഡീകരിക്കും എന്നാണു കെപിസിസി അറിയിച്ചതെങ്കിലും സമിതിയുടെ ആദ്യ യോഗം ചേരാൻ പോലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധി ഐക്യദാർഢ്യ പരിപാടികളും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും മൂലം സംഘടനാ കാര്യങ്ങളിലേക്കു കടക്കാൻ കഴിഞ്ഞില്ലെന്നു നേതൃത്വം വിശദീകരിക്കുന്നു.

വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ചു നേതൃത്വത്തിനെതിരെ കെ.മുരളീധരൻ നടത്തിയ കടന്നാക്രമണമാണ് ഒടുവിലത്തെ വിവാദം. മുൻ കെപിസിസി പ്രസിഡന്റുമാർ കൂടിയായ രമേശ് ചെന്നിത്തലയ്ക്കും എം.എം.ഹസനും അവസരം നൽകിയപ്പോൾ തന്നെ ഒഴിവാക്കിയതു ബോധപൂർവമെന്നാണു മുരളിയുടെ ആരോപണം. വൈക്കത്തെ യോഗം കഴിഞ്ഞ ഉടൻ തന്നെ ഇതിലുള്ള ശക്തമായ അമർഷം കെ.സി.വേണുഗോപാലിനെ മുരളി അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്നല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു വരെ പറയുകയും ചെയ്തു. മുരളിയെ അപമാനിക്കാൻ പാടില്ലായിരുന്നുവെന്നു ശശി തരൂർ പറഞ്ഞു. വൈക്കത്തു തരൂരിനും പ്രസംഗിക്കാൻ അവസരം ലഭിച്ചിരുന്നില്ല. യോഗം ഉദ്ഘാടനം ചെയ്ത മല്ലികാർജുൻ ഖർഗെയക്കു തിരിച്ചു പോകാനുള്ള സമയം വൈകിയതുമൂലമാണു പ്രസംഗകരുടെ പട്ടിക പരിമിതപ്പെടുത്തിയതെന്നാണു നേതൃത്വത്തിന്റെ നിലപാട്.

തരൂർ ഒഴിച്ച് ആരും മുരളിയെ പരസ്യമായി പിന്തുണച്ചില്ല. ബോധപൂർവം ഒഴിവാക്കിയണെങ്കിൽ അതിനെ അനുകൂലിക്കില്ലെന്നു പലരും പറയുന്നു. പരസ്യ പ്രസ്താവനകളിൽ നിന്നു വിട്ടു നിൽക്കണമെന്നു ഹൈക്കമാൻഡ് നേരത്തെ മുരളിയോട് ആവശ്യപ്പെട്ടതാണ്. പിന്നാലെ മുരളിക്കും എം.കെ.രാഘവനും താക്കീത് നൽകി കെപിസിസി കത്തയയ്ക്കുകയും ചെയ്തു. രണ്ടു നേതാക്കളോടും വിശദീകരണം ചോദിക്കാതെയാണു കത്തയച്ചത് എന്നതിനാൽ കെ.സുധാകരന് ഇതു പിൻവലിക്കേണ്ടി വന്നു. നേതൃത്വവും അവരോട് ഇടഞ്ഞു നേതാക്കളും സൃഷ്ടിക്കുന്ന തലവേദനയിലാണു പാർ‌ട്ടി. 

വൈക്കത്തു ‘പടിക്കൽ കലമുടച്ചു’

കോൺഗ്രസ് സമീപകാലത്ത് നടത്തിയ ഏറ്റവും മികച്ച പരിപാടിയായി മാറിയ വൈക്കം ശതാബ്ദി ആഘോഷത്തിന് ഒടുവിൽ കല്ലുകടി ഉണ്ടായതു നേതൃത്വത്തിലെ പലർക്കും രസിച്ചിട്ടില്ല. വി.പി.സജീന്ദ്രന്റെയും എം.ലിജുവിന്റെയും നേതൃത്വത്തിലുള്ള ശതാബ്ദി ആഘോഷ സമിതി ഒരു മാസത്തോളം കഠിനാധ്വാനം ചെയ്തിരുന്നു. നേതൃത്വത്തോട് ഇടഞ്ഞു കൊണ്ട്പാർട്ടി പരിപാടികളിൽ നിന്നു മാറി നിൽക്കുകയായിരുന്ന മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യം മുന്നോടിയായുള്ള ജാഥകളിൽ ഉറപ്പു വരുത്തുകയും ചെയ്തു. പാർട്ടിയിലെ മുഴുവൻ നേതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് കോൺഗ്രസിലെ ഐക്യം കൂടി വൈക്കം ശതാബ്ദി വേളയിൽ മിന്നണമെന്നു സംഘാടകർ ആഗ്രഹിച്ചെങ്കിൽ ഒടുവിൽ പടിക്കൽ കലമുടച്ചു. 

English Summary: Controversy in Congress Kerala faction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com