ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ വിവിധ ഓഫിസുകളിലേക്കു ജീവനക്കാർക്കു പ്രവേശിക്കാനുള്ള ആക്സസ് കൺട്രോൾ സംവിധാനം ശമ്പള വിതരണ സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് ജീവനക്കാരുടെ എതിർപ്പിനെ തുടർന്നു സർക്കാർ മരവിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ഒരോ ബ്ലോക്കിലും ഓഫിസ് കവാടത്തിലും ഇടനാഴിയിലും സ്ഥാപിച്ചിരുന്ന ആക്സസ് കൺട്രോൾ സിസ്റ്റം ഇളക്കി മാറ്റും. ഒരു കെട്ടിടത്തിൽ പ്രധാന കവാടത്തിലേതു മാത്രം നിലനിർത്തും. 75 ആക്സസ് കൺട്രോൾ സിസ്റ്റം ആണു സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്കിലും അനക്സിലുമായി സ്ഥാപിച്ചത്. 

ജീവനക്കാരുടെ സാന്നിധ്യം ഇരിപ്പിടത്തിൽ ഉറപ്പാക്കാനാണ് ഇതു നടപ്പാക്കുന്നതെന്നു നേരത്തെ പറഞ്ഞിരുന്നു. ശമ്പളവുമായി ബന്ധിപ്പിക്കുന്നുവെന്നു വന്നതോടെയാണു ജീവനക്കാരുടെ സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നത്. ഇന്നലെ മുതൽ രണ്ടു മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും അതുകഴിഞ്ഞ് ആക്സസ് കൺട്രോൾ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനും പൊതുഭരണ സെക്രട്ടറി മാർച്ച് 18ന് ഉത്തരവിറക്കി. ഒരു ഓഫിസിൽ നിന്നു മറ്റൊന്നിലേക്കു പോകുന്നതിനും മെയിൻ ബ്ലോക്കിൽ നിന്നു സെക്രട്ടേറിയറ്റ് അനക്സിലേക്കു പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു. രാവിലെ ജോലിക്കു കയറിയാൽ ഉച്ചയൂണിനു മാത്രമേ പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളു. 

ഓഫിസ് ബ്ലോക്കിൽ നിന്ന് ഔദ്യോഗിക ആവശ്യവുമായി പുറത്തിറങ്ങി തിരിച്ചെത്താൻ അരമണിക്കൂറിൽ കൂടുതൽ വൈകിയാൽ ശമ്പളം നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാണിച്ചും ജീവനക്കാരെ ബന്ദികളാക്കാൻ പറ്റില്ലെന്നു പറഞ്ഞും സംഘടനകൾ രംഗത്തുവന്നു. ചീഫ് സെക്രട്ടറി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചപ്പോൾ എതിർപ്പുയർന്നതോടെയാണു പദ്ധതിയിൽ നിന്നുള്ള പിൻമാറ്റം. സ്പാർക്കുമായി ബന്ധിപ്പിക്കുമെന്ന പരാമർശം നീക്കി പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഭേദഗതി ഉത്തരവിറക്കി. രണ്ടു മാസത്തെ പ്രവർത്തനത്തിനു ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം തുടർ തീരുമാനമെന്നാണു പുതിയ നിർദേശം. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു സംവിധാനം നടപ്പാക്കുവാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ സംവിധാനത്തിൽ ബയോമെട്രിക് കാർഡ് ഉപയോഗിച്ചാൽ മാത്രമേ ഓഫിസിനകത്തേക്കും പുറത്തേക്കും വാതിൽ തുറക്കൂ. പുറത്തുപോയി തിരിച്ചെത്തുന്നത് അര മണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. ബയോമെട്രിക് പ‍ഞ്ചിങ് എല്ലാ വകുപ്പുകളിലും എല്ലാ സർക്കാർ ഓഫിസുകളിലും ഇന്നലെ മുതൽ നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശവും പൂർണമായി നടപ്പായിട്ടില്ല. 

സെക്രട്ടേറിയറ്റിലെ സന്ദർശകർ ബുദ്ധിമുട്ടും

ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പാകുന്നതോടെ വിവിധ ആവശ്യങ്ങളുമായി വരുന്ന അപേക്ഷകരും ബുദ്ധിമുട്ടും. 3 മുതൽ 5 വരെയാണു പുറമേ നിന്നുള്ളവർക്കു സെക്രട്ടേറിയറ്റിൽ കയറാനാകുക. ഈ സംവിധാനം വന്നാൽ സന്ദർശകർ റിസപ്ഷനിലെത്തി പോകേണ്ട ഓഫിസിലേക്കുള്ള പ്രത്യേക കാർഡ് വാങ്ങി അവിടേക്കു പോകണം. അവിടെ നിന്നു മറ്റൊരു ഓഫിസിൽ അന്വേഷിക്കാൻ നിർദേശിച്ചാൽ തിരിച്ചു വീണ്ടും റിസപ്ഷനിലെത്തി ആദ്യത്തെ കാർഡ് തിരികെ നൽകി അടുത്ത കാർഡ് എഴുതിവാങ്ങി വേണം പോകാൻ. 

English Summary: Secretariat access system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com