ADVERTISEMENT

വൈക്കം ∙ മതനിരപേക്ഷത സംരക്ഷിക്കാൻ കേരളവും തമിഴ്നാടും തോളോടു തോൾ ചേർന്നു നിൽക്കുമെന്ന പ്രഖ്യാപനത്തോടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒരുമിച്ചു തിരിതെളിച്ചതോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന ആഘോഷങ്ങൾ ആരംഭിച്ചു. 

വൈക്കം സത്യഗ്രഹം കേരളത്തിലേതു പോലെ തന്നെ തമിഴ്‌നാട്ടിലെയും സാമൂഹികനീതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമായിരുന്നുവെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവർക്കും ഈ സമരം വഴികാട്ടിയായി. കേരളത്തിൽ നിന്നു ടി.കെ.മാധവനും തമിഴ്നാട്ടിൽ നിന്നു പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരും സംയുക്തമായാണ് സമരം നടത്തിയത്. ഈ സമരത്തിന്റെ പ്രാധാന്യം ഇന്നത്തെ തലമുറയിൽ എത്തിക്കേണ്ട കടമ ഇരു സംസ്ഥാന സർക്കാരുകൾക്കുമുണ്ട്. ജാതി, മത ശക്തികൾ അനാചാരങ്ങളൊക്കെ തിരികെകൊണ്ടു വരാൻ ശ്രമിക്കുമ്പോൾ 100 വർഷം മുൻപ് പൊരുതി നേടിയ വിജയം അതേ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ജാതി ചിന്ത മാറി സോഷ്യലിസം പുലരാനായി യത്നിക്കാം– സ്റ്റാലിൻ പറഞ്ഞു. 

കേരളവും തമിഴ്നാടും തമ്മിലുള്ള ഐക്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുന്ന തരത്തിലേക്കു വളർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന മൂല്യം ഉൾക്കൊണ്ടു പോകുന്ന രണ്ടു ധാരകളാണു കേരളവും തമിഴ്നാടുമെന്നും പിണറായി വിജയൻ പറഞ്ഞു. 

വൈക്കം കായലോരത്തു നടന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, കെ.രാധാകൃഷ്ണൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ഡിഎംകെ ട്രഷറർ ടി.ആർ.ബാലു, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ബിനോയ് വിശ്വം, സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, കലക്ടർ ഡോ. പി.കെ.ജയശ്രീ എന്നിവർ പ്രസംഗിച്ചു. 

വൈക്കം വലിയ കവലയിലെ മഹാത്മാ ഗാന്ധി, ഇ.വി.രാമസ്വാമി നായ്ക്കർ, ടി.കെ.മാധവൻ, മന്നത്ത് പത്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയിട്ടാണ് ഇരു മുഖ്യമന്ത്രിമാരും വേദിയിലെത്തിയത്. വൈക്കം സത്യഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, എ.രാമൻ ഇളയത് എന്നിവർക്കായി ഒരുക്കിയ സ്മൃതി മണ്ഡപങ്ങളിലും പിണറായി വിജയനും സ്റ്റാലിനും പുഷ്പാർച്ചന നടത്തി.

English Summary : Vaikom Satyagraham Celebration begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com