ADVERTISEMENT

തിരുവനന്തപുരം ∙ മദ്യത്തിന് ഇന്നുമുതൽ സർക്കാർ പ്രഖ്യാപിച്ചതിനെക്കാൾ 10 രൂപ കൂടി അധികം നൽകേണ്ടിവരും. 500 രൂപ മുതലുള്ള മദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ളതിന് 40 രൂപയുമാണ് ഇന്നലെ മുതൽ സെസ് ഏർപ്പെടുത്തിയത്. എന്നാൽ, ഇവയ്ക്കു യഥാക്രമം 30, 50 രൂപ വീതം അധികം നൽകേണ്ടി വരും. സെസ് തുകയിൽ ബവ്റിജസ് കോർപറേഷൻ വിറ്റുവരവു നികുതി ഈടാക്കുന്നതാണു കാരണം. 5% ആണ് ചില്ലറ വിൽപനയിലെ വിറ്റുവരവു നികുതി.

cartoon

സെസ് വഴി 20 രൂപ വർധിക്കുമ്പോൾ ഒരു രൂപയും 40 രൂപ വർധിക്കുമ്പോൾ 2 രൂപയും മാത്രമേ ഇങ്ങനെ നികുതി നൽകേണ്ടതുള്ളൂവെങ്കിലും ചില്ലറക്കണക്ക് ഒഴിവാക്കാൻ‌ 15 വർഷമായി ബവ്കോ പത്തിന്റെ ഗുണിതങ്ങളായാണ് വില നിശ്ചയിക്കുന്നത്. ഫലത്തിൽ ഒരു രൂപ നികുതിയുടെ പേരിൽ 10 രൂപയും 2 രൂപയ്ക്ക് 20 രൂപയും അധികം നൽകണം.സർക്കാർ വിജ്ഞാപനത്തിൽ സെസിനു മേലുള്ള വിറ്റുവരവു നികുതി സർക്കാർ ഒഴിവാക്കിയിട്ടുമില്ല. പുതിയ വർഷത്തെ മദ്യനയ ഉത്തരവ് മാർച്ച് 31ന് എങ്കിലും ഇറങ്ങേണ്ടതായിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനാൽ സംസ്ഥാനത്തെ ഡിസ്റ്റിലറികൾ പലതും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

മാഹിയിൽ പെട്രോൾ ലീറ്ററിന് 14 രൂപ കുറവ്

തിരുവനന്തപുരം ∙ പെട്രോളിനും ഡീസലിനും 2 രൂപ വിലവർധന പ്രാബല്യത്തിലായതോടെ അതിർത്തി ജില്ലകളിലെ ജനങ്ങൾ‌ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ പമ്പുകളിലേക്ക്. കണ്ണൂരിൽനിന്നു മാഹിയിലെത്തുന്നവർക്കാണ് ഏറ്റവും ലാഭം. പെട്രോളിൽ 14.4 രൂപയും ഡീസലിൽ 13.4 രൂപയുമാണ് ലാഭം. കുമളിയിൽ നിന്ന് ലോവർ പെരിയാറിലെത്തിയാൽ പെട്രോളിൽ 5.20 രൂപയും ഡീസലിൽ 2.35 രൂപയും ലാഭമുണ്ട്. കേരളത്തിലെ 20 ലീറ്റർ പെട്രോളിന്റെ വില കൊണ്ട് തമിഴ്നാട്ടിൽ 21 ലീറ്ററടിക്കാം. കർണാടകയിൽ ഇതിലേറെ ലാഭമുണ്ട്.

വാണിജ്യ സിലിണ്ടറിന് 89.5 രൂപ കുറച്ചു

കൊച്ചി ∙ പാചകവാതകം വാണിജ്യ സിലിണ്ടറിന് 89.50 രൂപ കുറച്ചു. കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 2034.50 രൂപയായി. 351 രൂപ വർധിച്ച ശേഷമാണ് വില കുറഞ്ഞത്. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല– കൊച്ചിയിൽ 1110 രൂപ. 19 കിലോയാണ് വാണിജ്യ സിലിണ്ടറിന്റെ തൂക്കം. ഗാർഹിക സിലിണ്ടർ 14.20 കിലോയാണ്.

English Summary: Liquor price hiked by 10 rupees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com