ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയേക്കും. പഴയ സ്റ്റോക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്ക് മാത്രമേ ജൂൺ 30 വരെ സാവകാശം നൽകൂ എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ളത്. 

ബാക്കിയുള്ള ബിഐഎസ് റജിസ്റ്റേഡ് ജ്വല്ലറികൾക്ക് ഇന്നലെ മുതൽ എച്ച്‍യുഐഡി നിർബന്ധമാണെന്ന് മന്ത്രാലയത്തിലെ അഡീഷനൽ ചീഫ് സെക്രട്ടറി നിധി ഖാരെ പറയുകയും ചെയ്തു. എന്നാൽ, ചില ജ്വല്ലറികൾക്ക് മാത്രമായി ഇളവ് നൽകുന്നത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കും. പഴയ സ്റ്റോക് വെളിപ്പെടുത്തിയ ജ്വല്ലറിയേതെന്നു മനസ്സിലാക്കാനും ഉപഭോക്താവിനു മാർഗമില്ല. ഇളവ് ബാധകമല്ലാത്ത ഒരു ജ്വല്ലറി തങ്ങൾക്ക് ഇളവ് ബാധകമെന്ന് അവകാശപ്പെട്ട് പഴയ സ്റ്റോക് വിറ്റാലും തിരിച്ചറിയാനാകില്ല. വിഷയത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നാളെ വ്യക്തത വരുത്തിയേക്കുമെന്നാണ് വിവരം.

എച്ച്‍യുഐഡി നടപ്പാക്കുന്നതിന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലെ ഹൈക്കോടതി ഉത്തരവിലും ആശയക്കുഴപ്പമുണ്ടെന്നാണ് വിലയിരുത്തൽ. സാവകാശം നൽകാൻ കേന്ദ്രം തീരുമാനിച്ച പശ്ചാത്തലത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നു വിലയിരുത്തിയാണു കോടതി ഹർജി തീർപ്പാക്കിയത്. എന്നാൽ, കോടതിയുടെ ഉത്തരവ് അനുകൂലമാണെന്നാണ് ഹർജിക്കാർ പറയുന്നത്.

English Summary: Madatory hallmarking for gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com