ADVERTISEMENT

പത്തിരിപ്പാല (പാലക്കാട്) ∙ എസ്എഫ്ഐ ജില്ലാ നേതാവ് ഉൾപ്പെട്ട കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഗവ. കോളജിൽ പ്രിൻസിപ്പലിനെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചു. കുഴഞ്ഞുവീണ പ്രിൻസിപ്പലിനെ പൊലീസ് എത്തിയാണു മോചിപ്പിച്ചത്. കോളജ് വിദ്യാർഥികളായ 27 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 

കോളജ് പ്രിൻസിപ്പൽ കെ.വി.മേഴ്സിയുടെ പരാതിയിൽ റിജു കൃഷ്ണൻ, മുഹമ്മദ് സുഹൈൽ, സഞ്ജയ്, സ്നേഹ, റോഷിനി, ചാരുത, സംവൃത എന്നിവർക്കും കണ്ടാലറിയുന്ന 20 പേർക്കുമെതിരെയാണു കേസ്. എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളജ് യൂണിയനും കോളജിലെ കായികതാരങ്ങളും തമ്മിൽ മുൻപുണ്ടായ തർക്കമാണു സംഭവങ്ങളിലേക്കു നയിച്ചത്. 

കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ നൽകിയത് എസ്എഫ്ഐ നേതാക്കൾ ചോദ്യംചെയ്തിരുന്നു. എസ്എഫ്ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ മാർച്ച് 24നു പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തി. ഇതിൽ 9 പേർക്കെതിരെ മങ്കര പൊലീസ് കേസെടുത്തിരുന്നു. ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കൾ പ്രിൻസിപ്പലിനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. പ്രശ്നം തീർക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

കെ.ശാന്തകുമാരി എംഎൽഎ, പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി.സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യൂണിയൻ ഭാരവാഹികളും പ്രിൻസിപ്പലുമായി വീണ്ടും ചർച്ച നടത്തി. അഭിഭാഷകനുമായി സംസാരിച്ചു കേസ് പിൻവലിക്കാമെന്ന ധാരണയിൽ പ്രിൻസിപ്പൽ എത്തിയിരുന്നതായും വിവരമുണ്ട്. എന്നാൽ, കേസിന്റെ മഹസർ തയാറാക്കുന്നതിനു ‍കഴിഞ്ഞ ദിവസം മങ്കര എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് കോളജിൽ എത്തിയതോടെയാണു പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചത്. 

മുറിയിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ നടന്ന പ്രതിഷേധത്തിനിടെ ഭക്ഷണം കഴിക്കാനോ വൈദ്യുതി നിലച്ചപ്പോൾ ഇൻവെർട്ടർ പ്രവർത്തിപ്പിക്കാനോ അനുവദിച്ചില്ല. മുദ്രാവാക്യം മുഴക്കിയ കുട്ടികൾക്കിടയിൽ പ്രിൻസിപ്പൽ കുഴഞ്ഞു വീണതോടെ മങ്കര ഇൻസ്പെക്ടർ കെ.ഹരീഷ്, എസ്ഐ കെ.ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

English Summary : SFI strike against college principal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com