ദേവികുളം തിരഞ്ഞെടുപ്പ് കേസ്: സ്റ്റേ നീട്ടണമെന്ന എ. രാജയുടെ ഹർജി തള്ളി

Mail This Article
കൊച്ചി ∙ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവിലെ സ്റ്റേ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എ. രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 10 ദിവസത്തേക്കായിരുന്നു സ്റ്റേ. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അപ്പീലിലെ പിഴവ് മൂലം പരിഗണിച്ചില്ല. തുടർന്നാണു സ്റ്റേ കാലാവധി 20 ദിവസം കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയത്. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ആവശ്യം പരിഗണിക്കാനാകില്ലെന്നു വിലയിരുത്തി ജസ്റ്റിസ് പി. സോമരാജൻ ഹർജി തള്ളി.
ക്രൈസ്തവനായതിനാൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തുനിന്നു മത്സരിക്കാൻ യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണു ഹൈക്കോടതി മാർച്ച് 20ന് ഉത്തരവിട്ടത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ വീണ്ടും സാങ്കേതികമായി എ. രാജ എംഎൽഎ അല്ലാതായി.
നിയമസഭാംഗമെന്ന നിലയിൽ വോട്ടിങ്ങിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ പാടില്ലെന്ന് സ്റ്റേ അനുവദിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതു വരെ ഇനി കാത്തിരിക്കേണ്ടിവരും.
English Summary: High court on Cancellation of Devikulam election