തിരുവനന്തപുരം ∙ ഡിസിസി–ബ്ലോക്ക് പുനഃസംഘടന ഇനിയും നീട്ടരുതെന്നു കെപിസിസി നേതൃയോഗം. പട്ടിക നൽകാനുള്ള ജില്ലകൾ മൂന്നു ദിവസത്തിനുള്ളിൽ കൈമാറണം. ജില്ലാതല പട്ടികകളെല്ലാം കിട്ടിയാൽ 10 ദിവസത്തിനകം ക്രോഡീകരിച്ചു കെപിസിസിക്കു നൽകാൻ സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റിക്കു നിർദേശം നൽകി.
മേയ് 4നു നടത്താനിരുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം മാറ്റിവച്ചു. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതിഷേധിച്ചു സമര പരമ്പരകൾക്ക് എഐസിസി രൂപം നൽകിയ സാഹചര്യത്തിലാണിത്. കെപിസിസിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 ചാലഞ്ച് ഒരു മാസത്തേക്കു കൂടി നീട്ടി. ചില ജില്ലകൾ ലക്ഷ്യം കൈവരിച്ചില്ലെന്ന വിലയിരുത്തലിലാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികൾ ചോദ്യം ചെയ്ത് ഈ മാസം 10 മുതൽ പോഷക സംഘടനകളുടെയും സെല്ലുകളുടെയും നേതൃത്വത്തിൽ പോസ്റ്റൽ കാർഡ് പ്രചാരണം സംഘടിപ്പിക്കും. 10 മുതൽ 25 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘ജയ് ഭാരത് സത്യഗ്രഹം’. 26 മുതൽ മേയ് 10 വരെ ജില്ലാതലത്തിൽ സമാന സമ്മേളനങ്ങൾ. മേയ് 11നും 25നും ഇടയിൽ സംസ്ഥാനതലത്തിൽ കൊച്ചി കേന്ദ്രീകരിച്ചു ‘ജയ് ഭാരത് സത്യഗ്രഹം’. ഇതിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിക്കാനാണു ശ്രമം.
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം അതിഗംഭീരമായി നടത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. സർക്കാർ പരിപാടിയെക്കാൾ ജനപങ്കാളിത്തം കോൺഗ്രസ് നടത്തിയ പരിപാടിക്കു ലഭിച്ചു. സംഘാടക സമിതിക്കു നേതൃത്വം നൽകിയ വി.പി.സജീന്ദ്രനെയും എം.ലിജുവിനെയും യോഗം അഭിനന്ദിച്ചു.
11നു വയനാട്ടിൽ റാലി
സൂറത്ത് കോടതി വിധിയുടെ പേരിൽ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്ന 11നു വൻറാലി സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും. 13നു കേരളമാകെ മണ്ഡലം തലത്തിൽ ‘നൈറ്റ് മാർച്ച്’ സംഘടിപ്പിക്കും.
English Summary: KPCC Executive committee meeting