ADVERTISEMENT

കളമശേരി ∙ ഇറ്റാലിയൻ പ്രഫസറുടെ ഗവേഷണ ഉപന്യാസം പദാനുപദം കോപ്പിയടിച്ച സംഭവത്തിൽ കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) കുട്ടനാട്ടിലെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ (കുസെക്) പാർട് ടൈം റിസർച് സ്കോളറായ വി. ഷിബുവിനു കർശനമായ താക്കീതു നൽകാനും 10,000 രൂപ പിഴ ഈടാക്കാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.

കൂടാതെ ഉപന്യാസത്തിന്റെ യഥാർഥ രചയിതാവായ ഇറ്റലി മിലാനോയിൽനിന്നുള്ള പ്രഫസർ സ്റ്റെഫാനോ സനേറോവിനു വി. ഷിബു നിരുപാധികം മാപ്പപേക്ഷ നൽകണം. പിഴയും മാപ്പപേക്ഷയും നൽകിയില്ലെങ്കിൽ വി. ഷിബുവിന്റെ പിഎച്ച്ഡി റജിസ്ട്രേഷൻ കുസാറ്റ് റദ്ദാക്കും. ഭാവിയിൽ ഇത്തരം  മോഷണം കണ്ടെത്തി തടയുന്നതിനു യുജിസി നിർദേശപ്രകാരമുള്ള അക്കാദമിക് ഇന്റഗ്രിറ്റി പാനൽ കുസാറ്റിൽ രൂപീകരിക്കാനും വൈസ്ചാൻസലർ ഡോ. കെ.എൻ. മധുസൂദനന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 

പരാതിയിൽ സർവകലാശാല സ്വീകരിച്ച നടപടികൾ പ്രഫ. സ്റ്റെഫാനോയെ അറിയിക്കും. 2022 ഓഗസ്റ്റ് 16നാണു സ്റ്റെഫാനോ, കുസാറ്റിലെ റിസർച് സ്കോളർ രചനാമോഷണം നടത്തിയെന്നു കാണിച്ചു സർവകലാശാലയ്ക്കു പരാതി നൽകിയത്. പരാതി ഗൗരവമായി കണ്ട സർവകലാശാല, അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡീൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഷിബുവിന്റെ പേരിലുള്ള പ്രബന്ധം സ്റ്റെഫാനോയുടെ പ്രബന്ധത്തിന്റെ ‘ലൈൻ ബൈ ലൈൻ’ കോപ്പിയാണെന്നു കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിയു‌ടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി സിൻഡിക്കറ്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയ ശുപാർശകൾ അതേപടി സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു.

 

English summary: Plagiarism CUSAT scholar warned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com