ADVERTISEMENT

കൊച്ചി ∙ സിനിമാതാരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ‘അമ്മ’ അംഗങ്ങളിൽ നിന്നുതന്നെ കടുത്ത വിമർശനം ഉയർന്നത് സിനിമയിലെ ‘പുക’ വിവാദം വീണ്ടും പുകഞ്ഞു കത്താൻ കാരണമായി. മകനെ സിനിമയിൽ അഭിനയിക്കാൻ വിടാഞ്ഞത് ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലമാണെന്നും ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നും നടൻ ടിനി ടോം തുറന്നടിച്ചത് പൊതുസമൂഹത്തിൽ വലിയ ചർച്ചയായി.

താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ല എന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാൻ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും നിർദേശമുണ്ട്. കർശനമായ പരിശോധനകൾക്കു ശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് അമ്മ. 14 അംഗ എക്സിക്യൂട്ടീവ് ഏകകണ്ഠമായി അംഗീകരിച്ചാൽ മാത്രമേ ഇപ്പോൾ അംഗത്വം നൽകാൻ കഴിയൂ. പ്രശ്നങ്ങൾ ഉണ്ടായതിനു തൊട്ടു പിന്നാലെ ശ്രീനാഥ് ഭാസിയും മറ്റും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും മറുപടി നൽകിയിട്ടില്ല.

ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട് എന്നവകാശപ്പെട്ട നിർമാതാക്കൾ ഇക്കാര്യത്തിൽ പരസ്യമായ ഏറ്റുമുട്ടലിന് തൽക്കാലം തയാറല്ല. ലഹരിക്കാരുമായി തൽക്കാലം അകലം പാലിക്കാനാണ് തീരുമാനം. എന്നാൽ സെറ്റിൽ പൊലീസോ എക്സൈസോ നിയമാനുസൃത പരിശോധന നടത്തിയാൽ എതിർക്കില്ല. താരങ്ങളുടെ ലഹരി ഉപയോഗത്തെ പരസ്യമായി എതിർത്ത സംഘടനകളുടെ മുൻ നിലപാടിൽ നിന്ന്  ഒരു സംഘടന പിന്നോട്ടു പോവുകയും ലഹരിക്കേസിൽ അറസ്റ്റിലായ നടനെ സംഘടനാ നേതാവ് വാഴ്ത്തിപ്പറയുകയും ചെയ്തതിൽ നിർമാതാക്കളിൽ ചിലർ അസ്വസ്ഥരാണ്. ലഹരി ഉപയോഗം ഉണ്ടെന്ന് പറഞ്ഞവരെ ചേരിതിരിഞ്ഞ് ആക്രമിച്ച സംഭവങ്ങളുമുണ്ടായി.

ലഹരി ഉപയോഗം സംബന്ധിച്ച് നിർണായക വിവരം കിട്ടിയ എക്സൈസ് സംഘം പ്രമുഖ നടന്റെ കാറിന്റെ അരികിൽ വരെയെത്തി എന്ന ബാബുരാജിന്റെ അഭിമുഖവും സജീവ ചർച്ചയായിട്ടുണ്ട്. പലരും ലഹരി ഉപയോഗിക്കുന്നത് പരസ്യമായാണെന്നും ബാബു വെളിപ്പെടുത്തുന്നു.

കൊച്ചി നഗരത്തിലെ ലഹരി ഇടപാടുകളെക്കുറിച്ച് വിശദമായി പഠിച്ച പൊലീസ് സംഘം 3000 ലേറെ കാരിയർമാരുടെ ഫോൺ നമ്പറുകൾ കണ്ടെത്തിയിരുന്നു. ഇവരുമായി സജീവമായി ഇടപെടുന്ന 300 പേരുടെ ചുരുക്കപ്പട്ടികയും തയാറാക്കി. ഇവയിലെല്ലാം സിനിമ പ്രവർത്തകരുടെ പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

English Summary: Drugs controversy again in movie industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com