ADVERTISEMENT

കോഴിക്കോട്∙ ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കുന്നതിനായി ജീവനക്കാർ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കേണ്ട തുക ഈടാക്കുന്നതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾ ഇപിഎഫ്ഒ പുറപ്പെടുവിച്ചു. 15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16% തുക കൂടി തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് ഈടാക്കാനുള്ള തീരുമാനം 2014 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക. ഇതോടെ ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ ശമ്പളത്തിന്റെ 15,000 രൂപ വരെയുള്ള തുകയുടെ 8.33 ശതമാനവും അതിനു മുകളിലുള്ള ശമ്പളത്തിന്റെ 9.49 ശതമാനവും തൊഴിലുടമയുടെ പിഎഫ് വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്കു മാറ്റും. 2014 സെപ്റ്റംബറിനു മുൻപുള്ള സേവനകാലത്തെ അധിക ശമ്പളത്തിന് 1.16% ഈടാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ മുഴുവൻ ശമ്പളത്തിനും 8.33% വിഹിതം അടച്ചാൽ മതി.

തൊഴിലുടമകൾ സമർപ്പിക്കുന്ന ശമ്പളക്കണക്ക് പരിശോധിച്ചാവും ഇപിഎഫ്ഒ കുടിശിക തുക അന്തിമമായി തീരുമാനിക്കുക. ഈ തുകയ്ക്ക് അതതു കാലത്ത് ഇപിഎഫ്ഒ വരിക്കാരനു നൽകിയിട്ടുള്ള പലിശ കൂടി അതേ നിരക്കിൽ തിരികെ നൽകണം. തിരിച്ചടയ്ക്കാനുള്ള തുക സംബന്ധിച്ച് ജീവനക്കാരെ അറിയിക്കുകയും ഇത് ഈടാക്കുന്നതിന് സമ്മതപത്രം വാങ്ങുകയും ചെയ്യും. ഇതിനുള്ള തുക പ്രോവിഡന്റ് ഫണ്ടിൽ ബാക്കിയുണ്ടെങ്കിൽ അത് പെൻഷൻ ഫണ്ടിലേക്കു മാറ്റും. തുക തികയില്ലെങ്കിൽ ബാക്കി അടയ്ക്കാൻ മൂന്നു മാസം വരെ സമയം അനുവദിക്കും. ഓൺലൈൻ വഴിയോ ചെക്ക് വഴിയോ ആയിരിക്കും തുക ഈടാക്കുക. ഈ നടപടി പൂർത്തിയാക്കുന്നതിന് പിഎഫ് ഓഫിസുകൾക്കുള്ള വിശദമായ നിർദേശങ്ങളും ആറു പേജുകളുള്ള സർക്കുലറിലുണ്ട്. പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി പിന്നാലെയുള്ള സർക്കുലറിൽ വ്യക്തമാക്കുമെന്നും ഇപിഎഫ്ഒ പറയുന്നു.

English Summary : Higher PF Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com