ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ അനുവാദമുള്ളതിൽ കൂടുതൽ ആളുകളെ കയറ്റരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ വേണ്ടത്ര ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും ഇവ ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഉൾപ്പെടെ കർശന മാർഗനിർദേശങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നോട്ടുവച്ചു. താനൂർ ബോട്ട് ദുരന്തത്തിന്റെ കാരണങ്ങളിലൊന്ന് ഓവർലോഡിങ് ആണെന്ന മലപ്പുറം കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി നടപടി. ദുരന്തത്തെത്തുടർന്നു കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. 

സംസ്ഥാനത്ത് ഇനി ഓവർലോഡിങ്ങിന്റെയും ജീവനക്കാരുടെ അനാസ്ഥയുടെയും പേരിൽ ബോട്ട് ദുരന്തമുണ്ടാകാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ കേരളത്തിൽ എല്ലായിടത്തും ബോട്ട് സർവീസുകൾ വരുന്നതിൽ അദ്ഭുതമില്ല. എന്നാൽ, എവിടെ വേണമെങ്കിലും അപകടമുണ്ടാകാമെന്ന അവസ്ഥയാണ്. 

താനൂരിൽ 20 ദിവസം മുൻപാണു ബോട്ട് സർവീസ് തുടങ്ങിയതെന്നും പരമാവധി 22 യാത്രക്കാരെയും 2 ജീവനക്കാരെയും മാത്രമേ കയറ്റാമായിരുന്നുള്ളൂവെന്നും കലക്ടർ അറിയിച്ചു. എന്നാൽ, അപകടമുണ്ടായപ്പോൾ 37 പേരുണ്ടായിരുന്നു. സർവീസ് നിർത്തിവയ്ക്കാൻ നേരത്തെ പൊലീസ് നിർദേശിച്ചെങ്കിലും വീണ്ടും തുടങ്ങുകയായിരുന്നെന്നു താനൂർ മുനിസിപ്പാലിറ്റിയും അറിയിച്ചു. 

ബോട്ടുകളുടെ രൂപമാറ്റത്തെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നു കോടതി പറഞ്ഞു. ഇക്കാര്യം ഉൾപ്പെടെ പരിശോധിക്കാനായി അമിക്കസ് ക്യൂറിയായി മാരിടൈം നിയമങ്ങളിൽ വിദഗ്ധനായ വി.എം.ശ്യാംകുമാറിനെ നിയമിച്ചു.‌ മാരിടൈം ബോർഡിന് ഉൾപ്പെടെ നോട്ടിസ് നൽകാൻ നിർദേശിച്ചു. വിഷയം 7ന് വീണ്ടും പരിഗണിക്കും. 

കോടതി മാർഗനിർദേശങ്ങൾ:

∙ വാതിലുകൾ, കാബിനുകൾ, ലോവർ, അപ്പർ ഡെക്കുകൾ എന്നിവിടങ്ങളിൽ പരമാവധി കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം ഇംഗ്ലിഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം. 

∙ യാത്രക്കാരുടെ റജിസ്റ്റർ സൂക്ഷിക്കണമെന്ന അമിക്കസ് ക്യൂറിയുടെ നിർദേശം പരിഗണിക്കണം. 

∙ അനുവദനീയമായ പരിധിയിൽ മാത്രം യാത്രക്കാരെ കയറ്റേണ്ടതിന്റെ ഉത്തരവാദിത്തം ബോട്ടിന്റെ ഡ്രൈവർ/ സ്രാങ്ക് /ലാസ്കർ/ മാസ്റ്റർ എന്നിവർക്കായിരിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഇവരെ ഉത്തരവാദികളാക്കും. 

∙ അനുവദനീയമായ സ്ഥലത്തു മാത്രം യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാവൂ. 

∙ എല്ലാ ബോട്ടുകൾക്കും തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കണം. 

English Summary: Collector report on Thanur boat accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com