താനൂർ ബോട്ടപകടം: അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്

HIGHLIGHTS
  • വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും
tanur-boat-accident
ദുരന്തത്തിൽപെട്ട ബോട്ട് കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു. (ഫയൽ ചിത്രം)
SHARE

മലപ്പുറം ∙ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരിലേക്ക്. ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പൊന്നാനിയിലെയും ബേപ്പൂരിലെയും തുറമുഖ വകുപ്പിന്റെ ഓഫിസുകളിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

താനൂരിൽ അപകടത്തിൽപെട്ട അറ്റ്ലാന്റിക് ബോട്ട് മീൻപിടിത്ത വള്ളം രൂപംമാറ്റി നിർമിച്ചതാണെന്നു കണ്ടെത്തിയിരുന്നു. ബോട്ടിന് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതേസമയം, അപകടത്തിൽപെട്ട ബോട്ടിന്റെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കേതിക സർവകലാശാലയിൽനിന്നുള്ള വിദഗ്ധ സംഘം ഇന്നോ നാളെയോ എത്തും.

മീൻപിടിത്ത വള്ളം യാത്രാബോട്ടാക്കി മാറ്റുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ‘അറ്റ്ലാന്റിക്’ ഇവയെല്ലാം പാലിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും സംഘം പരിശോധിക്കുക. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് സാങ്കേതിക വിദഗ്ധർ എത്തുന്നത്. ബോട്ടുടമ പി.നാസറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിന് അന്വേഷണം സംഘം ഉടൻ അപേക്ഷ നൽകും. നിലവിൽ ഇയാൾ തിരൂർ സബ് ജയിലിലാണ്. 

താനൂർ പൂരപ്പുഴയിലെ തൂവൽത്തീരത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന ബോട്ടപകടത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 22 പേരാണു മരിച്ചത്. ബോട്ടിന് അനുമതി നൽകിയതിലും സർവീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങൾ സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബോട്ടുടമയും സ്രാങ്കും ജീവനക്കാരും ഉൾപ്പെടെ 9 പേരാണ് ഇതുവരെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

English Summary: Tanur boat accident investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS