താനൂർ ബോട്ട് അപകടം ജുഡീഷ്യൽ അന്വേഷണം: വിഷയങ്ങൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു

HIGHLIGHTS
  • കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ടത് 6 മാസത്തിനകം
tanur-boat-accident-2
താനൂർ ബോട്ട് അപകടത്തിന്റെ രക്ഷാപ്രവർത്തനം
SHARE

തിരുവനന്തപുരം ∙ താനൂർ ബോട്ട് അപകടം സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞെങ്കിലും കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയില്ല. അതേസമയം, റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷനെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഇറക്കി. താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിനു വഴിയൊരുക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു എന്നാണു വിജ്ഞാപനത്തിൽ പറയുന്നത്. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

അന്വേഷണ വിഷയങ്ങൾ തയാറാക്കാൻ ചീഫ് സെക്രട്ടറിയെയാണു 10നു ചേർന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. അദ്ദേഹം ഇതു തയാറാക്കി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകി. തുടർന്നു മുഖ്യമന്ത്രിക്കു വിട്ടു. മുഖ്യമന്ത്രി പരിശോധിച്ച ശേഷം അനുമതി നൽകിയതായി അറിയുന്നു. എന്നാൽ ഇതുവരെ വിഷയങ്ങളുടെ വിജ്ഞാപനം ഇറക്കിയിട്ടില്ല. 

അപകടത്തിൽപെട്ട ബോട്ട് എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചാണു സർവീസ് നടത്തുന്നതെന്നും ഇതു ദുരന്തത്തിന് ഇടയാക്കുമെന്നും വ്യക്തമാക്കി പൊതുപ്രവർത്തകർ ചില മന്ത്രിമാരോടു നേരത്തെ പരാതി പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ഒഴിവാക്കിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ നിർണായകമാണ്.

ജസ്റ്റിസ് മോഹനനു പുറമേ സാങ്കേതിക വിദഗ്ധരായി ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ റിട്ട. ചീഫ് എൻജിനീയർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനീയർ എസ്.സുരേഷ് കുമാർ എന്നിവരെ കമ്മിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary: Tanur boat accident judicial investigation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS