ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് ക്യാമറ വിവാദത്തിൽ കെൽട്രോണിനെ പൂർണമായും സംരക്ഷിച്ച് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെ അന്വേഷണ റിപ്പോർട്ട്. എസ്ആർഐടിയുമായുള്ള കരാറിൽ ഉപകരാർ കമ്പനികളായ അൽഹിന്ദ്, പ്രസാഡിയോ എന്നിവരുടെ പേരുകൾ രേഖപ്പെടുത്തിയതു മാത്രമാണു കെൽട്രോണിന്റെ വീഴ്ചയായി വിലയിരുത്തിയിട്ടുള്ളത്. ഉപകരണങ്ങൾ വാങ്ങുന്നതിനു മുൻപു സമഗ്ര ഭരണാനുമതി നൽകുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കിയില്ലെന്നും കണ്ടെത്തി.

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചാണു കെൽട്രോൺ ടെൻഡർ നൽകിയതെന്നും ടെൻഡറിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രധാന ഘടകങ്ങളൊന്നും ഉപകരാർ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഭാവിയിൽ സമാന പദ്ധതികൾ നടപ്പാക്കുമ്പോൾ മതിയായ പരിശോധന ഉറപ്പുവരുത്തുന്നതിന് ഉന്നതാധികാര സമിതിക്കു സർക്കാർ രൂപം നൽകണം. കെൽട്രോണിനു ബാഹ്യ ഏജൻസികളുമായി കരാറിൽ ഏർപ്പെടുന്നതിനു തടസ്സമില്ല. എന്നാൽ നിയമപരമായി കെൽട്രോണിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു സംവിധാനം ഒരുക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അതേസമയം, പദ്ധതി ഏറ്റെടുത്ത ശേഷം പണം മുടക്കുന്ന കമ്പനികളെ കണ്ടെത്താൻ എസ്ആർഐടി മാസങ്ങളെടുത്തെന്ന സൂചന റിപ്പോർട്ടിലുണ്ട്.

കെൽട്രോണുമായി സഹകരിക്കുന്ന സർക്കാർ വകുപ്പുകളും ഏജൻസികളും അവരുടെ ആഭ്യന്തര നടപടിക്രമങ്ങൾ പദ്ധതി ആരംഭിക്കുന്നതിനു മുൻപ് തന്നെ പൂർത്തിയാക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. 3 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ മൂന്നാമതെത്തിയ അക്ഷര പ്രൈവറ്റ് ലിമിറ്റഡ് 2017 ൽ റജിസ്റ്റർ ചെയ്തതാണെന്നും 10 വർഷം പ്രവൃത്തി പരിചയമില്ലാതെയാണു ടെൻഡറിൽ പങ്കെടുപ്പിച്ചതെന്നുമുള്ള ആരോപണത്തിൽ വിശദീകരണം ഇങ്ങനെ:

‘അക്ഷര പ്രൈവറ്റ് ലിമിറ്റഡ് 2017ൽ രൂപീകരിച്ചതാണ്. എന്നാൽ അക്ഷര എന്റർപ്രൈസസ് എന്ന പേരിൽ ഇതേ കമ്പനി 2010 മുതൽ നിലവിലുണ്ടായിരുന്നു. ഇതിന്റെ രേഖകൾ കമ്പനീസ് റജിസ്ട്രാർക്കു നൽകിയത് അവർ ടെൻഡർ രേഖയ്ക്കൊപ്പം സമർപ്പിച്ചിരുന്നു.’

 

ആരോപണം ഉപകരാറിൽ: അവിടെ തൊട്ടില്ല

റോഡ് ക്യാമറ പദ്ധതിയിൽ ആരോപണങ്ങളെല്ലാം ഉയർന്നതു ഉപകരാറുകളുമായി ബന്ധപ്പെട്ടാണ്. എന്നാൽ പ്രിൻസിപ്പിൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരാറുകൾ പരാമർശ വിധേയമായിട്ടില്ല. വ്യവസായ വകുപ്പിനു വേണ്ടി നടത്തിയ അന്വേഷണമെന്ന നിലയിൽ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കെൽട്രോൺ പദ്ധതിയുടെ കരാർ നൽകിയതിനെക്കുറിച്ചു മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ എന്നാണു വിശദീകരണം. കരാർ രേഖയിൽ തന്നെ പ്രസാഡിയോ ഉൾപ്പെടെയുള്ള ഉപകരാർ കമ്പനികളെക്കുറിച്ചു പരാമർശമുണ്ടെന്നിരിക്കെയാണ് ഇക്കാര്യം തമസ്കരിച്ചത്.

 

യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുമെന്നു സതീശൻ

തിരുവനന്തപുരം ∙ ക്യാമറ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടു  യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിവാദത്തിന്റെ ഭാഗമായ  പ്രസാഡിയോ കമ്പനിയുമായി  ഒരു ബന്ധവും ഇല്ലെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ? അഴിമതിയിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ബന്ധുവും പങ്കാളിയാണ്. അന്വേഷണം നടത്തിയാൽ തെളിവു ഹാജരാക്കാൻ പ്രതിപക്ഷം തയാറാണ്. കമ്പനിയുമായി മുഖ്യമന്ത്രിക്കു ബന്ധമുണ്ടെന്നു തെളിയിക്കുന്ന കാര്യങ്ങൾ കൂടി പുറത്തു വരും. 

ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ടു പൊലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നു പ്രതിപക്ഷം നേരത്തെ ആരോപിച്ചതാണ്. തീ ഇട്ടതിനു ശേഷവും പ്രതി അതേ ട്രെയിനിലാണു കണ്ണൂരിലെത്തിയത്. ഇപ്പോൾ വാർത്ത ചോർന്നതിന്റെ പേരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കുറെക്കാലമായി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ രണ്ടു ചേരിയിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്‌പെൻഷനെന്നും സതീശൻ പറഞ്ഞു.

 

ആ അധ്യായം അവസാനിച്ചെന്ന് മന്ത്രി രാജീവ്

തിരുവനന്തപുരം ∙ കാറോടിക്കുന്നയാൾക്കു ലൈസൻസുണ്ടോ എന്നു നോക്കേണ്ടതു കാറോടിക്കാൻ കരാറെടുത്തവരാണെന്നു മന്ത്രി പി.രാജീവ്. ടെൻഡർ വഴി കെൽട്രോൺ ഏൽപിച്ച റോഡ് ക്യാമറ കരാർ എസ്ആർഐടി ഉപകരാർ നൽകിയത് അതിനു ശേഷിയില്ലാത്തവർക്കല്ലേ എന്ന ചോദ്യത്തിനാണു മന്ത്രിയുടെ മറുപടി.

വിവാദങ്ങൾക്കു വസ്തുതയുമായി ബന്ധമില്ലെന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതോടെ വ്യക്തമായെന്നും സർക്കാരിനെ സംബന്ധിച്ച് ഈ അധ്യായം അവസാനിച്ചെന്നും മന്ത്രി പറഞ്ഞു.

ബിഒഒടി മാതൃകയിൽ പദ്ധതി നടപ്പാക്കാനായിരുന്നു നിർദേശമെങ്കിലും നിയമപരമായ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് ആന്വിറ്റി സ്കീമിലേക്കു മാറ്റിയത്. നിയമലംഘനത്തിനു പിഴയീടാക്കാൻ സർക്കാരിനു മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് ബിഒഒടി സ്കീം പ്രായോഗികമായിരുന്നില്ല. എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അൽഹിന്ദും ലൈറ്റ് മാസ്റ്ററും ഇതുവരെ നിയമ നടപടി സ്വീകരിച്ചില്ലെന്നു മന്ത്രി ചോദിച്ചു.

 

English Summary: Report on road camera allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com