ADVERTISEMENT

കോഴിക്കോട് ∙ തുറമുഖ വകുപ്പിനു കീഴിലെ വിവാദ കെട്ടിടത്തിനു കോർപറേഷൻ അനുമതി നൽകിയതു കെട്ടിട നിർമാണ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട ഒരു രേഖകളും ഇല്ലാതെയെന്നു സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. ചട്ടവിരുദ്ധമായി നൽകിയ പെർമിറ്റ് റദ്ദാക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരൻ എ.എൻ.ഷാഹിറിനു പങ്കാളിത്തമുള്ള സ്ഥാപനത്തിനാണു തുറമുഖ വകുപ്പിന്റെ കെട്ടിടം പാട്ടത്തിനു നൽകിയത്. കെട്ടിട നിർമാണച്ചട്ടപ്രകാരം പെർമിറ്റ് അപേക്ഷയ്ക്കൊപ്പം വിവിധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, ഭൂനികുതി രസീത്, വില്ലേജ് ഓഫിസർ നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാൻ, സർവേ സ്കെച്ച് തുടങ്ങിയവയൊന്നും ഹാജരാക്കിയിട്ടില്ല. സർവേ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടും ഇല്ല. കെട്ടിടനിർമാണ പ്ലാനിന്റെ മാത്രം അടിസ്ഥാനത്തിൽ പെർമിറ്റ് നൽകിയതു കോർപറേഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഓവർസിയർമാർ കെട്ടിട നിർമാണത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താത്ത റിപ്പോർട്ടാണു സമർപ്പിച്ചത്. പെർമിറ്റിനായി പ്ലാൻ സമർപ്പിച്ച ശേഷം ടൗൺ പ്ലാനിങ് വിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലും കെട്ടിടത്തിന്റെ വിവരങ്ങൾ ചേർത്തിട്ടില്ല. അപൂർണമായ ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിർമാണത്തിന് അനുമതി നൽകിയതു വലിയ വീഴ്ചയാണ്. വസ്തുവിന്റെ ഉടമയായ പോർട്ട് ഓഫിസറാണു കെട്ടിടത്തിന്റെ യഥാർഥ ഉടമയെങ്കിലും കെട്ടിടം ലൈസൻസ് വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ആളാണ് അപേക്ഷയിൽ ഒപ്പുവച്ചിരിക്കുന്നത്. പോർട്ട് ഓഫിസറുടെ പേരിലുള്ള അപേക്ഷയിൽ ലൈസൻസി ഒപ്പു വച്ചതും, ആ അപേക്ഷ പരിഗണിച്ച് പോർട്ട് ഓഫിസറുടെ പേരിൽ പെർമിറ്റ് നൽകിയതും ഗൗരവമേറിയ വിഷയമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

English Summary : Illegal construction in beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com