ADVERTISEMENT

കണ്ണൂർ ∙ രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്മാരായ രക്തസാക്ഷികളെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ‘രാഷ്ട്രീയ രക്തസാക്ഷികളിൽ കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാൻ പോയി അതിന്റെ പേരിൽ വെടിയേറ്റു മരിച്ചവരുണ്ടാകാം. പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്നു തെന്നിവീണു മരിച്ച രാഷ്ട്രീയ രക്തസാക്ഷികളുണ്ടാകാം.

ക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരും രക്തസാക്ഷികളായി മരിച്ചവരാണ്. അവരുടെ രക്തസാക്ഷിത്വം നന്മയ്ക്കും സത്യത്തിനും ശ്രേയസ്സിനും സുസ്ഥിരതയ്ക്കും മൂല്യങ്ങൾക്കും വേണ്ടിയായിരുന്നു’ – മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ചെറുപുഴയിൽ കെസിവൈഎം തലശ്ശേരി അതിരൂപത യുവജന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തി. അതേസമയം, വിവാദം അനാവശ്യമെന്ന് മാർ പാംപ്ലാനി പിന്നീടു പ്രതികരിച്ചു. മൂല്യങ്ങൾക്കുവേണ്ടി പോരാടിയ രക്തസാക്ഷികളോടു സഭയ്ക്ക് എന്നും ആദരവാണെന്നും അദ്ദേഹം പറഞ്ഞു.

റബറിന്റെ വില കിലോഗ്രാമിനു 300 രൂപയാക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽനിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് നേരത്തേ വിവാദമായിരുന്നു.

 

രക്തസാക്ഷികളോട് ആദരം: അതിരൂപത

തലശ്ശേരി ∙ രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണു സഭയുടേതെന്ന് തലശ്ശേരി അതിരൂപത. കെസിവൈഎം യുവജനസമ്മേളനത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തെ ചിലർ ദുർവ്യാഖ്യാനം ചെയ്തതാണ്. ‘ക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരെപ്പോലെ വിശ്വാസത്തിനുവേണ്ടി ധീരമായ നിലപാടെടുക്കണം’ എന്നതായിരുന്നു യുവജന സമ്മേളനത്തിന്റെ പ്രമേയം. 

അപ്പോസ്ത‌ലന്മാരെപ്പോലെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരുണ്ട്. ഇപ്രകാരം രക്തസാക്ഷിത്വം വരിച്ചവരിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അനേകരുണ്ട്. എന്നാൽ, ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താൽപര്യങ്ങൾക്കു ബലിയാടായവരാണ്. അവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ് ആഹ്വാനം ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന്റെ സൂചന പോലുമില്ലാത്ത പ്രസ്താവനയെ ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു – അതിരൂപത പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

ബിഷപ്പിനു ചേരാത്തപ്രസ്താവന

ഒരു ബിഷപ്പിൽനിന്ന് ഇത്തരം പ്രസ്താവനയുണ്ടാകുമെന്നു കരുതിയില്ല. ഗാന്ധിജി രക്തസാക്ഷിയായതു പാലത്തിൽനിന്നു വീണോ കണ്ടവനോട് അനാവശ്യമായി ഏറ്റുമുട്ടിയോ അല്ലെ. രക്തസാക്ഷികളെ ബിഷപ് ഇങ്ങനെ അപമാനിക്കരുതായിരുന്നു. രക്തസാക്ഷികളെ അപമാനിക്കുന്നതു തെറ്റാണ്. ബിഷപ്പിന്റെ പ്രസ്താവന ക്രിസ്ത്യൻ മതവിഭാഗത്തിനെതിരാണ്. ഇതിലൂടെ എന്താണു ലക്ഷ്യമിടുന്നത്? പ്രസ്താവനയിൽ മാർ ജോസഫ് പാംപ്ലാനി തന്നെ വ്യക്തത വരുത്തണം.

 

ഇ.പി.ജയരാജൻ,  ഇടതുമുന്നണി കൺവീനർ

 

ഉദ്ദേശിച്ചത് ബിജെപിക്കാരെ ആയിരിക്കാം

കേരളത്തിൽ എഴുനൂറിൽപരം കമ്യൂണിസ്റ്റുകൾ രക്തസാക്ഷികളായത് മർദിതവിഭാഗങ്ങൾക്കുവേണ്ടി നടത്തിയ പോരാട്ടത്തിലാണ്. അതുകൊണ്ട് ഈ പ്രതികരണം കമ്യൂണിസ്റ്റുകാർക്കു ബാധകമല്ല. ബിഷപ് ഉദ്ദേശിച്ചത് ആർഎസ്എസ്–ബിജെപിക്കാരെയാവും. അവരാണു വഴക്കാളികൾ. കേരളത്തിലെ വൈദികർക്കു രാഷ്ട്രീയ പാർട്ടികളെയടക്കം വിമർശിക്കാം. പക്ഷേ, മണിപ്പുരിൽ നടക്കില്ല. വിമർശിച്ചാൽ ആക്രമിക്കപ്പെടും.

 

എം.വി.ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

 

മാർ പാംപ്ലാനിയെ ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധം

 

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മാർ പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലതു മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. കണ്ടവനോട് അനാവശ്യത്തിനു കലഹിക്കാൻ പോയും പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്നു തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നതു സിപിഎമ്മാണ്. അവരെയാണു ബിഷപ് തുറന്നുകാണിച്ചത്. ഷാപ്പിലെ തർക്കത്തിനിടെ കുത്തേറ്റു മരിച്ചവരെയും പാമ്പുകടിച്ചു മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അദ്ഭുതമില്ല.

 

കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ

English Summary: Mar Pamplany's remarks on martyrs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com