ADVERTISEMENT

തിരുവനന്തപുരം ∙ വ്യത്യസ്ത നിലപാടുകളും കാഴ്ചപ്പാടും ഉള്ളവരെക്കൂടി ചേർത്തു നിർത്തുമ്പോഴാണു ജനാധിപത്യം പൂവണിയുന്നതെന്നും അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. 

വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാകില്ല. നിയമനിർമാണ സഭകളിലെ ചർച്ചകൾക്കിടെയുണ്ടാകുന്ന ബഹളവും ഒച്ചപ്പാടും രാഷ്ട്രീയ ആയുധമാക്കുന്നതിൽ‌ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ പെരുമാറ്റത്തിലും നിലപാടുകളിലും അവയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവരുമായിരിക്കണം. ‍വലിയ ഡിജിറ്റൽ വിപ്ലവത്തിനു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഈ കുതിപ്പിൽ സവിശേഷ സ്ഥാനം കേരളത്തിനുമുണ്ട്. ടെക്നോളജി പാർക്കുകളും ഇലക്ട്രോണിക് നഗരങ്ങളും സൃഷ്ടിച്ചു കേരളം രാജ്യത്തിന്റെ ഐടി മേഖലയുടെ നായകത്വം വഹിക്കുകയാണ് – ഉപരാഷ്ട്രപതി പറഞ്ഞു. 

നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ന്റെ സുവനീർ മുഖ്യമന്ത്രി പിണറായി വിജയനു നൽകി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ലെജിസ്ലേചർ കോംപ്ലക്സ് നവീകരണത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. നിയമസഭാ വളപ്പിൽ വൃക്ഷത്തൈ നട്ട ശേഷമാണ് ഉപരാഷ്ട്രപതി മടങ്ങിയത്. ഉച്ചയ്ക്കു ശേഷം മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. 

English Summary : No intolerance to different views says vice president Jagdeep Dhankhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com