പതാക ഉയർന്നു; യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനു തുടക്കം

Mail This Article
തൃശൂർ ∙ ഇരുചക്ര വാഹനറാലി തീർത്ത ആവേശത്തോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനു തുടക്കം. പല ദിശകളിൽ നിന്നെത്തിയ പതാക, കൊടിമര, ഛായാചിത്ര റാലികൾ പടിഞ്ഞാറേക്കോട്ടയിൽ ഒത്തുചേർന്നു വലിയ റാലിയായി തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ 4 ദിവസത്തെ സമ്മേളനത്തിനു തുടക്കമായി. ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസും ഷാഫി പറമ്പിലും ചേർന്നു ദീപശിഖയിലേക്ക് അഗ്നി പകർന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ.എസ്. ശബരീനാഥനും എസ്.എം. ബാലുവും നയിച്ച ജാഥകൾ സംസ്ഥാനത്തിന്റെ ഇരുദിശകളിൽ നിന്നെത്തിയപ്പോൾ സ്വീകരിക്കാൻ പ്രവർത്തകർ ആവേശത്തോടെ എത്തിയിരുന്നു. വാഹന ജാഥകൾ ഒത്തുചേർന്ന് എംജി റോഡ് വഴി തേക്കിൻകാട് മൈതാനം ചുറ്റി കോർപറേഷൻ ഓഫിസിനു മുന്നിലെത്തിയ ശേഷം കാൽനടയായി തെക്കേ ഗോപുരനടയിലേക്കെത്തി. ജാഥാസംഗമത്തിന്റെ ഉദ്ഘാടനം ബി.വി. ശ്രീനിവാസ് നിർവഹിച്ചു. ഷാഫി പറമ്പിൽ അധ്യക്ഷത വഹിച്ചു.
English Summary : Youth congress state meeting started