ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി സ്മാർട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതി താൽക്കാലികമായി മരവിപ്പിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടിയും വൈദ്യുതി ബോർഡിലെ സിഐടിയു, ഐഎൻടിയുസി സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടെൻഡർ നടപടി ഉൾപ്പെടെ മരവിപ്പിക്കുന്നത്. എൽഡിഎഫിലും മുഖ്യമന്ത്രിയുടെ തലത്തിലും ചർച്ച നടത്തി പരിഹാരത്തിനാണ് ആലോചന. ആദ്യ ഘട്ടമായി 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാനാണ് ബോർഡ് തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രം നിർദേശിച്ച സമയ പരിധിക്കുള്ളിൽ ഇതു നടക്കില്ല.

കേന്ദ്രം എംപാനൽ ചെയ്ത സ്വകാര്യ കമ്പനികളാണ് സ്മാർട് മീറ്റർ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത്. കമ്പനിയുടെ മുടക്കു മുതൽ ഉപയോക്താക്കൾ 93 മാസം കൊണ്ട് കറന്റ് ചാർജിനൊപ്പം തിരികെ നൽകണം. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനോട്  എതിർപ്പില്ലെന്നും  ഈ രീതിയിൽ സ്ഥാപിക്കുന്നത് സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതായതിനാൽ യോജിക്കാനാവില്ലെന്നും  യൂണിയൻ നേതാക്കളായ എളമരം കരീം, ആർ.ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു. ഉപയോക്താക്കളുടെയും ബോർഡിന്റെയും ഡേറ്റയും ബില്ലിങ് വിവരങ്ങളും ചോരുന്നതാണ് പദ്ധതിയെന്നും അവർ ചൂണ്ടിക്കാട്ടി. കാനം രാജേന്ദ്രനു ചർച്ചയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിലും ഇതേ അഭിപ്രായം രേഖാമൂലം മന്ത്രിയെ അറിയിച്ചു. 

പദ്ധതി നടപ്പാക്കണമെന്നു തനിക്ക് പ്രത്യേക താൽപര്യമൊന്നുമില്ലെന്നും നടപ്പായില്ലെങ്കിൽ കോടിക്കണക്കിനു രൂപയുടെ കേന്ദ്ര സബ്സിഡി നഷ്ടമാകുമെന്നും മന്ത്രി കൃഷ്ണൻ കൂട്ടി ചൂണ്ടിക്കാട്ടി. വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള തുകയുടെ 60  ശതമാനവും സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിന്റെ 15 ശതമാനവും (പരമാവധി 900 രൂപ) കേന്ദ്ര സബ്സി‍ഡി ആണ്. കേന്ദ്ര നിർദേശം അനുസരിച്ചില്ലെങ്കിൽ ഈ തുക നഷ്ടപ്പെടും. സ്മാർട് മീറ്റർ നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് അധിക കടമെടുക്കാനുള്ള പരിധിയിലും നിയന്ത്രണം വരാമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Smart meter freezed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com