ADVERTISEMENT

തിരുവനന്തപുരം ∙ പേരിൽ മാത്രമല്ല നിലപാടിലും ധീരൻ എന്നു പേരെടുത്താണു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഇന്ന് 75 ജീവിത വർഷം പൂർത്തിയാക്കുന്നത്. പാർലമെന്ററി, സംഘടനാരംഗത്ത് ഇല്ലാതായിട്ട് ഏതാനും വർഷമായി. എന്നാൽ അധികാരസ്ഥാനത്തോട് ‘യെസ്’ മാത്രമല്ല, ‘നോ’ പറയാനും ശീലിച്ചയാൾ എന്നതാണു കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്നും വിഎമ്മിന്റെ സജീവത. കെ.കരുണാകരന്റെ വാത്സല്യമനുഭവിച്ചു വിദ്യാർഥി രാഷ്ട്രീയത്തിൽ തുടക്കമിട്ട സുധീരൻ പിന്നെ എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായി. നിലപാടിന്റെ പേരിൽ കലഹിക്കാൻ മടിയില്ലാത്ത തൻപോരിമയിലൂടെ ഒടുവിൽ ഗ്രൂപ്പ്‌മുക്തി.

തൃശൂർ അന്തിക്കാട്ടെ പടിയത്തു ഗ്രാമത്തിൽ വൈലോപ്പിള്ളി മാമയുടെയും ഗിരിജയുടെയും അഞ്ചുമക്കളിൽ നാലാമനായി ജനിച്ച സുധീരൻ കണ്ടുവളർന്നതു ചകിരിത്തൊഴിലാളികളുടെ കമ്യൂണിസ്റ്റ് സമരങ്ങളാണ്. പക്ഷേ കമ്യൂണിസ്റ്റായില്ല. സഹോദരൻ അയ്യപ്പന്റെ ആരാധകനായിരുന്ന അച്ഛൻ പറഞ്ഞുകൊടുത്ത കഥകളിലുണ്ടായിരുന്നതു ഗാന്ധിജിയും സ്വാതന്ത്ര്യ സമരവുമായിരുന്നു. കുറിക്കുകൊള്ളുന്ന വാക്പ്രയോഗം കൊണ്ടു രാഷ്ട്രീയത്തിൽ പലവട്ടം എതിരാളികളുടെ വായടപ്പിച്ചിട്ടുണ്ട് സുധീരൻ. എന്നാൽ ഒരു വാചകം പോലും വിക്കില്ലാതെ പൂർത്തിയാക്കാനാകാത്ത കുട്ടിയായിരുന്നു 9 വയസ്സുവരെ. പത്രം വായിപ്പിച്ചുള്ള പരിശീലനത്തിലൂടെ അമ്മയാണു വിക്ക് മാറ്റിയെടുത്തത്.

vm-sudheeran

പത്രം വായിച്ചു സംസാരിക്കാനും പ്രസംഗിക്കാനും പഠിച്ച സുധീരൻ അങ്ങനെ വിദ്യാർഥി രാഷ്ട്രീയത്തിലിറങ്ങി. കെഎസ്‍യു പ്രസിഡന്റായി തിരുവനന്തപുരം രാഷ്ട്രീയ തട്ടകമാക്കിയപ്പോൾ കെ.കരുണാകരന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിലെ സ്ഥിരം സന്ദർശകനായിരുന്നു. മുരളീധരനും പത്മജയ്ക്കും ഒപ്പം സുധീരനും ഉച്ചയൂണിന് ഒരു പ്ലേറ്റ് കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ കരുതുമായിരുന്നു. കല്യാണിക്കുട്ടിയമ്മയ്ക്കു കൂടുതൽ വാത്സല്യം മുരളിയോടോ, സുധീരനോടോ എന്നു പാർട്ടിക്കാർ രഹസ്യം പറഞ്ഞ കാലം. എന്നാൽ മന്ത്രിസഭാംഗത്തിനെതിരെ അഴിമതിയാരോപണമുന്നയിച്ച പത്രത്തിനെതിരെ നിയമനടപടിക്കു മുതിർന്ന കരുണാകരനെ കെപിസിസി യോഗത്തിൽ എതിർത്തതോടെ ലീഡറുമായി അകന്നു. കേരളത്തിലെ കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകളുടെ ജനന സമയവും അതായിരുന്നു.

1982–87ലെ കരുണാകരൻ മന്ത്രിസഭയുടെ അവസാനകാലത്തു സ്പീക്കർ കസേരയിലിരുന്ന സുധീരൻ സഭയിൽ പലപ്പോഴും മുഖ്യമന്ത്രിക്കു തലവേദന സൃഷ്ടിച്ചു. നിയമസഭയുടെ അധികാരത്തിൽ കൈ കടത്തുന്നതൊന്നും അനുവദിച്ചുകൊടുക്കില്ലെന്ന നിർബന്ധം. കെ.ആർ.ഗൗരിയമ്മയുൾപ്പെടെ പ്രീഡിഗ്രി ബോർഡ് വിഷയത്തിൽ നിയമസഭയിൽ നിരാഹാരം കിടന്നപ്പോൾ 37 വയസ്സു മാത്രം പ്രായമുള്ള സ്പീക്കറുടെ മികവും നയവും കേരളം കണ്ടു. ഉറക്കമിളച്ച് രാത്രി മുഴുവൻ സ്പീക്കർ സഭയ്ക്കുള്ളിൽ തന്നെയിരുന്നു. ആദർശരാഷ്ട്രീയത്തിൽ എ.കെ.ആന്റണിയുടെ തോളൊപ്പം നിന്ന സുധീരൻ യൂത്ത് കോൺഗ്രസ് കാലം മുതൽ ആന്റണി പക്ഷക്കാരനായിരുന്നു. 16 വർഷം നിയമസഭാംഗമായെങ്കിലും ആദ്യമായി മന്ത്രിയായതു 16–ാം വർഷം ആന്റണി മന്ത്രിസഭയിലാണ്.

വി.എം,സുധീരൻ
വി.എം,സുധീരൻ

1991ലെ കരുണാകരൻ മന്ത്രിസഭയിലേക്ക് എ ഗ്രൂപ്പ് നിർദേശിച്ച പേരുകളിലൊന്നു സുധീരന്റേതായിരുന്നെങ്കിലും ആ പേര് മാത്രം പറ്റില്ലെന്നു കരുണാകരൻ തീർത്തുപറഞ്ഞു. വേറെ ഏതു പേരും സ്വീകാര്യമെന്നു കരുണാകരൻ പറഞ്ഞപ്പോൾ എങ്കിൽ ഒരു പേരും കൊടുക്കേണ്ടെന്നാണ് എ ഗ്രൂപ്പ് ആദ്യം തീരുമാനിച്ചത്. തനിക്കുവേണ്ടി അങ്ങനെയൊരു പിൻമാറ്റം വേണ്ടെന്നു സുധീരൻ ശഠിച്ചതോടെ ഗ്രൂപ്പ് പ്രതിനിധികൾ മന്ത്രിസഭയിൽ അംഗമായി. മുൻപു വാത്സല്യഭാജനമായിരുന്ന സുധീരൻ മന്ത്രിസ്ഥാനത്തിനു വേണ്ടി തന്നെ സമീപിക്കുമെന്നു കരുണാകരൻ കരുതിയിരുന്നു. അങ്ങനെയെങ്കിൽ താൻ വഴി അതു നൽകാമെന്നു കരുണാകരൻ ആഗ്രഹിച്ചു. അതുണ്ടായില്ല. മറ്റെല്ലാ കോൺഗ്രസ് എംഎൽഎമാരും ലീഡറെ വിളിച്ച് വിജയത്തിൽ ആശംസയും പിന്തുണയും അറിയിച്ചപ്പോഴും സുധീരൻ മാത്രം വിളിച്ചില്ല. ഇതായിരുന്നു കരുണാകരനെ ചൊടിപ്പിച്ചത്.

ഗ്രൂപ്പ് തർക്കത്തിൽ കരുണാകരനുമായി തെറ്റിയെങ്കിലും കോൺഗ്രസ് വിട്ടുപോയ കരുണാകരനെ തിരിച്ചെത്തിക്കാൻ പരിശ്രമിച്ചവരിൽ ഒരാൾ സുധീരനാണ്. തിരിച്ചെത്തിയ കരുണാകരൻ ഒടുവിൽ പങ്കെടുത്ത കെപിസിസി നിർവാഹകസമിതിയോഗത്തിൽ വച്ച അഭ്യർഥന കെ.മുരളീധരന് അംഗത്വം നൽകണമെന്നായിരുന്നു. യോഗത്തിൽ കരുണാകരന്റെ ആവശ്യത്തെ പിന്താങ്ങിയതു മൂന്നുപേർ മാത്രമാണ്. അതിലൊരാളും സുധീരനായിരുന്നു. മറ്റു രണ്ടുപേർ പി.സി.ചാക്കോ, കെ.കെ.രാമചന്ദ്രൻ. 1991ലെ സംഘടനാ തിരഞ്ഞെടുപ്പു സമയത്ത് എ ഗ്രൂപ്പിലെ ഉമ്മൻചാണ്ടി പക്ഷവുമായി തെറ്റിയതോടെ സുധീരൻ ഒറ്റയാനായി. തിരഞ്ഞെടുപ്പിനുശേഷം സമവായത്തിന്റെ പേരിൽ ഭാരവാഹിത്വം നേടിയെടുത്തതാണു സുധീരനെ പ്രകോപിപ്പിച്ചത്. സ്വന്തം ഗ്രൂപ്പിൽ കൂടി ശത്രുക്കളായതോടെ നിയമസഭയിലേക്കു പിന്നെ പയറ്റിയില്ല.‌

vm-sudheeran

മാർഗദർശിയായി നിന്ന എ.കെ.ആന്റണി 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സുധീരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. 1996 മുതൽ 2004 വരെ ലോക്സഭാംഗം. ആലപ്പുഴയിൽ തീരദേശ റെയിൽപാത യാഥാർഥ്യമാക്കിയതി‍ൽ സഭയ്ക്കകത്തും പുറത്തും സുധീരൻ നടത്തിയ പോരാട്ടത്തിന്റെ വിയർപ്പുണ്ട്. കറപുരളാത്ത നേതാവെന്ന പ്രതിച്ഛായ സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല, ഹൈക്കമാൻഡിലും നല്ല പേരു നേടിക്കൊടുത്തു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചതല്ല സുധീരൻ. ചെറുപ്പക്കാർക്ക് അവസരം കിട്ടാൻ, പാർലമെന്ററി രംഗത്തേക്കു തന്നെ പരിഗണിക്കരുതെന്നു ഹൈക്കമാൻഡിനു കത്തുമയച്ചിരുന്നു.

എന്നാൽ, ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ കൂട്ടത്തിൽ നക്ഷത്രച്ചിഹ്നമിട്ടു സുധീരന്റെ പേരുണ്ടായിരുന്നു. സമ്മതിച്ചില്ലെങ്കിലോ എന്ന സംശയമായിരുന്നു ആ നക്ഷത്രച്ചിഹ്നം. കോൺഗ്രസിന് ഒറ്റ സീറ്റ് പോലും കിട്ടാത്ത ആ തിരഞ്ഞെടുപ്പിൽ ഡോ. കെ.എസ്.മനോജിനോടു 1009 വോട്ടിനു സുധീരൻ തോറ്റു. അപരൻ പിടിച്ചത് 8282 വോട്ട്. പരാജയഭാരം അപരന്റെ ചുമലിലായിരുന്നെങ്കിലും തോൽവിക്കു പിന്നിൽ ചില ചതിപ്രയോഗങ്ങളുമുണ്ടെന്ന് ഇന്നും സുധീരൻ വിശ്വസിക്കുന്നു. ഒരു സീറ്റെങ്കിലും കോൺഗ്രസ് ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ എ.കെ.ആന്റണിക്കു രാജിവച്ചൊഴിയേണ്ടി വരുമായിരുന്നില്ല. പിന്നിട്ട രാഷ്ട്രീയ ജീവിതത്തിൽനിന്ന് എന്തെങ്കിലും മായ്ച്ചുകളയാൻ അവസരം കിട്ടിയാൽ 2004ലെ മത്സരമാകും ആദ്യം മായ്ക്കുകയെന്നുറപ്പ്.

എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചു നിർദേശിച്ച ജി.കാർത്തികേയനെ മറികടന്ന് രാഹുൽ ഗാന്ധിയുടെ പിന്തുണയിൽ 2014ൽ സുധീരൻ കെപിസിസി പ്രസിഡന്റായി. സംസ്ഥാന രാഷ്ട്രീയത്തിൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത രണ്ടാമൂഴം. നിക്ഷിപ്ത താൽപര്യക്കാരുടെ ഫണ്ട് വേണ്ടെന്നു പ്രഖ്യാപിച്ച് നയം വ്യക്തമാക്കി. സുധീരന്റെ സ്ഥാനാരോഹണത്തിൽ മുറുമുറുപ്പുണ്ടായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു മുഖ്യമന്ത്രി പദത്തിൽ. ലൈസൻസ് പുതുക്കാത്ത 418 ബാറുകൾ പൂട്ടണം എന്ന സുധീരന്റെ ആവശ്യത്തിന് ഉമ്മൻചാണ്ടി മറുപടി നൽകിയത് പഞ്ചനക്ഷത്രപദവി ഒഴികെയുള്ളതെല്ലാം പൂട്ടിക്കൊണ്ടാണ്. 2016ലെ തിരഞ്ഞെടുപ്പിൽ ആരോപണവിധേയരെ മത്സരിപ്പിക്കരുതെന്ന സുധീരന്റെ നിർബന്ധവും അതിനെതിരെ ഉമ്മൻചാണ്ടി തിരിഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. കളങ്കിതർക്കും ആരോപണവിധേയർക്കും സീറ്റു കൊടുക്കാനാവില്ലെന്നു ഹൈക്കമാൻഡിനോടു സുധീരൻ വ്യക്തമാക്കി.

എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ
എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ

കെ.ബാബുവും അടൂർ പ്രകാശും അടക്കമുള്ളവർക്കെതിരെ സുധീരൻ നിലയുറപ്പിച്ചതോടെ ഇവർക്കു സീറ്റില്ലെങ്കിൽ താനും മത്സരിക്കാനില്ലെന്നായി ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡ് അതിനു വഴങ്ങിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ വലംകൈയായ ബെന്നി ബഹനാനെ പട്ടികയിൽനിന്നു സുധീരൻ വെട്ടി. സ്ഥാനാർഥി നിർണയത്തിൽ ഉടക്കിയ സമയത്തു കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ആലോചന വിശ്വസ്തരുമായി സുധീരൻ പങ്കുവച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു സമയത്തെ രാജി മുന്നണിക്കാകെ ദോഷം ചെയ്യുമെന്നു കണ്ടതോടെ പിൻവാങ്ങി. തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം ഉൾപ്പെടെ ഒരു പദവിയും ഏറ്റെടുക്കാനില്ലെന്നു പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി മാറിനിന്നു. ഇതോടെ സുധീരന്റെ രാജിക്കായും മുറവിളി ഉയർന്നു. പലവട്ടം രാജിക്കൊരുങ്ങിയ സുധീരൻ പക്ഷേ ആ തീരുമാനം നടപ്പാക്കിയത് അപ്രതീക്ഷിതവും നാടകീയവുമായിത്തന്നെ.

2017 മാർച്ചിൽ കെപിസിസി ആസ്ഥാനത്തു വാർത്താസമ്മേളനം വിളിച്ചപ്പോൾ എന്തിനുവേണ്ടിയെന്ന് അടുത്ത നേതാക്കൾക്കു പോലും അറിയില്ലായിരുന്നു. എ.കെ.ആന്റണിയോടും രമേശ് ചെന്നിത്തലയോടും മാത്രം ഇക്കാര്യം പങ്കുവച്ചശേഷം പത്രസമ്മേളനത്തിൽ സുധീരൻ രാജി പ്രഖ്യാപിച്ചു. പാർട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാൻ രാജിക്കു കാരണമായി പറഞ്ഞത് ആരോഗ്യപ്രശ്നങ്ങൾ. 2021ൽ ഗ്രൂപ്പില്ലെന്നു പ്രഖ്യാപിച്ച് കെപിസിസിക്കും പാർലമെന്ററി പാർട്ടിക്കും പുതിയ അധ്യക്ഷർ വന്നപ്പോൾ സുധീരൻ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഒരു വിഷയത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നു പരാതിപ്പെട്ടു രാഷ്ട്രീയകാര്യസമിതിയംഗത്വം രാജിവച്ചു. പിന്നാലെ എഐസിസി അംഗത്വവും. റായ്പുരിൽ അടുത്തിടെ നടന്ന എഐസിസി സമ്മേളനത്തിനായി സുധീരന്റെ അംഗത്വം പാർട്ടി പുനഃസ്ഥാപിച്ചെങ്കിലും പങ്കെടുത്തില്ല. എന്നാൽ പിന്നീടു നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി, യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം എന്നിവയിലെല്ലാം പങ്കെടുത്തതു ശുഭസൂചനയായി സുധീരനോട് ഇപ്പോഴും താൽപര്യം പുലർത്തുന്ന നേതാക്കൾ കാണുന്നു.

അതേസമയം, താൻ ഉന്നയിച്ച പ്രശ്നങ്ങളിൽ ഇനിയും പരിഹാരമുണ്ടായിട്ടില്ലെന്ന നിലപാട് അദ്ദേഹം ഉപേക്ഷിച്ചിട്ടുമില്ല. കേരള രാഷ്ട്രീയത്തിൽ ആന്റണി കഴിഞ്ഞാൽ രാജി ഒരായുധമായി കണ്ട നേതാവ് സുധീരനാണെന്നു പറയാം. രാഷ്ട്രീയത്തിൽ ആദർശത്തിനും ത്യാഗസന്നദ്ധതയ്ക്കും സത്യസന്ധതയ്ക്കും സ്ഥാനമുണ്ടെന്നു വിശ്വസിക്കുന്ന സുധീരൻ, അതിനു വിരുദ്ധമായ ഒന്നിനോടും രാജിയാകാനില്ല. അന്നും ഇന്നും...

sudheeran-antony-1
വി.എം.സുധീരൻ, എ.കെ.ആന്റണി.

∙ വി.എം.സുധീരൻ– രാഷ്ട്രീയജീവിതരേഖ ഇതുവരെ

1948 മേയ് 26നു തൃശൂർ അന്തിക്കാട്ട് ജനനം
1971–73 കെഎസ്‍യു പ്രസിഡന്റ്
1975–77 യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
1977–ആദ്യമായി ലോക്സഭാംഗം
1980–1996 നിയമസഭാംഗം
1985–1987 സ്പീക്കർ
1995– 1996 സംസ്ഥാന ആരോഗ്യമന്ത്രി
1996–2004 ആലപ്പുഴയിൽനിന്നു ലോക്സഭാംഗം
2004ൽ ആലപ്പുഴ സീറ്റിൽ ജീവിതത്തിലെ ആദ്യതിരഞ്ഞെടുപ്പു പരാജയം
2014–17 കെപിസിസി പ്രസിഡന്റ്, 2017 മാർച്ചിൽ രാജി
2021–കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗത്വവും എഐസിസി അംഗത്വവും രാജിവച്ചു.

English Summary:
 VM Sudheeran celebrate 75th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com