ADVERTISEMENT

ആലപ്പുഴ ∙ കൊല്ലത്തിനും തിരുവനന്തപുരത്തിനും പിന്നാലെ ആലപ്പുഴയിലും സർക്കാരിന്റെ മരുന്നു സംഭരണശാലയിൽ ബ്ലീച്ചിങ് പൗഡർ മൂലം തീപിടിത്തം. ഇന്നലെ പുലർച്ചെ 1.45നാണ് വണ്ടാനത്ത് മെഡിക്കൽ കോളജിനടുത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) സംഭരണശാലയുടെ ബ്ലീച്ചിങ് പൗഡർ ഗോഡൗൺ കത്തിയത്. 10 ദിവസത്തിനിടെ കെഎംഎസ്‌സിഎൽ സംഭരണശാലകളിലുണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിതെന്നതു ദുരൂഹത കൂട്ടുന്നു. കൊല്ലത്തു 17നും തിരുവനന്തപുരത്ത് 23നുമായിരുന്നു തീപിടിത്തം. 

തൊട്ടടുത്തുള്ള പ്രധാന കെട്ടിടത്തിൽ നാലര ലക്ഷം പിപിഇ കിറ്റുകളുണ്ടായിരുന്നു. കോവിഡ് കാലത്ത് മൂന്നിരട്ടി വിലയ്ക്കു വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന കിറ്റുകളും കൂട്ടത്തിലുണ്ട്. ഈ കെട്ടിടത്തിലേക്കു പടർന്ന തീ വ്യാപിക്കുംമുൻപു തന്നെ കെടുത്താനായി. 8 എസി ഔട്ട്ഡോർ യൂണിറ്റുകൾ കത്തിനശിച്ചു. 

തിരുവനന്തപുരത്തെ തീപിടിത്തത്തെ തുടർന്ന് അഗ്നിരക്ഷാസേന പരിശോധിച്ച് സുരക്ഷിതമെന്നു പറഞ്ഞ കെട്ടിടത്തിലാണു തീപിടിച്ചത്. 30,700 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ നശിച്ചെന്നാണു പ്രാഥമിക കണക്ക്. 2 മുറികളിലായി 60,000 കിലോഗ്രാം സംഭരിച്ചിരുന്നു. ഒരു മുറിയിലേതു മുഴുവൻ കത്തിപ്പോയി. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നു സ്ഥലത്തെത്തി പരിശോധന നടത്തിയ കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ഡോ. എ.ഷിബുലാൽ പറഞ്ഞു. 

Alappuzha KMSCL Fire
കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ സംഭരണശാലയോടു ചേർന്ന് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിനു തീപിടിച്ചപ്പോൾ.

പ്രധാന കെട്ടിടത്തിൽ കോടികളുടെ മരുന്നാണു സൂക്ഷിച്ചിരിക്കുന്നത്. കഠിനമായ ചൂടിൽ ഇത് ഉപയോഗശൂന്യമായിട്ടുണ്ടോയെന്നു സംശയമുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ എം.അനിൽ മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്. അനിൽ അഗ്നിശമന സംവിധാനത്തിൽനിന്നു വെള്ളം ചീറ്റിക്കുകയും ഒച്ചവച്ച് ആളെ കൂട്ടുകയും ചെയ്തു. പിന്നാലെ അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റുകളെത്തി ഒരു മണിക്കൂർകൊണ്ടു തീ കെടുത്തി. 

ഈർപ്പം തട്ടിയാൽ ചൂടു പുറത്തുവിടുന്ന താപമോചക പ്രതിപ്രവർത്തന (എക്സോതേർമിക് റിയാക്‌ഷൻ) സ്വഭാവം ബ്ലീച്ചിങ് പൗഡറിനുണ്ട്. ഇതാണ് തീപിടിത്തത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. 

ആലപ്പുഴയിലെ കെഎംഎസ്‌സിഎലിന്റെ വെയർഹൗസിലുണ്ടായ തീപിടിത്തത്തിനുശേഷം. (ചിത്രം: മനോരമ)
ആലപ്പുഴയിലെ കെഎംഎസ്‌സിഎലിന്റെ വെയർഹൗസിലുണ്ടായ തീപിടിത്തത്തിനുശേഷം. (ചിത്രം: മനോരമ)

English Summary: Fire in KMSCL godown at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com