കോഴിക്കോട് ∙ നഗരമധ്യത്തിൽ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനു തൊട്ടടുത്ത്, തിരക്കേറിയ റോഡരികിലാണു സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിമുറിച്ച ‘ഡി കാസ ഇൻ’ ലോഡ്ജ്. റോഡിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്കുള്ള സമയത്ത്, ആളുകൾ നോക്കി നിൽക്കെയാണ്, 2 പേർ ചേർന്ന് കൂസലില്ലാതെ മൃതദേഹഭാഗങ്ങളടങ്ങിയ ബാഗ് കാറിലെടുത്തുവച്ച് കൊണ്ടുപോയത്.
തൊട്ടടുത്തു സ്വകാര്യ ആശുപത്രിയുള്ളതിനാൽ ഈ ലോഡ്ജിൽ ആളുകളെത്തുന്നതു പതിവാണ്. നേരത്തേ ചില പരാതികൾ ഉയർന്നതിനാൽ ലോഡ്ജ് ഏതാനും മാസം അടച്ചിട്ടിരുന്നു.
18 ന് ഉച്ചകഴിഞ്ഞ് 3.40നാണു ലോഡ്ജിൽ സിദ്ദീഖ് എത്തിയത്. പിന്നീടു മുഹമ്മദ് ഷിബിലിയും ഫർഹാനയും എത്തി. സിദ്ദീഖിന്റെ പേരിലാണു മുറികൾ എടുത്തത്. 19ന് ഉച്ചതിരിഞ്ഞു 3.10 – 3.15 വരെ ഷിബിലിയും ഫർഹാനയും ചേർന്നു വലിയ ബാഗുകൾ കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്നു കിട്ടി. 3.10നു ഷിബിലി ആദ്യ ബാഗ് കയറ്റി ഹോട്ടലിലേക്കു മടങ്ങിപ്പോയി. 3.15ന് ഫർഹാനയ്ക്കൊപ്പമെത്തി രണ്ടാമത്തെ ബാഗും കാറിന്റെ ഡിക്കിയിൽ കയറ്റി. പിന്നീട് ഇരുവരും കാറിൽ കയറിപ്പോയി. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞാണു ശരീരഭാഗങ്ങൾ ബാഗിലേക്കു മാറ്റിയത്. ബാഗുകൾ കയർ ഉപയോഗിച്ചു കെട്ടിയിരുന്നു.മുറിയിൽ നിന്നു ശേഖരിച്ച രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു.
തലയിൽ ആഴത്തിൽ മുറിവ്; നെഞ്ചിലും ക്ഷതം
കോഴിക്കോട്∙കോഴിക്കോട്∙ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂർ സ്വദേശി സിദ്ദീഖിന്റെ മൃതദേഹം മൂന്നു കഷണങ്ങളാക്കിയിരുന്നതായി പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. മൂർച്ചയേറിയ നേർത്ത ആയുധമാണ് ഉപയോഗിച്ചെതെന്നാണു സൂചന. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണോ മുറിച്ചതെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.
ബലം പ്രയോഗിച്ചു കൊലപ്പെടുത്തിയതിനു സമാനമായ അടയാളങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ പാടുണ്ട്. നെഞ്ചിൽ ശക്തമായ ക്ഷതം ഏറ്റതായും റിപ്പോർട്ടിൽ പറയുന്നു. അവയവങ്ങൾ പലതും അഴുകിയ നിലയിലായിരുന്നു.
ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധനയ്ക്കു ശേഷം അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകും.
രണ്ടു ട്രോളിബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടി ചുരത്തിൽനിന്നു കൊക്കയിൽ തള്ളിയ മൃതദേഹഭാഗങ്ങൾ വീണ്ടെടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.50 നാണു മലപ്പുറം എഎസ്പി ഷഹനാഷ, തിരൂർ ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെത്തിച്ചത്.
അഴുകിയ ശരീരഭാഗങ്ങളുടെ എക്സ്റേ പരിശോധനയ്ക്കു ശേഷം വൈകിട്ടു 4.20 നു തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ രാത്രി 7.30 നാണ് അവസാനിച്ചത്. മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം ഡോ. സുജിത് ശ്രീനിവാസൻ നേതൃത്വം നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി ഒൻപതോടെ തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിൽ കബറടക്കി.
English Summary: Hotel owner murder Kozhikode postmortem report