ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കാൻ കമ്പനികൾക്ക് നിർദേശം; ഇടപാടിനു പിന്നിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നീക്കം

cartoon-22
SHARE

കോഴിക്കോട് ∙ വേണ്ടത്ര സ്റ്റോക്കുള്ളതു പരിഗണിക്കാതെ ഒരു കോടിയോളം രൂപ അധികം നൽകി വാങ്ങിക്കൂട്ടിയ ബ്ലീച്ചിങ് പൗഡർ മുഴുവൻ തിരിച്ചെടുക്കാൻ കമ്പനികളോടു കെഎംഎസ്‌സിഎൽ ആവശ്യപ്പെട്ടു. സംശയാസ്പദ ഇടപാടിനു പിന്നിലുള്ള ഉദ്യോഗസ്ഥരെ മുഴുവൻ സംരക്ഷിക്കുന്ന നീക്കമാണിത്.

കത്താതെ ശേഷിക്കുന്ന സ്റ്റോക്ക് കമ്പനികൾ തിരിച്ചെടുക്കുന്നതോടെ ബ്ലീച്ചിങ് പൗഡർ നിലവാരം സംബന്ധിച്ച എല്ലാ പരിശോധനകളും അസ്ഥാനത്താകുമെന്ന് ആശങ്കയുണ്ട്. 3 തീപിടിത്തങ്ങളിലായി സർക്കാർ കണക്കു പ്രകാരം തന്നെ 12 കോടി രൂപയുടെ നഷ്ടമുണ്ട്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ഫയർമാൻ രഞ്ജിത്തിന്റെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 

കൊല്ലം ഗോഡൗൺ കത്തിയമർന്നപ്പോൾ തന്നെ ബ്ലീച്ചിങ് പൗഡറിന്റെ നിലവാരത്തിൽ സംശയമുയർന്നിരുന്നു. കൊല്ലത്തെ ജീവനക്കാരിൽ ഒരാൾ സ്വകാര്യമായി ബ്ലീച്ചിങ് പൗഡർ പരിശോധിച്ചപ്പോൾ 62% ക്ലോറിൻ സാന്നിധ്യം കണ്ടെത്തി. ഔദ്യോഗികമായി കെഎംഎസ്‌സിഎൽ ഇതു പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം പുറത്തുവിട്ടിട്ടില്ല. ആരോഗ്യമേഖലയിൽ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറിൽ പരമാവധി 32% ക്ലോറിനേ ഉണ്ടാകാവൂ. 

ബ്ലീച്ചിങ് പൗഡറിൽനിന്നു ക്ലോറിൻ ക്രമമായി നഷ്ടപ്പെടുമെന്നതുകൊണ്ട് ടെൻഡർ വ്യവസ്ഥകളിൽ 6 മാസത്തിനപ്പുറം കാലാവധി നിഷ്കർഷിക്കാറില്ല. 6 മാസത്തിനപ്പുറത്തേക്കു സംഭരിക്കാറുമില്ല. അസാധാരണ നടപടിയിലൂടെ ഈയിടെ ടെൻഡർ വ്യവസ്ഥകളിൽ കാലാവധി 2 വർഷമായി നിശ്ചയിച്ചു. 2 വർഷം തികയാറാകുന്ന സമയത്തും 30% ക്ലോറിൻ സാന്നിധ്യം വേണമെങ്കിൽ തുടക്കത്തിൽ വലിയ അളവിൽ ക്ലോറിൻ ചേർത്തേ മതിയാകൂ. ഇതു നിയമവിരുദ്ധമാണെന്നതിനാൽ പല കമ്പനികളും ടെൻഡറിൽനിന്നു വിട്ടുനിന്നു. അതിനു തയാറായ കമ്പനിക്കു ടെൻഡറില്ലാതെ തന്നെ ഓർഡർ നൽകി. 

English Summary: Kerala Medical Services Corporation direction to companies to withdraw bleaching powder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS