മരുന്നുസംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം; വിവാദ ബ്ലീച്ചിങ് പൗഡറിന് വിലക്ക്

kmscl-kerala-medical-service-corporation
SHARE

കോഴിക്കോട് ∙ രണ്ടു സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡറിന്റെ വിതരണവും ഉപയോഗവും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ  (കെഎം‌എസ്‌സിഎൽ) മരവിപ്പിച്ചു. ഗോഡൗണുകളിൽ ശേഖരിച്ചിട്ടുള്ള സ്റ്റോക്കിനു ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. ആശുപത്രികളിൽ എത്തിച്ചിട്ടുള്ള ചാക്കുകൾ പൊട്ടിക്കരുതെന്നും ഒരു പായ്ക്കറ്റ് പോലും പുറത്തു പോകരുതെന്നും വാക്കാൽ നിർദേശം നൽകിയിട്ടുമുണ്ട്.

അടിമുടി ദുരൂഹമായ ബ്ലീച്ചിങ് പൗഡർ ഇടപാടിൽ കൂടുതൽ ഒളിപ്പിക്കാനുണ്ടെന്നു വ്യക്തമാക്കുന്നതാണ് കെഎംഎസ്‌സിഎലിന്റെ ഓരോ നീക്കവും. സംഭരണ കേന്ദ്രങ്ങളിൽ ബ്ലീച്ചിങ് പൗഡർ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേക്കു നിരീക്ഷണ ക്യാമറകൾ തിരിച്ചുവയ്ക്കാനും, പ്രദേശത്തേക്ക് ആരെങ്കിലും പോകുന്നത് തടയാനും നിർദേശമുണ്ട്. 

ഉയർന്ന ക്ലോറിൻ സാന്നിധ്യമാണ് തീപിടിത്തത്തിനു കാരണമെന്നാണു സൂചന.  കുറഞ്ഞത് 30% ക്ലോറിൻ സാന്നിധ്യം വേണം എന്നായിരുന്നു കഴി‍ഞ്ഞ വർഷം ജൂലൈയിൽ ക്വട്ടേഷൻ വിളിക്കുമ്പോഴുള്ള നിബന്ധന. രണ്ടു വർഷം കാലാവധിയും നിശ്ചയിച്ചു. 

ഈ ക്വട്ടേഷൻ പ്രകാരമുള്ള ആദ്യ വിതരണം പൂർത്തിയായതിനു പിന്നാലെയാണ് ക്ലോറിൻ സാന്നിധ്യം 32% ആക്കി ഉയർത്തിയത്. രണ്ടു വർഷ കാലാവധിയുള്ള പായ്ക്കറ്റുകളിലാക്കി ഉടൻ എത്തിക്കാമെന്ന ഉറപ്പിലാണ് ബങ്കെ ബിഹാറി കമ്പനി വിതരണം ഏറ്റെടുത്തത്. 

തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയിലാണു തിരുവനന്തപുരത്ത് ബ്ലീച്ചിങ് പൗഡർ എത്തിച്ചതെന്ന് കെഎംഎസ്‌സിഎൽ ജീവനക്കാർ പറയുന്നു.  രണ്ടു വർഷം കാലാവധി ലഭിക്കുന്നതിനു വേണ്ടി ക്ലോറിൻ അളവ് കൂട്ടിയിട്ടിരിക്കാമെന്നും ഇതാണ് തീ പിടിത്തത്തിനു കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 62% വരെ ക്ലോറിൻ സാന്നിധ്യം ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. 

കേരളത്തിൽ എത്തിച്ച ചാക്കുകളിൽ എല്ലാം ബാച്ച് നമ്പറിനൊപ്പം ‘എ’ എന്ന് ഇംഗ്ലിഷ് അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. ഉൽപാദനത്തിനു ശേഷം രണ്ടാമത് പായ്ക്ക് ചെയ്യുമ്പോഴാണ് ഇങ്ങനെ രേഖപ്പെടുത്താറുള്ളത്.

English Summary: KMSCL stops bleaching powder usage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA