ADVERTISEMENT

കൊണ്ടോട്ടി ∙ നാട്ടിലെ വ്യവസായ സ്ഥാപനത്തിനെതിരെയുള്ള പരാതികളും അധികൃതർ നടപടിയെടുക്കാത്തതിലുള്ള വേദന നിറഞ്ഞ ആത്മഹത്യാ കുറിപ്പും കഴുത്തിൽ തൂക്കി കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ സമൂഹമാധ്യമ പോസ്റ്റുകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത്, സിപിഎം പ്രാദേശിക നേതാക്കളെയും പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയെയും. സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മാപ്പിളകലാ അക്കാദമിയുടെ മുൻ സെക്രട്ടറികൂടിയായ റസാഖിന്റെ മരണത്തോടെ, അദ്ദേഹത്തിന്റെ പല സമൂഹമാധ്യമ പോസ്റ്റുകളും വിഡിയോകളും വൈറലായി. സിപിഎം സഹയാത്രികനായ റസാഖ്, കാലശേഷം വീട് പാർട്ടിക്കും മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്കും നൽകാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിൽനിന്നു മാറാനിടയായ സാഹചര്യവും കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്. നാട്ടിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ കുടുംബം നടത്തിയ പോരാട്ടത്തിനു പാർട്ടിയിൽനിന്നോ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽനിന്നോ പിന്തുണ ലഭിച്ചില്ല എന്നതായിരുന്നു കാരണം.

മാർച്ച് 21ന് റസാഖ് ഇങ്ങനെ കുറിച്ചു: ‘എന്റെ ജ്യേഷ്ഠൻ അഹമ്മദ് ബഷീർ 2019 മുതൽ ഈ സ്ഥാപനത്തിനെതിരെ ശബ്ദമുയർത്തി. എല്ലാ സർക്കാർ സംവിധാനങ്ങളിലും അപേക്ഷ സമർപ്പിച്ചു. ആർക്കും കൈക്കൂലി നൽകിയില്ല. അപേക്ഷകൾ ചുവപ്പ് നാടയിലെ ‘പിണറായിയുടെ ഓരോ ജീവിതമായി’ ഇപ്പോഴും ആപ്പീസുകളിൽ കാണും. ഇനി അത് തൂക്കി വിറ്റേക്കുക. കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒടുക്കാവുന്നതാണ്. സാധാരണക്കാർക്ക് ആശ്രയമായ പുളിക്കൽ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ തിരിഞ്ഞുനോക്കിയില്ല. പഞ്ചായത്ത്‌രാജ് നിയമപുസ്തകം മറിച്ചുനോക്കാതെ കൈക്കൂലി കൈപ്പറ്റി കച്ചവട ലോബിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു’.

വീട് പാർട്ടിക്കു നൽകേണ്ടെന്നു തീരുമാനിച്ചെങ്കിലും ലക്ഷ്യം റസാഖ് കൈവിട്ടില്ല. ട്രസ്റ്റ് രൂപീകരിച്ച് വീട് ‘ഇഎംഎസ് ഭവനം’ ആക്കുന്നതായി അറിയിച്ചു: ‘ഇഎംഎസിന്റെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 13ന് ‘ഇഎംഎസ് ഭവൻ എജ്യുക്കേഷൻ ട്രസ്റ്റ്’ പൊതുജനങ്ങൾക്കായി തുറക്കുകയാണ്’ എന്ന കുറിപ്പിൽ അവിടെ ലഭ്യമാക്കുന്ന സേവനങ്ങളും വിവരിച്ചു. മരിക്കുന്നതിനു മുൻപേ വീട് വിട്ടുനൽകുകയാണെന്നും കോഴിക്കോട്ടേക്കു താമസം മാറുകയാണെന്നും കുറിപ്പിലുണ്ട്. എന്നാൽ, പഞ്ചായത്ത് ഓഫിസ് മുതൽ മുകളിലോട്ടു നൽകിയ പരാതികളിലൊന്നും നടപടിയില്ലാത്തതിന്റെ വിഷമം പങ്കുവച്ച് റസാഖ് ജീവിതത്തിനു ഫുൾ സ്റ്റോപ്പിട്ടു. ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെയെഴുതി: ‘ആ സ്ഥാപനം പൂട്ടിക്കുന്നതിന് ഒരു സ്റ്റോപ്പ് മെമ്മോ എങ്കിലും കൊടുക്കണം. മരണവും ഒരു സമരമാണ്...’

English Summary : Razak's social media posts became discussion after his death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com