ADVERTISEMENT

കമ്പം (തമിഴ്നാട്) ∙ പാഞ്ഞുവരുന്ന ജെല്ലിക്കെട്ടു കാളയെ കൊമ്പു കുത്തിച്ചു ശീലമുള്ള തമിഴ് വീരന്മാർ, ചിന്നം വിളിച്ചു പാഞ്ഞടുത്ത അരിക്കൊമ്പനു മുന്നിൽ പകച്ചുപോയി. ഇന്നലെ രാവിലെ 6 മുതൽ കമ്പം ടൗണിൽ നടന്നത് അരിക്കൊമ്പന്റെ ‘ഗജ’ജെല്ലിക്കെട്ട്. തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റു. കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

പറമ്പിക്കുളത്തിനു സമീപം ആനമല ടോപ്പ് സ്ലിപ്പിൽനിന്നു രണ്ടു കുങ്കിയാനകളെ എത്തിച്ചശേഷം അരിക്കൊമ്പന് ഇന്നു മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും അരിക്കൊമ്പനെ മാറ്റുക.

മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു വീണ്ടും ജനവാസമേഖലയിലിറങ്ങിയത്; ഇക്കുറി തമിഴ്നാട്ടിലാണെന്നു മാത്രം. കുമളി– തേനി ദേശീയപാത മുറിച്ചുകടന്ന് കമ്പം ടൗണിലെത്തിയ കൊമ്പനെ ഓട്ടോ ഡ്രൈവർമാരാണ് ആദ്യം കണ്ടത്. കഴുത്തിലെ വലിയ ബെൽറ്റിൽ തൂക്കിയിട്ടിരുന്ന റേഡിയോ കോളർ തിരിച്ചറിയാൻ സഹായകരമായി. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ടൗണിലുണ്ടായിരുന്നവർ ചിതറിയോടി.

ആളുകൾ കൂക്കുവിളിയും മണ്ണു വാരിയേറും തുടങ്ങിയതോടെ വിളറിപിടിച്ച കൊമ്പൻ, ഓട്ടോറിക്ഷ തട്ടി ഓടയിലേക്കിട്ടു. നടന്നുപോകുന്നതിനിടെ ജലസംഭരണി തകർത്ത് വെള്ളം കുടിച്ചു. ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പാൽരാജിനെ തുമ്പിക്കൈ കൊണ്ടു തട്ടി നിലത്തിട്ടു. പരുക്കുകളോടെ പാൽരാജ് ആശുപത്രിയിലാണ്. 

വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ ആകാശത്തേക്കു വെടിവച്ചതോടെ വിരണ്ട ആന രാവിലെ ഒൻപതോടെ സമീപത്തെ പുളിത്തോട്ടത്തിലേക്കു കയറി. പിന്നാലെ, പ്രധാന പാതകളും ഇടവഴികളും പൊലീസ് വലിയ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തി അടച്ചു. അരിക്കൊമ്പൻ കാട്ടിൽനിന്നു വന്ന വഴിമാത്രം തിരിച്ചുപോകുന്നെങ്കിൽ പൊയ്ക്കോട്ടെ എന്ന കണക്കുകൂട്ടലിൽ തുറന്നിട്ടു.

ശാന്തനാക്കി നിർത്താൻ വനംവകുപ്പ് തെങ്ങോലയും വാഴക്കുലയും പ്ലാവിലയും മറ്റും എത്തിച്ചെങ്കിലും അരിക്കൊമ്പൻ സ്വീകരിച്ചില്ല. തീറ്റയെത്തിച്ച മണ്ണുമന്തിയന്ത്രത്തിനു കേടുവരുത്തുകയും ചെയ്തു. കുരച്ചെത്തിയ നായക്കൂട്ടത്തെയും വിരട്ടിയോടിച്ചു. ഇതിനിടെ ഒരാൾ ഡ്രോൺ പറത്തിയതോടെ അസ്വസ്ഥനായ അരിക്കൊമ്പൻ പുളിത്തോട്ടത്തിനു പുറത്തേക്കോടി. ആകാശത്തേക്ക് നിറയൊഴിച്ചിട്ടും ആന അടങ്ങാതായതോടെ ഉദ്യോഗസ്ഥരടക്കം ചിതറിയോടി. ഉച്ചയ്ക്ക് രണ്ടരയോടെ വാഴത്തോട്ടത്തിലേക്കു കയറിയ കൊമ്പൻ രാത്രിയോടെ വനാതിർത്തിയിലേക്കും നീങ്ങി.

കമ്പം എംഎൽഎ എൻ.രാമകൃഷ്ണന്റെ വീടിനടുത്തുള്ള തെരുവിൽ വരെ ആനയെത്തിയതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഷയത്തിൽ ഇടപെട്ടിരുന്നു. മയക്കുവെടിക്കുള്ള വനംവകുപ്പിന്റെ ഉത്തരവും അതിവേഗമിറങ്ങി. 

കേരള െഹെക്കോടതി വിധി തടസ്സമല്ല

കൊച്ചി ∙ അരിക്കൊമ്പൻ കേസിലെ കേരള ഹൈക്കോടതി വിധികൾ തമിഴ്നാട് സർക്കാരിനോ തമിഴ്നാടു വനംവകുപ്പിനോ ബാധകമല്ലെന്നു നിയമവിദഗ്ധർ പറയുന്നു. മയക്കുവെടിവച്ചു പിടികൂടി ആനക്കൂട്ടിൽ അടയ്ക്കരുത്, റേഡിയോ കോളർ ഘടിപ്പിച്ചു ഉൾക്കാട്ടിലേക്കു കയറ്റിവിടണം, ഇതിനുശേഷവും ആന എവിടെയുണ്ടെന്നു നിരീക്ഷണം തുടരണം തുടങ്ങിയ ഹൈക്കോടതി നിർദേശങ്ങളിൽ തമിഴ്നാടു സർക്കാരിനു ഉചിതമായ നിലപാട് സ്വന്തം നിലയ്ക്കു സ്വീകരിക്കാം.

English Summary: Elephant Arikomban reaches Cumbum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com