ADVERTISEMENT

കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോം വളപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘത്തെ 18 മണിക്കൂറിനകം പിടികൂടി പൊലീസ് യുവാവിനെ മോചിപ്പിച്ചു. 

പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിൽ താമസക്കാരനുമായ നിഷാദിനെ (43) ആണ് തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മയിലുള്ളാംപാറ സിറാജ് (32), ഉള്ളാട്ടിൻപാറ പി.കെ.ഹുസൈൻ (36), യു.കെ.മുഹമ്മദ് ഇർഫാൻ (25), വിളഞ്ഞിപ്പിലാക്കൽ യു.പി.ദിൽഷാദ് (26), പുഴക്കുന്നുമ്മൽ പി.കെ.ഹൈദരലി (33), ഓമശ്ശേരി പൂനൂർവീട്ടിൽ കെ.ജുനൈദ് (21), പാലക്കാട് മണ്ണാർക്കാട് വഴിപറമ്പൻ പരുമ്പട്ടാരി യു.പി.ജഷീർ (46) എന്നിവരാണ് പിടിയിലായത്. സിറാജിന്റെ കാർ 7 ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ പണയത്തിനു വാങ്ങിയ നിഷാദ് പണം നൽകാതിരുന്നതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതി സിറാജിന്റെ നേതൃത്വത്തിൽ കാറിൽ എത്തിയ സംഘം ടൂറിസ്റ്റ് ഹോമിന്റെ മുന്നിൽ നിന്ന് ഇന്നലെ പുലർച്ചെ 1.10നാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയത്. ടൂറിസ്റ്റ് ഹോമിലെയും സമീപത്തെയും 5 സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. കാറിലെത്തിയ സംഘം നിഷാദിനെ മർദിക്കുകയും മുണ്ട് അഴിച്ചു കാൽകെട്ടി കാറിൽ കയറ്റിക്കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. 

വൈകിട്ട് 5 മണിയോടെ പ്രതികൾ വയനാട് – കോഴിക്കോട് അതിർത്തിയിൽ കണ്ണപ്പംകുണ്ട് മലയിലുണ്ടെന്നു കണ്ടെത്തി. മല വളഞ്ഞ് കാടിനുള്ളിൽ നിന്നു പ്രതികളെ  പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.

English Summary: Kidnapped youth rescued; seven people arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com