ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിനു കടമെടുക്കാവുന്ന തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിട്ടില്ലെന്നും 9 മാസത്തേക്ക് അനുവദിച്ച കടമെടുപ്പു തുക 12 മാസത്തേക്കാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ തെറ്റിദ്ധരിച്ചതാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ.

ബാലഗോപാലും മുരളീധരനും വ്യത്യസ്ത കണക്കുമായി രംഗത്തു വന്നതോടെ സംസ്ഥാനത്തിന്റെ ശരിക്കുള്ള കടമെടുപ്പു പരിധിയിൽ വീണ്ടും ആശയക്കുഴപ്പമായി. ഇതു നീക്കേണ്ട കേന്ദ്ര ധനമന്ത്രാലയമാകട്ടെ പ്രതികരിച്ചിട്ടുമില്ല. 

 

ധനമന്ത്രി ബാലഗോപാലിന്റെ കണക്ക് 

ഇൗ സാമ്പത്തിക വർഷം പൊതുവിപണിയിൽ നിന്നു കേരളത്തിനു 32,442 കോടി രൂപ കടമെടുക്കാമെന്നു കേന്ദ്രം സമ്മതിച്ചിരുന്നു. ഇത് ഒറ്റയടിക്കു 17,052 കോടി രൂപയായി കേന്ദ്രം വെട്ടിക്കുറച്ചു. 

32,442 കോടിയിൽ നിന്നു പതിവു വെട്ടിക്കുറയ്ക്കലിനു ശേഷം 25,000 കോടിയെങ്കിലും ഇൗ വർഷം കടമെടുക്കാൻ കഴിയുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, പകുതിയോളം തുക കുറച്ചതോടെ ഇൗ വർഷം കടമെടുക്കാൻ കഴിയുക 15,390 കോടി രൂപ മാത്രം. 

ഇൗ വർഷം ഇതിനകം 2,000 കോടി എടുത്തു കഴിഞ്ഞതിനാൽ ശേഷിക്കുന്നത് 13,390 കോടിയാണ്. ഇതു കേരളത്തെ തിരഞ്ഞുപിടിച്ചുള്ള ആക്രമണമാണ്. കേന്ദ്രത്തിനു കണക്കു തെറ്റിയെങ്കിൽ അവർ തിരുത്തണം.

 

കേന്ദ്രമന്ത്രി മുരളീധരന്റെ കണക്ക് 

കടമെടുക്കാവുന്ന തുക കേന്ദ്രം വെട്ടിക്കുറച്ചിട്ടില്ല. 20,521 കോടി രൂപ ഇൗ വർഷം കേരളത്തിനു കടമെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഇതിൽ 15,390 കോടി രൂപ ആദ്യത്തെ 9 മാസം (ഡിസംബർ വരെ) കടമെടുക്കാം. അവസാനത്തെ 3 മാസം ബാക്കി 5,131 കോടി രൂപ കടമെടുക്കാൻ കഴിയും. നബാർഡ് വഴിയുള്ള വായ്പ, ബജറ്റിനു പുറത്തെ വായ്പ, പൊതുവിപണിയിൽ നിന്നുള്ള വായ്പ തുടങ്ങിയവ എല്ലാം ചേർത്ത് 55,182 കോടിയാണ് ഇൗ വർഷം സംസ്ഥാന സർക്കാർ കടമെടുക്കുന്നത്. 

ധൂർത്തും കെടുകാര്യസ്ഥതയുമാണു കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത്. അതിനെ കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നതു ശരിയല്ല. 

കെവി.തോമസിനെപ്പോലെയുള്ളവരെ തീറ്റിപ്പോറ്റിയും പിണറായിക്കു നീന്തൽക്കുളം ഉണ്ടാക്കിയും മന്ത്രിമാർ കുടുംബസമേതം വിദേശ യാത്ര നടത്തിയുമാണു ഖജനാവ് കാലിയാക്കിയത്.

English Summary: Controversy on Kerala borrowing limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com