ADVERTISEMENT

കൊച്ചി∙ നൈജീരിയയുടെ തടവിൽ നിന്നു മോചിപ്പിക്കപ്പെട്ട എണ്ണക്കപ്പൽ എംടി ഹീറോയിക് ഇഡുനും 3 മലയാളികളുൾപ്പെടെ 26 നാവികരും നാട്ടിലേക്കുള്ള മടക്കയാത്രയാരംഭിച്ചു. ഇന്നലെ പുലർച്ചെയാണു കപ്പൽ നൈജീരിയയിലെ ബോണി തുറമുഖത്തു നിന്നു പുറപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ തുറമുഖത്തേക്കാണ് ആദ്യം കപ്പലിന്റെ യാത്ര. 

ഇവിടെ എത്തിയതിനുശേഷം നാവികർ നാട്ടിലേക്കു മടങ്ങും. 10 മാസത്തെ അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഒടുവിലാണു കപ്പലും നാവികരും ആശ്വാസതീരമണയുന്നത്. ഇന്നലെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയോടെയാണ് എംടി ഹീറോയിക് ഇഡുൻ ബോണി തുറമുഖം വിട്ടത്. ജീവനക്കാരിൽ നിന്നു നൈജീരിയൻ അധികൃതർ പിടിച്ചെടുത്ത പാസ്പോർട്ടുകളും മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ശനിയാഴ്ച വൈകിട്ടോടെ തിരികെ നൽകിയിരുന്നു. 

കപ്പൽ 10 ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ എത്തുമെന്നു ഫസ്റ്റ് ഓഫിസറും കൊച്ചി സ്വദേശിയുമായ സനു ജോസ് പറഞ്ഞു. മോചിപ്പിക്കപ്പെട്ട നാവികർ, രാജ്യത്തിനും വിഷമസന്ധിയിൽ ഒപ്പം നിന്നവർക്കും നന്ദി അറിയിച്ചുള്ള വിഡിയോകൾ പുറത്തു വിട്ടിരുന്നു. നാട്ടിലെ ബന്ധുക്കളുമായും ഇവർ ആശയവിനിമയം നടത്തി. അടുത്ത മാസം ഇവർ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിവരം. ദീർഘനാൾ തടഞ്ഞു വയ്ക്കപ്പെട്ടതിനാൽ സ്വദേശങ്ങളിലേക്കു മടങ്ങുന്നതിനു മുന്നോടിയായി ആരോഗ്യ പരിശോധനകളും കൗൺസലിങ്ങും പൂർത്തിയാക്കാൻ കപ്പൽ കമ്പനി ഇവർക്കു നിർദേശം നൽകിയിട്ടുണ്ട്. 

കൊച്ചി മുളവുകാടു സ്വദേശി മിൽട്ടൻ ഡിക്കോത്ത്, കൊല്ലം നിലമേൽ കൈതോടു സ്വദേശി വി.വിജിത് എന്നിവരാണു കപ്പലിലുള്ള മറ്റു മലയാളികൾ. ഇതിൽ വിജിത്ത് സ്ത്രീധന പീഡനം മൂലം മരിച്ച വിസ്മയയുടെ സഹോദരനാണ്. വിസ്മയയുടെ മരണത്തിനു പിന്നാലെ വിജിത്ത് വിദേശ രാജ്യത്തു തടവിലാക്കപ്പെട്ടതു കുടുംബത്തിന് കനത്ത ആഘാതമായിരുന്നു. 26 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. 

കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ എണ്ണമോഷണം ആരോപിച്ചു തടഞ്ഞു വയ്ക്കപ്പെട്ട കപ്പൽ നവംബറിലാണു നൈജീരിയയ്ക്കു കൈമാറിയത്. മാസങ്ങൾ നീണ്ട കോടതി വിചാരണയ്ക്കു ശേഷമാണു മോചനം. ഉടമകൾ വൻ തുക മോചനദ്രവ്യം നൽകിയതോടെയാണു കപ്പൽ വിട്ടയച്ചതെന്നാണു വിവരം. 

നന്ദി അറിയിച്ച് സനു, മിൽട്ടൻ, വിജിത്

സഹായിച്ചവർക്കും പ്രാർഥിച്ചവർക്കും ദൈവത്തിനും നന്ദി അറിയിച്ചു കപ്പലിലെ മലയാളികൾ. ഫസ്റ്റ് ഓഫിസർ സനുജോസ്, മിൽട്ടൻ ഡിക്കോത്ത്, വിജിത് എന്നിവരാണു നന്ദി സന്ദേശ വിഡിയോ ബന്ധുക്കൾക്ക് അയച്ചത്. കപ്പലിലേക്കു പുതിയ കുറച്ചു നാവികർ കൂടി എത്തിയിട്ടുണ്ടെന്നും ഉടൻ പുറപ്പെടുമെന്നുമാണു യാത്ര തിരിക്കും മുൻപു മൂവരും ഒരുമിച്ചു പുറത്തുവിട്ട വിഡിയോയിലുള്ളത്. 

English Summary: Ship freed by Nigeria starts journey towards South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com