അരിക്കൊമ്പൻ ആക്രമിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു
Mail This Article
കമ്പം (തമിഴ്നാട്) ∙ കഴിഞ്ഞ ശനിയാഴ്ച നഗരത്തിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ അരിക്കൊമ്പൻ തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. കമ്പം പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മദ്യവിൽപന കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ പാൽരാജ് (60) ആണു മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കമ്പം വെസ്റ്റ് സ്ട്രീറ്റിൽ താമസിക്കുന്ന പാൽരാജ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് ആനയുടെ മുന്നിൽ പെട്ടത്. അരിക്കൊമ്പൻ തുമ്പിക്കൈ കൊണ്ടു തട്ടിയതോടെ പാൽരാജ് ബൈക്കിൽനിന്നു തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്കേറ്റ പരുക്കാണു മരണകാരണം.
ഭാര്യ: പിച്ചയമ്മാൾ. മക്കൾ: പാണ്ഡീശ്വരി, മുത്തുപാണ്ഡ്യൻ, വിഷ്ണുപ്രിയ. പാൽരാജിന്റെ കുടുംബത്തിനു തമിഴ്നാട് സർക്കാർ 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.
പിടികൂടാൻ പ്രത്യേക സംഘം
ചെന്നൈ ∙ അരിക്കൊമ്പനെ പിടികൂടാൻ തിരുവല്ലിപുത്തൂർ മേഘമല കടുവസങ്കേതത്തിലെ ഫീൽഡ് ഡയറക്ടറുടെ നേതൃത്വത്തിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.
അരിക്കൊമ്പൻ ഉൾവനത്തിൽ;സിഗ്നൽ ലഭിക്കാൻ തടസ്സം
കമ്പം ∙ ഷണ്മുഖനാഥൻ ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പൻ ഉൾവനത്തിലേക്കു കടന്നെന്നു തമിഴ്നാട് വനംവകുപ്പ്.
ഇന്നലെ രാവിലെ 6നു ക്ഷേത്രപരിസരത്ത് ആന എത്തിയെന്നും പിന്നീടു വനത്തിലേക്കു തന്നെ മടങ്ങിയെന്നും ചിലർ വനംവകുപ്പിനു വിവരം നൽകിയിരുന്നു. പ്രദേശത്തു ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു. അണക്കെട്ടിന് എതിർവശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂർത്തിയാക്കിയിരുന്നെങ്കിലും ആന ഉൾക്കാട്ടിൽത്തന്നെ നിലയുറപ്പിച്ചു.
ഉൾക്കാട്ടിലായതിനാൽ അരിക്കൊമ്പന്റെ റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ പകൽ 6 മണിക്കൂറോളം സിഗ്നലുകൾ കിട്ടാതെ വന്നതിനാൽ അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാവാതെ പ്രയാസത്തിലായിരുന്നു ഉദ്യോഗസ്ഥർ.
English Summary: Arikomban attack man succumbed to death