ADVERTISEMENT

ലഹരിക്കടത്ത് നേതാവിന്റെ ലോറിയിൽ; എന്നിട്ടും കേസില്ല 

സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയംഗവും ആലപ്പുഴ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എ.ഷാനവാസിന്റെ വാഹനം ലഹരിക്കടത്തിന് ഉപയോഗിച്ചതും നേതാവ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതും പാർട്ടിയെ ഞെട്ടിച്ചു. പക്ഷേ, സംഗതി ഞെട്ടലിൽ തീർന്നു. ചെറുതായൊരു സസ്പെൻഷൻ. പൊലീസ് കേസില്ല.  

ലോറി വാടകയ്ക്കു കൊടുത്തതാണെന്നു കാണിക്കാൻ ഷാനവാസ് ഹാജരാക്കിയ കരാർ തട്ടിക്കൂട്ടിയതാണെന്ന ആരോപണവും ഉണ്ടായി. എന്നാൽ, ‘പാർട്ടിക്കോടതി’ഷാനവാസിൽ കണ്ട കുറ്റം വാഹനം വാങ്ങിയ വിവരം യഥാസമയം പാർട്ടിയെ അറിയിക്കാത്തതുമാത്രം.  ഷാനവാസ് ഇപ്പോഴും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനായി തുടരുന്നു.

മരട് ഫ്ലാറ്റ് മാഞ്ഞു; നേതാവിനെതിരായ കേസും

രാജ്യശ്രദ്ധ നേടിയ മരട് ഫ്ലാറ്റ് പൊളിക്കൽ സംഭവത്തിൽ സിപിഎം നേതാവ് കെ.എ. ദേവസ്സിയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങൾ പാർട്ടിക്കോടതിയിൽ അവസാനിച്ചു. ദേവസ്സി പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് വിവാദ നിർമാണങ്ങൾക്ക് അനുമതി നൽകിയത്. പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്സിൽ അംഗങ്ങൾ അറിയാതെ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതായി എഴുതിച്ചേർത്തെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് അന്നത്തെ അംഗങ്ങൾ കക്ഷിഭേദമില്ലാതെ ദേവസ്സിക്കെതിരെ ഉയർത്തിയത്.

ക്രൈം ബ്രാഞ്ച് ഈ പരാതി കാര്യമായി പരിഗണിച്ചില്ല. ദേവസ്സിയെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ അനുമതി തേടിയെങ്കിലും ‘പാർട്ടിക്കോടതി’ സമ്മതിച്ചില്ല. കേസ് അന്വേഷണച്ചുമതലയുണ്ടായിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനെ സ്ഥലം മാറ്റിയതോടെ കേസ് ഫയൽ ക്ലോസ്ഡ്!.

സാമ്പത്തികക്കേസ് എങ്കിൽ പാർട്ടിവക ‘മുൻകൂർ ജാമ്യം’

സാമ്പത്തികക്രമക്കേടുകളാണു പലപ്പോഴും നേതാക്കൾക്കെതിരെ പാർട്ടിയിൽ പരാതിയായി എത്തുന്നത്.  എറണാകുളം പള്ളുരുത്തി ഏരിയകമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആന്റണി ഷീലനെതിരെ ഉയർന്ന സാമ്പത്തികാരോപണത്തെത്തുടർന്നു നടപടിയെടുത്തു. പൊലീസ് കേസ് ആയില്ല. സിഐടിയു ഓഫിസ് നിർമാണത്തിനു പിരിച്ച പണം തിരിമറി നടത്തിയെന്നാണ് ആരോപണം. 

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നടന്ന ഫണ്ട് തിരിമറി പരാതിയും പൊലീസിലെത്താതെ ഒതുക്കിത്തീർക്കുകയാണുണ്ടായത്. ഒരു കോടിയിലധികം രൂപയുടെ തിരിമറി നടന്നതായി സിപിഎം ഏരിയ സെക്രട്ടറി തന്നെയാണു ജില്ലാ നേതൃത്വത്തിനു പരാതി നൽകിയത്. പാർട്ടി നിയോഗിച്ച 3 അംഗ സമിതി അന്വേഷണം നടത്തി.  ഈ കേസ് തീർക്കാൻ ‘പാർട്ടിക്കോടതി’ പുതിയൊരു രീതി കൊണ്ടുവന്നു. കുറ്റാരോപിതർക്കും പരാതിക്കാർക്കുമെതിരെ ഒരുമിച്ചു നടപടിയെടുക്കുക. പേരാവൂരിൽ സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തിരിമറിയും ഇങ്ങനെ മാഞ്ഞു.

പാലക്കാട് സിപിഎമ്മിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി കണ്ണമ്പ്രയിൽ സഹകരണമേഖലയിൽ ‘പാപ്കോസ് ’ റൈസ് മില്ലിനുള്ള ഭൂമിയെടുപ്പിൽ മൂന്നുകേ‍ാടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ പാർട്ടി പ്രവർത്തകർ തന്നെ നേതൃത്വത്തിനു രേഖാമൂലം പരാതി നൽകിയെങ്കിലും കേസ് നടപടികളുണ്ടായില്ല. പാർട്ടിക്കോടതി അന്വേഷിച്ചു ‘വിധി പറഞ്ഞു’:  ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചാമുണ്ണിയെ തരംതാഴ്ത്തി. അതോടെ കഴിഞ്ഞു.

sfi

വ്യാജരേഖ ചമയ്ക്കൽ ഒരു കേസല്ല!

വ്യാജരേഖ ചമയ്ക്കൽ ക്രിമിനൽ നടപടിക്രമമനുസരിച്ചു കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നു ചട്ടം. എന്നാൽ, പാർട്ടിക്കോടതിയിൽ അങ്ങനെയൊരു വകുപ്പില്ല. പാലക്കാട് പുതുശ്ശേരി ഏരിയ സെക്രട്ടറിയും അടുത്ത ബന്ധുവും ചേർന്നു വ്യാജരേഖയുണ്ടാക്കി എലപ്പുള്ളി പ്രദേശത്ത് കുളം ഉൾപ്പെടെ ഒരേക്കറിലധികം ഏക്കർ മിച്ചഭൂമി സ്വന്തമാക്കിയെന്ന പരാതിയിൽ നടപടിയില്ല. 

സ്ഥലത്തിന്റെ ഉടമ അറിയാതെ, കേ‍ാഴിക്കേ‍ാട്ടുള്ള സ്ഥലം ജന്മിയുടെ പേരിൽ രേഖയുണ്ടാക്കി ഭൂമി റജിസ്ട്രേഷൻ നടത്തിയതെന്നാണ് ആരേ‍ാപണം. വില്ലേജ് ഒ‍ാഫിസർ മുതൽ ജില്ലാ കലക്ടർ വരെ നടത്തിയ അന്വേഷണത്തിൽ ഏരിയ സെക്രട്ടറി മിച്ചഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതായി കണ്ടെത്തി. 

ഭൂമിയുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ കലക്ടർ ശുപാർശ ചെയ്തു. കലക്ടറുടെ റിപ്പേ‍ാർട്ടനുസരിച്ചു വാളയാർ കസബ പെ‍ാലീസിൽ ചിലർ പരാതി നൽകിയെങ്കിലും ആരേ‍ാപണവിധേയനെ തുണയ്ക്കുന്നവരിൽ നിന്നു മെ‍ാഴിയെടുത്തു നടപടി അവസാനിപ്പിച്ചതായാണു സൂചന. .

പരാതി പൊലീസിനു വിടണം എന്ന ഭേദഗതി പാർട്ടി തള്ളി

ഗാർഹികപീഡനവും ലൈംഗികപീഡനവും പാർട്ടിഅച്ചടക്കത്തിന്റെ ലംഘനമാകുമെന്ന ഭരണഘടനാഭേദഗതി കണ്ണൂരിൽ ചേർന്ന 23–ാം സിപിഎം പാ‍ർട്ടി കോൺഗ്രസ് പാസാക്കിയിരുന്നു. എന്നാൽ ഇവ ഇന്ത്യൻ ശിക്ഷാ നിയമത്തിൽപ്പെട്ട കുറ്റങ്ങളായതിനാൽ പാർട്ടിക്കു ലഭിക്കുന്ന പരാതികൾ ഉടനെ പൊലീസിനോ കോടതിക്കോ കൈമാറണമെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തണമെന്ന ഭേദഗതി അംഗീകരിക്കപ്പെട്ടില്ല. പാർട്ടിക്കു ലഭിക്കുന്ന പരാതികൾ പാർട്ടി തന്നെ വിചാരണ ചെയ്ത് തെറ്റും ശരിയും കണ്ടെത്തി തീർപ്പു കൽപിക്കുകയെന്ന രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്.  

കണ്ണൂരിൽ ഏതാനും വർഷങ്ങൾക്കുമുൻപ് ജില്ലയിലെ ഉന്നത സിപിഎം  നേതാവിനെതിരെ ഇത്തരത്തിലുള്ള 2 പരാതികൾ ഉയർന്നു. നിൽക്കക്കള്ളിയില്ലാതെ നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. 8 വർഷത്തിനു ശേഷം നേതാവ് സംസ്ഥാന സമിതി അംഗമായി. ഭരണതലത്തിൽ സ്വാധീനമുള്ള വലിയൊരു തസ്തികയിലാണിപ്പോൾ. 

മുൻ സംസ്ഥാന സമിതി അംഗമായിരുന്ന നേതാവ് തന്റെ മകൾക്കുണ്ടായ അനുഭവവും ഡിവൈഎഫ്ഐ നേതാവ് ഭാര്യയ്ക്കുണ്ടായ അനുഭവവുമാണു പരാതിയായി ഉന്നയിച്ചിരുന്നത്. പരാതിപ്പെട്ടവർ  ഒതുക്കപ്പെട്ടു. കോടതിയിലെത്തിയാൽ കഠിന ശിക്ഷ ലഭിക്കുമായിരുന്ന കുറ്റമായിരുന്നു ഇത്. 

പത്തനംതിട്ടയിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിനെതിരെയുള്ള പരാതി പൊലീസിലെത്താതെ പാർട്ടി ഒതുക്കി.   

വീട്ടമ്മ നേരിട്ടു പൊലീസിനെ സമീപിച്ചപ്പോഴാണു കേസെടുത്തത്. ആലപ്പുഴയിൽ 30ലേറെ സ്ത്രീകളുടെ നഗ്നവിഡിയോ ഫോണിൽ സൂക്ഷിച്ചെന്ന പരാതിയിൽ ഏരിയ കമ്മിറ്റിയംഗത്തെ പുറത്താക്കി. ഇതും കോടതിയിലെത്തിയില്ല.

English Summary: Case against CPM leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com