ADVERTISEMENT

തിരുവനന്തപുരം ∙ നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റുമാരിൽ പതിനഞ്ചിൽ താഴെ പേരെ മാത്രം നിലനിർത്തി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനാപ്പട്ടിക കെപിസിസി ഉപസമിതി  പ്രസിഡന്റ് കെ.സുധാകരനു കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്ഥാനമേറ്റെടുത്തവരെ, ചില മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചാണു നിലനിർത്തിയത്. 180ൽ അധികം ബ്ലോക്കുകളിൽ ഒറ്റപ്പേരും മറ്റുള്ളിടത്തു പാനലുമാണു നൽകിയത്. മുപ്പതോളം ബ്ലോക്കുകളിൽ പാനലിൽ മൂന്നു പേരുണ്ട്.

ഇന്നു കെപിസിസി ആസ്ഥാനത്ത് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ച ചെയ്തു പട്ടിക അന്തിമമാക്കും. മുതിർന്ന നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തും. ഈ ചർച്ചകളിൽ ഏതാനും ചില ബ്ലോക്ക് പ്രസിഡന്റുമാരെക്കൂടി നിലനിർത്താൻ സാധ്യതയുണ്ട്. 

എല്ലാ ജില്ലയിലും ഒരു ബ്ലോക്ക് പ്രസിഡന്റ് എങ്കിലും വനിതയാകണമെന്ന നിർദേശം ഉപസമിതിക്കു കെപിസിസി നൽകിയിരുന്നു. ഇടുക്കി ഉൾപ്പെടെ രണ്ടോ, മൂന്നോ ജില്ലകളിലൊഴിച്ച് ഇതു സാധ്യമായി. ഏതെങ്കിലും ജില്ലയിൽ വനിതാ ബ്ലോക്ക് പ്രസിഡന്റ് ഇല്ലാതെ വന്നാൽ ഡിസിസി ഭാരവാഹിത്വത്തിൽ മതിയായ വനിതാ പ്രാതിനിധ്യം നൽകണമെന്നു സമിതി നിർദേശിച്ചിട്ടുണ്ട്.

ബ്ലോക്ക് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിൽ വിവിധ മാനദണ്ഡങ്ങൾ കെപിസിസി നിർദേശിച്ചിരുന്നെങ്കിലും ഏറ്റവും പ്രവർത്തനനിരത പദവി എന്ന നിലയ്ക്കു ചില ഇളവുകൾ നൽകി. 50 വയസ്സിൽ താഴെയുള്ളവരാണ് അധികം പേരും.‌

കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദീഖ്, കെ.സി.ജോസഫ്, എ.പി.അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, എം.ലിജു, കെ.ജയന്ത് എന്നിവരുൾപ്പെട്ട സമിതി ഒന്നരമാസത്തെ ശ്രമഫലമായാണു പട്ടിക കൈമാറിയത്. ജില്ലകളിൽനിന്നു ലഭിച്ച പട്ടികകളിൽനിന്നു പുതിയ ഡിസിസി ഭാരവാഹികളെ കണ്ടെത്തേണ്ടതും ഈ സമിതിയുടെ ചുമതലയാണ്. നിലവിലുള്ള ജംബോ സമിതികൾ പൊളിക്കാനാണു തീരുമാനം.

യുഡിഎഫ് ഉന്നതാധികാര സമിതി ചർച്ചയ്ക്ക് 

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്താൻ യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനം. ഘടകകക്ഷികളുമായുള്ള  ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഇത്. സംസ്ഥാന സർക്കാരിന് എതിരെ വിവിധ വിഷയങ്ങളിൽ സമരങ്ങൾ ശക്തമാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. 

English Summary: KPCC reorganization norms for block presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com