ADVERTISEMENT

കോട്ടയം ∙ സമൂഹമാധ്യമത്തിലൂടെ പങ്കാളികളെ കൈമാറ്റം ചെയ്ത കേസിൽ പരാതിക്കാരിയെ വെട്ടിക്കൊന്നെന്നു പൊലീസ് സംശയിക്കുന്ന ഭർത്താവ് വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ മരിച്ചു. 

നെടുമാവ് പുളിമൂട്ടിൽ ഷിനോ മാത്യു (32) ആണു മരിച്ചത്. മെ‍‍ഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലിനാണു മരണം. ശരീരകോശങ്ങളെ നശിപ്പിക്കുന്ന ആണവ വികിരണശേഷിയുള്ള (റേഡിയോ ആക്ടീവ്) പദാർഥം ഉള്ളിൽച്ചെന്നാണു മരണമെന്നാണു ഡോക്ടർമാരുടെ നിഗമനം. പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസിലെ മുഖ്യപ്രതിയാണു ഷിനോ.

മേയ് 19നു രാവിലെയാണു ഷിനോയുടെ ഭാര്യ ജൂബിയെ (28) മണർകാട് മാലത്തെ വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അന്നു വൈകിട്ടാണു വിഷം ഉള്ളിൽച്ചെന്ന നിലയിൽ ഷിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാരും നഴ്സുമാരും പിപിഇ കിറ്റ് ധരിച്ചാണു ഷിനോയെ പരിചരിച്ചിരുന്നത്. റേഡിയേഷൻ ഭീതി ഉണ്ടായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. സംസ്കാരം നടത്തി.

 

കുട്ടികളെ വകവരുത്താനും ഷിനോ ശ്രമിച്ചെന്ന് പൊലീസ്

ഓൺലൈനിലൂടെ വാങ്ങിയ രാസവസ്തു ഉപയോഗിച്ച് ഭാര്യയെയും മക്കളെയും വകവരുത്താനും ഷിനോ ശ്രമിച്ചതായി അന്വേഷണസംഘം പറയുന്നു. ഭാര്യ ജൂബിയുടെ വീട്ടിൽ ഇതിനായി ഷിനോ പോയിരുന്നു. ജൂബി കൊല്ലപ്പെട്ടതിന്റെ തലേദിവസമായിരുന്നു ഇത്.

വീട്ടിലെ ജലസംഭരണയിൽ രാസവസ്തു കലർത്തുകയായിരുന്നു ലക്ഷ്യം. വെള്ളത്തിൽ രാസവസ്തു കലർത്തുന്നതെങ്ങനെ, എത്ര അളവിൽ കലർത്തണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇന്റർനെറ്റിൽ അന്വേഷിച്ചിരുന്നതായി ഫോൺ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്.

രാസവസ്തുവിന് 36,000 രൂപയായിരുന്നു ഒരു ബോട്ടിലിനു വിലയെന്നും 18,000 രൂപ നേരിട്ടും ബാക്കി ഓൺലൈനായുമാണ് അടച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിനോയുടെ ഫോൺ പരിശോധന പൂർത്തിയായി വരികയാണെന്നും പൊലീസ് പറഞ്ഞു.

(പൊതുസുരക്ഷയെക്കരുതി രാസവസ്തുവിന്റെ പേര് ഒഴിവാക്കുന്നു)

 

‘‘ഓൺലൈനിലൂടെയാണു ഷിനോ രാസവസ്തു വാങ്ങിയത്. അതു തന്നെയാണോ കഴിച്ചതെന്നു സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന വേണ്ടിവരും. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരാനുണ്ട്. വാദിയും പ്രതിയും മരണപ്പെട്ടതിനാൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.’’

കെ.കാർത്തിക്, കോട്ടയം ജില്ലാ പൊലീസ് മേധാവി.

 

English Summary: Man who consumed poison soon after wife's murder dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com