ADVERTISEMENT

മൂലമറ്റം ∙ മൂലമറ്റം പവർഹൗസിൽ നിന്ന് ഉപയോഗശേഷം പുറന്തള്ളുന്ന വെള്ളം ഒഴുകിപ്പോകുന്ന കനാലിൽ ഒഴുക്കിൽപെട്ടു 2 പേർ മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (53), സന്തോഷ് ഭവനിൽ സന്തോഷ് (54) എന്നിവരാണു മരിച്ചത്. ത്രിവേണീസംഗമം എന്നറിയപ്പെടുന്ന പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. 

കുട്ടികളുമായി കുളിക്കാനെത്തിയ സഹപാഠികളായ ബിജുവും സന്തോഷും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബിജുവിന്റെ മക്കളായ സഞ്ജു, സച്ചിൻ, സന്തോഷിന്റെ മകൻ അഭിഷേക് എന്നിവർ വെള്ളത്തിലിറങ്ങി. ജലനിരപ്പ് ഉയർന്നതോടെ കുട്ടികൾ മൂവരും ഒഴുക്കിൽപെട്ടു. കുട്ടികളെ രക്ഷിക്കാൻ ബിജുവും സന്തോഷും വെള്ളത്തിലേക്കു ചാടി. പിന്നാലെ ചാടിയ നാട്ടുകാർ കുട്ടികളെ കരയിലെത്തിച്ചെങ്കിലും ബിജുവും സന്തോഷും ചുഴിയിൽപെട്ടു. 

വലിയാറും നച്ചാറും മൂലമറ്റം വൈദ്യുതനിലയത്തിൽനിന്നു പുറന്തള്ളുന്ന വെള്ളവും ഒരുമിക്കുന്ന സ്ഥലമാണു ത്രിവേണീസംഗമം. വൈദ്യുതനിലയത്തിലെ ഉൽപാദനത്തിന്റെ തോതനുസരിച്ചു ജലവിതാനം ഉയരുകയും താഴുകയും ചെയ്യും. ഇന്നലെ ഉച്ചയോടെ വെള്ളം പെട്ടെന്ന് ഉയർന്നതാണ് അപകടത്തിനു കാരണമെന്നാണു നാട്ടുകാർ പറയുന്നത്. 

ബിജുവിന്റെ സംസ്‌കാരം ഇന്നു 3നു സഹോദരൻ അജിയുടെ വീട്ടുവളപ്പിൽ. ഭാര്യ: ജിസ. സന്തോഷിന്റെ സംസ്‌കാരം നാളെ. സന്തോഷിന്റെ ഭാര്യ: ആശ. മകൾ: ദേവപ്രിയ.

English Summary: Two drowned in Moolamattom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com