ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിക്കുമ്പോൾ കോളജുകളും സർവകലാശാലകളും നാഥനില്ലാക്കളരി. ആകെയുള്ള 66 ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒരിടത്തുപോലും സ്ഥിരം പ്രിൻസിപ്പൽ ഇല്ല. 9 സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാരുമില്ല. ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അധ്യയന വർഷം തുടങ്ങുമ്പോഴാണ് ഈ സാഹചര്യം.

ഗവ. കോളജുകളിൽ വർഷങ്ങളായി ഇൻചാർജ് ഭരണമാണ്. 66 കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ, പരാതിക്കാരെ കൂടി ഉൾപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വീണ്ടും സിലക്‌ഷൻ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഇത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കേരള, സാങ്കേതിക, എംജി, മലയാളം, ഫിഷറീസ്, നിയമം, കൃഷി, കലാമണ്ഡലം, കുസാറ്റ് എന്നീ സർവകലാശാലകളിലാണ് സ്ഥിരം വിസിമാർ ഇല്ലാത്തത്. ഈ സർവകലാശാലകളിൽ സമീപകാലത്തെങ്ങും സ്ഥിരം വിസിമാർ വരുന്ന ലക്ഷണമില്ല. സ്ഥിരം വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ നിർദേശിക്കുന്നത് സർക്കാർ തന്നെ വിലക്കിയിരിക്കുകയാണ്.

∙ പകുതി ജില്ലകളിൽ ഡിഡിമാർ ഇല്ല

തിരുവനന്തപുരം ∙ ഡപ്യൂട്ടി ഡയറക്ടർ സ്ഥാനത്തേക്ക് ഉൾപ്പെടെ ഉദ്യോഗസ്ഥർക്കു സമയത്തു സ്ഥാനക്കയറ്റം നൽകാത്തതിനാൽ വിദ്യാഭ്യാസ വകുപ്പിൽ പകുതി ജില്ലകളിൽ ഇന്നു മുതൽ ‘ഇൻചാർജ്’ ഭരണം. ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫിസർ, അസി. പ്രോവിഡന്റ് ഫണ്ട് ഓഫിസർ തുടങ്ങിയ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റവും മുടങ്ങിയിരിക്കുകയാണ്.

പിഎസ്‌സി അംഗം അധ്യക്ഷനായ വകുപ്പുതല സ്ഥാനക്കയറ്റ സമിതി (ഡിപിസി) യോഗം ചേരാത്തതാണു കാരണം. 13ന് ഡിപിസി ചേരാമെന്നാണിപ്പോൾ പിഎസ്‌സി അറിയിച്ചിരിക്കുന്നത്. സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ള പട്ടിക പുറത്തിറങ്ങാൻ വീണ്ടും വൈകും. സ്കൂളുകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല കാര്യങ്ങൾക്കും ‘ഇൻചാർജ്’ ഓഫിസർക്ക് അംഗീകാരം നൽകാനാകില്ല. കഴിഞ്ഞ ദിവസം ലോവർ ഡിപിസി കൂടി. എന്നാൽ ഹയർ ഡിപിസി ചേരാതെ ഇവർക്ക് ഉയർന്ന തസ്തികകളിൽ നിയമനം നൽകാൻ കഴിയില്ല.

∙ ടീച്ചർ ഇല്ല കുട്ടികളേ...

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുമ്പോൾ പൊതുവിദ്യാലയങ്ങളിൽ ആയിരക്കണക്കിന് അധ്യാപകർ കുറവ്. പതിവു പോലെ ദിവസ വേതനത്തിനു താൽക്കാലിക അധ്യാപകരെ നിയമിച്ചു കുറവു പരിഹരിക്കാനാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്നാൽ, സർക്കാർ വേതനം നൽകുന്ന ഈ നിയമനങ്ങൾ നടത്തുന്നതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ല.

ആയിരക്കണക്കിന് ചെറുപ്പക്കാർ പിഎസ്‌സി വഴിയുള്ള നിയമനം കാത്തിരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയം അനുസരിച്ചുള്ള ഒഴിവുകൾ സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് എതിർക്കുകയാണ്. ഇതോടെ ഈ വർഷത്തെ തസ്തിക നിർണയവും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ 3 മാസത്തിനിടെ അയ്യായിരത്തിലേറെ അധ്യാപകർ വിരമിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഈ ഒഴിവുകളുമുണ്ട്.

സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപക ഒഴിവുകൾ സംബന്ധിച്ചോ എത്രത്തോളം താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ടി വരുമെന്നതു സംബന്ധിച്ചോ കൃത്യമായ കണക്കു സർക്കാരിന്റെ കയ്യിലില്ല. എയ്ഡഡ് സ്കൂളുകളിൽ 2018 മുതൽ നിയമനം നേടിയ പതിനൊന്നായിരത്തിലേറെ അധ്യാപകരുടെ അംഗീകാരം ഭിന്നശേഷി സംവരണ പ്രശ്നത്തിൽപെട്ട് അനിശ്ചിതത്വത്തിലുമാണ്.

എൽപി, യുപി സ്കൂൾ അധ്യാപകരുടെ നിയമനത്തിനായുള്ള പിഎസ്‌സിയുടെ ജില്ലാതല റാങ്ക് പട്ടികകൾ നിലവിലുണ്ട്. എന്നാൽ ഹൈസ്കൂൾ അധ്യാപകരുടെ വിഷയം തിരിച്ചുള്ള റാങ്ക് പട്ടികകൾ നിലവിലില്ല. പുതിയ റാങ്ക് പട്ടിക തയാറാക്കാനുള്ള അഭിമുഖം നടക്കുകയാണ്. അതു പൂർത്തിയാകാൻ 3 മാസത്തിലേറെ വേണ്ടി വരും. ഹയർ സെക്കൻഡറിക്കും ഭൂരിഭാഗം വിഷയങ്ങൾക്കും റാങ്ക് പട്ടിക നിലവിലില്ല.

∙ എന്തിനായിരുന്നു തസ്തിക നിർണയം ?

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷം പുതിയ തസ്തിക നിർണയം നടത്തേണ്ടതിനാൽ ഇതുവരെ അംഗീകാരം ലഭിക്കാത്ത കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയവും നിയമന ശുപാർശകളും പാഴാകും. അധ്യയന വർഷത്തിന്റെ അവസാനമാണ് കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം പൂർത്തിയായത്.

2313 സ്കൂളുകളിലായി 6005 പുതിയ തസ്തികകൾ കണ്ടെത്തിയെങ്കിലും കുട്ടികൾ കുറഞ്ഞ് ഡിവിഷനുകൾ ഇല്ലാതായതു മൂലം 4563 തസ്തികകൾ ഒഴിവാക്കി. ഇവ ഒഴികെയുള്ള 1442 തസ്തികകളിലാണ് കഴിഞ്ഞ വർഷം നിയമനം നടത്തേണ്ടിയിരുന്നത്. അതിനു പക്ഷേ ധനവകുപ്പ് അംഗീകാരം നൽകിയിട്ടില്ല. അതിനാൽ കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയ കണക്കുകൾക്കു പ്രസക്തി ഇല്ലാതായി. അതിൽ ഇനി സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്.

English Summary: Colleges and Universities are Lordless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com